ട്രാക്കിലും കുളത്തിലും ഇന്ത്യ
ട്രാക്കിലും കുളത്തിലും ഇന്ത്യ
Wednesday, February 10, 2016 12:02 AM IST
ഗോഹട്ടി: ലോംഗ്ജംപില്‍ മയൂഖ ജോണിയുടെ റിക്കാര്‍ഡ് പ്രകടനം, നീന്തല്‍ക്കുളത്തില്‍ സജന്‍ പ്രകാശിന്റെ ട്രിപ്പിള്‍, സ്വര്‍ണത്തിലേക്ക് അമ്പെയ്ത് ദീപികാ കുമാരിയും സംഘവും... ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കായികമേളയില്‍ അഞ്ചാംദിനം ഇന്ത്യന്‍ കുതിപ്പ് ഹൈസ്പീഡില്‍. ഇന്നലെ മാത്രം ഇന്ത്യയുടെ അക്കൌണ്ടിലെത്തിയത് 23 സ്വര്‍ണമാണ്. 78 സ്വര്‍ണവും 36 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 124 മെഡലുകളുമായി ഇന്ത്യ അതിവേഗം ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 17 സ്വര്‍ണം ഉള്‍പ്പെടെ 87 മെഡലുകള്‍ മാത്രമാണുള്ളത്.

റിക്കാര്‍ഡ് മയൂഖ

ട്രാക്കുണര്‍ന്ന ആദ്യദിനത്തില്‍ താരമായത് മലയാളത്തിന്റെ മുത്ത് മയൂഖ ജോണിയാണ്. ലോംഗ്ജംപില്‍ പത്തുവര്‍ഷം പഴക്കമുള്ള, കേരളത്തിന്റെ സ്വന്തം അഞ്ജു ബോബി ജോര്‍ജിന്റെ പേരിലുള്ള മീറ്റ് റിക്കാര്‍ഡാണ് 6.43 മീറ്റര്‍ ചാടി മയൂഖ തിരുത്തിയത്. 2006ല്‍ കൊളംബോയിലായിരുന്നു അഞ്ജുവിന്റെ പ്രകടനം (6.42).

മികച്ച എതിരാളികളില്ലാതിരുന്നതിനാല്‍ സ്വര്‍ണം ഉറപ്പിച്ചായിരുന്നു മയൂഖയുടെ ചാട്ടം. ആദ്യ ചാന്‍സില്‍ തന്നെ ചാടിയത് 6.34 മീറ്റര്‍. വെള്ളി നേടിയ മറ്റൊരു ഇന്ത്യന്‍ താരമായ ശ്രദ്ധ ശേഖറിന്റെ പ്രകടനം 6.19 മീറ്റര്‍ മാത്രമാണ്. ആദ്യചാട്ടത്തില്‍ തന്നെ സ്വര്‍ണമുറപ്പിച്ചതോടെ റിക്കാര്‍ഡിലേക്കുള്ള കുതിപ്പിലായിരുന്നു ഈ കോഴിക്കോട്ടുകാരി. അവസാനചാട്ടത്തില്‍ അഞ്ജുവിന്റെ റിക്കാര്‍ഡും പഴങ്കഥയായി.

വനിതകളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയുടെ കീശയിലായി. ജൂണിയര്‍ മന്‍പ്രീത് കൌറിനെ പിന്നിലാക്കി സീനിയര്‍ മന്‍പ്രീത് കൌര്‍ സ്വര്‍ണം എറിഞ്ഞിട്ടു. 17.94 മീറ്ററാണ് സീനിയര്‍ കൌറിന്റെ പ്രകടനം. ജൂണിയറിനാകട്ടെ 15.94 മീറ്റര്‍ എറിയാനേ ആയുള്ളൂ.

സ്വര്‍ണക്കുളം

കേരളത്തിന്റെ സുവര്‍ണമത്സ്യം സജന്‍ പ്രകാശ് നീന്തല്‍ക്കുളത്തിലെ മിന്നുംപ്രകടനം അഞ്ചാംദിനവും ആവര്‍ത്തിച്ചു. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തിലാണ് മീറ്റ് റിക്കാര്‍ഡോടെ സജന്‍ തന്റെ മൂന്നാം സ്വര്‍ണം നീന്തിയെടുത്തത്. ശ്രീലങ്കയുടെ ചെരന്ത ഡിസില്‍വയുടെ കനത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു 2:03.02 മിനിറ്റില്‍ സജന്റെ പ്രകടനം. തൊട്ടുപിന്നാലെ മത്സരിക്കാനിറങ്ങിയ 400 മീറ്റര്‍ ഫ്രീസ്റൈലില്‍ പക്ഷേ വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

ദേശീയ ഗെയിംസില്‍ മെഡല്‍വേട്ട നടത്തിയ ഈ മലയാളി താരം അന്തര്‍ദേശീയ മത്സരങ്ങള്‍ക്കു പ്രാപ്തനാണെന്നു തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സജന്‍ കഴിഞ്ഞദിവസം 1500 മീറ്റര്‍ ഫ്രീസ്റൈല്‍ വിഭാഗത്തിലും സ്വര്‍ണം നേടിയിരുന്നു. 50 മീറ്റര്‍ ബാക്സ്ട്രോക്കില്‍ സ്വര്‍ണം നേടിയ പി.എസ്. മധുവും ഇരട്ടസ്വര്‍ണത്തിന് അവകാശിയായി. ഇന്ത്യയുടെതന്നെ എം. അരവിന്ദിന്റെ (27.18) വെല്ലുവിളി അതിജീവിച്ചാണ് മധുവിന്റെ (26.86) നേട്ടം. ശ്രീലങ്കയുടെ മാത്യുപ അഭയസിങ്കെയ്ക്കാണ് വെങ്കലം.

ഇന്നലെമാത്രം ഏഴു സ്വര്‍ണമാണ് നീന്തല്‍ക്കുളത്തില്‍നിന്ന് ഇന്ത്യന്‍ അക്കൌണ്ടിലെത്തിയത്. വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ ദമിനി ഗൌഡ (2:21.12) രാജ്യത്തിനായി കന്നിസ്വര്‍ണം നീന്തിയെടുത്തു. 400 മീറ്ററില്‍ മലയാളി വേരുകളുള്ള വി. മാളവിക (4:30.08) മീറ്റ് റിക്കാര്‍ഡോടെ രണ്ടാം സ്വര്‍ണത്തിന് അവകാശിയായി. സൌരവ് സംഗ്വേക്കറും (400 മീറ്റര്‍ ഫ്രീസ്റൈല്‍) ഇന്നലെ ഇരട്ട സ്വര്‍ണം നേടിയവരില്‍പ്പെടുന്നു.


തൂത്തുവാരി വെയ്റ്റ്ലിഫ്റ്റിംഗ്

വെയ്റ്റ്ലിഫ്റ്റിംഗ് മത്സരങ്ങളില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. 12 സ്വര്‍ണമാണ് പുരുഷ, വനിതാ താരങ്ങള്‍ ഇന്ത്യക്കു സമ്മാനിച്ചത്. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ മികച്ച പ്രകടനമാണിത്. മൊത്തം 15 ഇനങ്ങളുള്ളതില്‍ പുരുഷന്മാര്‍ ആറു സ്വര്‍ണവും ഒരു വെള്ളിയും നേടി കരുത്തുകാട്ടി. വനിതകള്‍ ഏഴിനങ്ങളില്‍ ആറിലും സ്വര്‍ണമണിഞ്ഞു. വനിതാ വിഭാഗം 75 കിലോഗ്രാം വിഭാഗത്തില്‍ സുശീല പന്‍വാര്‍ നേടിയ സ്വര്‍ണമാണ് ഭാരോദ്വഹനത്തില്‍ നേടിയത്. ശ്രീലങ്കയുടെ അനുഷ്ക കലുവിതരണയ്ക്കാണ് വെള്ളി. പുരുഷ വിഭാഗം 105 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി പാക്കിസ്ഥാന്റെ മുഹമ്മദ് നൂഹ് ദസ്തിഗര്‍ കനകമുയര്‍ത്തി. ഇന്ത്യന്‍ താരം ഗുര്‍ദീപ് സിംഗിനു വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നില്‍ രണ്ടാംസ്ഥാനത്തിനുവേണ്ടി മാത്രമാണ് എതിരാളികള്‍ മത്സരിച്ചത്. ആകെയുള്ള അഞ്ചു സ്വര്‍ണവും ഇന്ത്യക്കുതന്നെ. ഇന്നലെ നടന്ന വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി നാലാം സ്വര്‍ണം നേടി. സൂപ്പര്‍ താരം ദീപികാകുമാരി, ബോംബ്യാലദേവി, ലക്ഷ്മിറാണി മജ്ഹി സഖ്യമുള്‍പ്പെട്ടതായിരുന്നു ടീം. പുരുഷവിഭാഗത്തിലും ഇന്ത്യക്കു പിന്നില്‍ വെള്ളിയിലൊതുങ്ങാനായിരുന്നു മരതകദ്വീപുകാരുടെ വിധി. ജയന്ത തലുക്ദാര്‍, തരുണ്‍ദീപ് രാജ്, ഗുരുചരണ്‍ ബെസ്റ എന്നിവരുള്‍പ്പെട്ട ടീമിനു വെല്ലുവിളിയുയര്‍ത്താന്‍ ലങ്കയ്ക്കായില്ല.

വോളിയില്‍ ഇരട്ടസ്വര്‍ണം

വോളിവോളില്‍ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ഇരട്ട സ്വര്‍ണം നേടി. വനിതാ വിഭാഗത്തില്‍ ദുര്‍ബലരായ ലങ്കയ്ക്കെതിരേ ആദ്യ മൂന്നു സെറ്റുകളും അനായാസം ജയിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. സ്കോര്‍: 25-14, 25-21, 25-14. രണ്ടാം സെറ്റില്‍ മാത്രമാണ് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ലങ്കയ്ക്കായത്. വെങ്കല പോരാട്ടത്തില്‍ മാലദ്വീപിനെ 25-17, 25-19, 25-13നു പാക്കിസ്ഥാന്‍ മറികടന്നു.

രാത്രി നടന്ന പുരുഷ വിഭാഗം ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. സ്കോര്‍: 25-19, 25-22, 28-26.

അത്ലറ്റിക്സില്‍ ഇന്നത്തെ ഫൈനലുകള്‍

പുരുഷന്മാര്‍

ലോംഗ്ജംപ്
പോള്‍വോള്‍ട്ട്
ജാവലിന്‍ ത്രോ
ഹര്‍ഡില്‍സ്
ഡിസ്കസ് ത്രോ
400 മീറ്റര്‍4*100 റിലേ

വനിതകള്‍

ഹൈജംപ്
100 മീറ്റര്‍ ഹര്‍ഡില്‍സ്
ട്രിപ്പിള്‍ ജംപ്
400 മീറ്റര്‍4*100 റിലേ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.