റുമേനിയയില്‍ വെള്ളക്കാരുടെ പടയോട്ടം
റുമേനിയയില്‍ വെള്ളക്കാരുടെ പടയോട്ടം
Wednesday, February 10, 2016 12:08 AM IST
ബിജോയ് ജോസഫ്

കോഴിക്കോട്: അവസരങ്ങള്‍ പാഴാക്കുന്നതില്‍ റുമേനിയന്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ നാഗ്ജി രാജ്യാന്തര ക്ളബ് ഫുട്ബോളിന്റെ അഞ്ചാം മത്സരത്തില്‍ ഇംഗ്ളീഷ് ടീം വാറ്റ്ഫോര്‍ഡ് എഫ്സിക്കു തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ളീഷ് നിര റാപ്പിഡ് ബുക്കാറസ്റിനെ കീഴടക്കിയത്. 23-ാം മിനിറ്റില്‍ അലക്സ് ജാക്കുബിയക്കും 57-ാം മിനിറ്റില്‍ ബര്‍ണാഡ് മെന്‍ഷയുമാണ് വല കുലുക്കിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ റുമേനിയയുടെ മുന്നേറ്റമായിരിന്നു. കളിയുടെ എട്ടാം മിനിറ്റില്‍ റാപിഡിന് ലഭിച്ച മത്സരത്തിലെ ആദ്യ കോര്‍ണര്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്. 14-ാം മിനിട്ടില്‍ റാപ്പിഡിന്റെ ട്രാന്‍ഡു റസ്വാന്റെ ഒന്നാന്തരം ലോംഗ് ഷോട്ടും പാഴായി. 18-ാം മിനിറ്റില്‍ റാപിഡിന് ലഭിച്ച മൂന്ന് മികച്ച അവസരങ്ങള്‍ വാറ്റ്ഫോഡ് ഗോളി ലൂക്ക് സിംപ്സണ്‍ നിഷ്പ്രഭമാക്കി.

ഇരുപത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്നാണ് വാറ്റ്ഫോര്‍ഡ് ആദ്യ ഗോള്‍ നേടിയത്. കിക്കെടുത്ത ജോര്‍ജ് ബയസില്‍ നിന്ന് പന്ത് ബര്‍ണാഡ് മെന്‍ഷെയുടെ നേര്‍ക്ക്. ഉയര്‍ന്നുചാടിയ ബര്‍ണാഡിന്റെ തകര്‍പ്പന്‍ ഹെഡര്‍ റാപിഡ് ബുക്കാറസ്റിന്റെ ഗോളി ബൊട്ടാസ് പോള്‍ ആയാസപ്പെട്ട് തട്ടിയകറ്റി. ബോക്സിനകത്തുതന്നെ വീണ പന്ത് റാപിഡ് താരം റോബെസ്റ്റേ കൊളോമറിന്റെ ദേഹത്ത് തട്ടി അലക്സ് ജാക്കുബിയക്കിന്റെ കാലുകളിലേക്ക്. പന്തിനെ വലയിലാക്കുന്ന ജോലിമാത്രമേ ജാക്കുബിയക്കിനുണ്ടായിരുന്നുള്ളൂ.

ഗോള്‍ വീണതിന്റെ തൊട്ടടുത്ത മിനിറ്റിലും വാറ്റ്ഫോര്‍ഡിന്റെ മുന്നേറ്റം റാപിഡ് നിരയെ വിറപ്പിച്ചു. ഇടതുവിംഗിലൂടെ ബെര്‍ണാഡ് മെന്‍ഷയും വലതുവിംഗിലൂടെ ജോര്‍ജ് ബയസും നടത്തിയ നീക്കങ്ങള്‍ പലതവണ ഗോളിന്റെ വക്കത്ത് വരെയെത്തി. ഗോള്‍ വഴങ്ങിയതോടെ പ്രതിരോധത്തിലൂന്നി കളിച്ച റാപിഡ് ഇതിനിടെ നടത്തിയ പ്രത്യാക്രമണങ്ങളും മത്സരത്തിന് ആവേശം പകര്‍ന്നു. ആദ്യപകുതിയുടെ അധികസമയത്ത് റാപിഡിന് സമനില ഗോളിനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും വാറ്റ്ഫോര്‍ഡ് ഗോളി രക്ഷകനായി. ട്രാന്‍ഡു റസ്വാന്‍ എടുത്ത ഫ്രീക്വിക്ക് മാര്‍ട്ടിന്‍ മാഡാലിന്‍ പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും ലൂക്ക് തട്ടിയകറ്റി.


കൂടുതല്‍ കരുത്തോടെയാണ് രണ്ടാം പകുതിയില്‍ ഇരുടീമും കളത്തിലിറങ്ങിയത്. റാപിഡ് താരങ്ങള്‍ സമനില ഗോളിനായി കിണഞ്ഞ് ശ്രമിച്ചതോടെ വാറ്റ്ഫോര്‍ഡ് ഗോള്‍മുഖം നിരന്തരം ആക്രമിക്കപ്പെട്ടു. അമ്പതാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിലൂടെ ലഭിച്ച സുവര്‍ണാവസരം പോപ യൂലിയന് മുതലാക്കാനായില്ല. രണ്ടാം പകുതി തുടങ്ങി ഒന്‍പത് മിനിറ്റ് പിന്നിട്ടപ്പോള്‍ വാറ്റ്ഫോര്‍ഡിന്റെ രണ്ടാം ഗോളും വന്നു. കോര്‍ണര്‍ കിക്കിലൂടെ തന്നെയാണ് ഈ ഗോളും പിറന്നത്. പതിവുപോലെ ജോര്‍ജ് ബയസ് തന്നെയാണ് കിക്കെടുത്തത്. ഉയര്‍ന്ന് പൊങ്ങിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ബെര്‍ണാഡ് മെന്‍ഷ കണക്ട് ചെയ്തു. മുന്നിലുണ്ടായിരുന്ന പ്രതിരോധ നിരക്കാരനെ മറികടന്ന് മെന്‍ഷ വലകുലുക്കുമ്പോള്‍ റാപിഡ് ഗോളി ബൊട്ടസ് പോളിന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. റാപിഡിന്റെ സൂപ്പര്‍ താരം മാര്‍ട്ടിന്‍ മാഡലിന്‍ ടൂര്‍ണമെന്റിലെ ആദ്യ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. വാറ്റ്ഫോര്‍ഡ് താരം സീന്‍ മുറായെ മൈതാനമധ്യത്ത് ചവിട്ടിവീഴ്ത്തിയതിനായിരുന്നു മാഡലിന് ചുവപ്പ് കാര്‍ഡ്. 10 പേരായി ചുരുങ്ങിയെങ്കിലും മുന്നേറ്റത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റാപിഡ് കളിച്ചത്. 75-ാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം റോബസ്റ്റേ കൊളോമറും പാഴാക്കി. കോര്‍ണര്‍ കിക്കിലൂടെ തലയ്ക്ക് പാകത്തിന് വന്ന പന്ത് കോളമര്‍ ഹെഡറിനു ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

77, 79 മിനിറ്റുകളില്‍ വാറ്റ്ഫോര്‍ഡ് നടത്തിയ മുന്നേറ്റങ്ങള്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. മൈതാന മധ്യത്തില്‍ നിന്ന് വലതു വിംഗിലൂടെ നിരന്തരം പന്തെത്തിച്ചു നല്‍കിയ ആഷ്ലി ചാള്‍സും മൈക്കില്‍ ഫോള്‍വിയും അലക്സ് ജാക്കുബിയക്കും ചേര്‍ന്നു നടത്തിയ മുന്നേറ്റങ്ങള്‍ പക്ഷേ ഗോളായി മാറിയില്ല.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ഐറിഷ് ടീമായ ഷംറോക്ക് റോവേഴ്സ് ജര്‍മനിയുടെ ടിഎസ്വി മ്യൂണിക്കിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.