മയൂഖയ്ക്കു ഡബിള്‍, ഗോപിക്കു സ്വര്‍ണച്ചിരി
മയൂഖയ്ക്കു ഡബിള്‍, ഗോപിക്കു സ്വര്‍ണച്ചിരി
Thursday, February 11, 2016 11:26 PM IST
ഗോഹട്ടി: ദക്ഷിണേഷ്യന്‍ അത്ലറ്റിക്സില്‍ വീണ്ടും മലയാളിച്ചന്തം. മയൂഖയുടെ ഇരട്ടസ്വര്‍ണവും ഗോപിയുടെ സ്വര്‍ണവും പ്രജുഷ, കുഞ്ഞുമുഹമ്മദ് എന്നിവര്‍ സമ്മാനിച്ച വെള്ളിയും മിന്നിത്തിളങ്ങിയ ദിവസം ഇന്ത്യയുടെ മെഡല്‍ വേട്ട നൂറും കടന്നു മുന്നേറി. ലോംഗ് ജംപില്‍ സ്വര്‍ണം നേടിയതിന്റെ പിറ്റേദിവസം നടന്ന ട്രിപ്പിള്‍ ജംപില്‍ മയൂഖയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ കൂട്ടുകാരിയായ എം.എ. പ്രജുഷയുത ശ്രീലങ്കയുടെ വിദുഷ ലക്ഷണിയുമാണുണ്ടായിരുന്നത്.

എന്നാല്‍, മയൂഖയുടെ കുതിപ്പിനു തടയിടാന്‍ ഇരുവര്‍ക്കുമായില്ല. തുടക്കം മുതല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ മയൂഖ അഞ്ചാമത്തെ ചാട്ടത്തിലാണ് സ്വര്‍ണം ഉറപ്പിച്ച 13.85 മീറ്റര്‍ കണ്െടത്തിയത്. വിദുഷ 13.18 മീറ്ററും പ്രജുഷ 12.59 മീറ്ററും കണ്െടത്തി. ഇന്നലെ ട്രാക്കില്‍ വിരിഞ്ഞ കേരളത്തിന്റെ മറ്റൊരു സ്വര്‍ണം ടി. ഗോപി വകയായിരുന്നു. പുരുഷന്മാരുടെ 10000 മീറ്ററില്‍ ഇന്ത്യയുടെതന്നെ സുരേഷ്കുമാറിനെ(29:20.49) പിന്തള്ളിയാണ് ഗോപി (29:10.53) സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ നാനൂറു മീറ്ററില്‍ പ്രതീക്ഷിച്ചപോലെ ഇന്ത്യ ആദ്യ രണ്ടു മെഡലും സ്വന്തമാക്കി. തമിഴ്നാട്ടില്‍നിന്നുള്ള ആരോക്യ രാജീവ് സ്വര്‍ണം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് മലയാളി താരം കുഞ്ഞുമുഹമ്മദാണ്. 46.23 സെക്കന്‍ഡില്‍ ആരോക്യ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കുഞ്ഞി 46.73 സെക്കന്‍ഡ്കൊണ്ട് ഫിനിഷിംഗ് ലൈനില്‍തൊട്ടു. ഇരുവരും മലയാളി പരിശീലകന്‍ കുഞ്ഞുമുഹമ്മദിന്റെ ശിഷ്യരാണ്. ആര്‍മി ഉദ്യോഗസ്ഥരാണ് ഇരുവരും. ശ്രീലങ്കയുടെ ദിലീപ് റുവാനാണ് വെങ്കലം.

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്കാണ്. ഗായത്രി (13. 83 സെക്കന്‍ഡ്) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ മലയാളി താരം കെ.വി. സജിത വെള്ളിമെഡലണിഞ്ഞു.

വനിതകളുടെ നാനൂറു മീറ്ററിലും പ്രതീക്ഷയ്ക്കു വിരുദ്ധമായി ഒന്നും സംഭവിച്ചില്ല. എം.ആര്‍. പൂവമ്മ ഇന്ത്യയെ പൊന്നണിയിച്ചു. ശ്രീലങ്കയുടെ രസനായകെയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പൂവമ്മ പൊന്നില്‍ തൊട്ടത്. സമയം54.1. അതേസമയം, ഈയിനത്തില്‍ മത്സരിച്ച പ്രിയങ്ക പന്‍വാറിന് നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

വനിതകളുടെ ഹൈജംപില്‍ 1.78 മീറ്റര്‍ കണ്െടത്തിയ ഇന്ത്യയുടെ സഹനകുമാരി സ്വര്‍ണം നേടി. ഇന്ത്യയുടെ സ്വപ്ന ബര്‍മന് വെങ്കലമാണ് ലഭിച്ചത്. പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ വികാസ് ഗൌഡയുടെ അഭാവത്തില്‍ അര്‍ജുന്‍ ആയിരുന്നു. ശ്രദ്ധാകേന്ദ്രം. അദ്ദേഹം സ്വര്‍ണം സ്വന്തമാക്കുകയും ചെയ്തു. 57.21 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് പായിച്ചാണ് അര്‍ജുന്‍ സ്വര്‍ണം നേടിയത്. കൃപാല്‍ സിംഗിനാണ്(56.59) വെള്ളി. അതേസമയം പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ ഇന്ത്യക്കു വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ശ്രീലങ്കയുടെ സന്ദാറുവാന്‍(4.90 മീറ്റര്‍) സ്വര്‍ണം നേടിയപ്പോള്‍ സോനു സൈനിക്കു (4.80) വെള്ളി ലഭിച്ചു. പുരുഷന്മാരുടെ ലോംഗ്ജംപിലും ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടമാണ് ദൃശ്യമായത്. മഹാരാഷ്ട്രയില്‍നിന്നുള്ള അങ്കിത് ശര്‍മ(7.89) സ്വര്‍ണം നേടി. വെള്ളി മലയാളികള്‍ക്കും സുപരിചിതനായ പ്രേംകുമാറിനാണ്; 7.62 മീറ്റര്‍.

പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണവും വെള്ളിയും ഇന്ത്യക്കാണ്. ജെ. സുരേന്ദര്‍(14.13 സെക്കന്‍ഡ്), കെ. പ്രേംകുമാര്‍ എന്നിവരാണ് ഇന്ത്യക്കായി യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കു വെള്ളിയാണ് ലഭിച്ചത്. മലയാളി താരം എസ്. സിനി, ശ്രബാനി നന്ദ, ദ്യുതി ചന്ദ്, ഹേമശ്രീ റോയി എന്നിവരുടെ സംഘമാണ് ശ്രീലങ്കന്‍ ടീമിനു പിന്നിലായത്. പുരുഷന്മാരുടെ വിഭാഗത്തിലും ശ്രീലങ്കയ്ക്കാണു സ്വര്‍ണം. ഇന്ത്യക്കു മൂന്നാം സ്ഥാനമാണു ലഭിച്ചത്.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയിന്‍ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ നീരജ് കുമാര്‍ സ്വര്‍ണം നേടി. 82.33 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ നീരജ് പുതിയ മീറ്റ് റിക്കാര്‍ഡും സ്ഥാപിച്ചു.

ഷൂട്ടിംഗില്‍ സമ്പൂര്‍ണം

ഗോഹട്ടി: ഷൂട്ടിംഗിന്റെ ആദ്യദിനം തന്നെ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. വനിതകളുടെ 10 മീറ്റര്‍ റൈഫില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ഇന്ത്യക്കാണു സ്വര്‍ണം. ഇതിനോടകം ഒളിമ്പിക്സിനു യോഗ്യത നേടിയ അപൂര്‍വി ചന്ദേലയും മലയാളി താരം എലിസബത്ത് സൂസന്‍ കോശിയും പൂജഗദ്ക്കറും അടങ്ങിയ ടീമിനാണ് സ്വര്‍ണം. 1248.5 പോയിന്റ് മൂവരും ചേര്‍ന്നു വെടിവച്ചിട്ടു. ചന്ദേല, 419.8 പോയിന്റ് നേടിയപ്പോള്‍ പൂജ 414.7 പോയിന്റും എലിസബത്ത് 411 പോയിന്റും നേടി. ശ്രീലങ്കയ്ക്കാണു വെള്ളി.

10 മീറ്റര്‍ റൈഫില്‍ വ്യക്തിഗത ഇനത്തില്‍ 209 പോയിന്റ് നേടി അപൂര്‍വി ചന്ദേല സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ മലയാളികളുടെ അഭിമാനം എലിസബത്ത് സൂസന്‍ കോശി 207.1 പോയിന്റുമായി വെള്ളിയില്‍ തൊട്ടു. തൊടുപുഴ സ്വദേശിനിയാണ് എലിസബത്ത്. വെങ്കലം ഇന്ത്യയുടെ പൂജ ഗദ്ക്കറിനാണ്.


അതേസമയം, പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ ഓംപ്രകാശിനു വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ബംഗ്ളാദേശിന്റെ അഹമ്മദ് സാക്കിലിനാണ്(187.6) സ്വര്‍ണം. ഓംപ്രകാശിന് 187.5 പോയിന്റാണു ലഭിച്ചത്. എന്നാല്‍, ടീമിനത്തില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. ഓംപ്രകാശ്, പി.എന്‍. പ്രകാശ്, ഓംകാര്‍ പ്രകാശ് സഖ്യം 187.6 പോയിന്റോടെ സ്വര്‍ണം നേടി. പാക്കിസ്ഥാനാണു വെള്ളി.

ഇന്ത്യക്ക് ആയിരം സ്വര്‍ണം!

ദക്ഷിണേഷ്യന്‍ ഗെയിംസില്‍(മുമ്പ് സാഫ് ഗെയിംസ്) ഇന്ത്യയുടെ സ്വര്‍ണംനേട്ടം ആയിരവും കടന്നു. ഗോഹട്ടിയില്‍ നടക്കുന്ന 12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 93 സ്വര്‍ണം നേടിയപ്പോഴാണ് ഇന്ത്യയുടെ ആകെ സ്വര്‍ണവേട്ട ആയിരത്തിലെത്തിയത്. ഗോഹട്ടി ഗെയിംസ് തുടങ്ങുംമുമ്പ് ഇന്ത്യയുടെ സ്വര്‍ണവേട്ട 11 എഡിഷനുകളില്‍നിന്നായി 907 ആയിരുന്നു. കൂടാതെ 545 വെള്ളിയും 287 വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.

ഇവിടെ ഗെയിംസ് അഞ്ചു ദിനം പിന്നിടുമ്പോള്‍ 117 സ്വര്‍ണവും 61 വെള്ളിയും 16 വെങ്കലവുമടക്കം 194 മെഡലുകള്‍ നേടി ഇന്ത്യ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 24 സ്വര്‍ണവും 46 വെള്ളിയും 63 വെങ്കലവുമാണുള്ളത്. ഏഴു സ്വര്‍ണമുള്ള പാക്കിസ്ഥാന്‍ മൂന്നാമതാണ്.

ഫുട്ബോള്‍: ഇന്ത്യ സെമിയില്‍

ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ മാലദ്വീപിനെ 3-2ന് കീഴടക്കി ഇന്ത്യയുടെ അണ്ടര്‍-23 ടീം സെമിയിലെത്തി. വാശിയേറിയ പോരാട്ടത്തില്‍ ഉദാത സിംഗിന്റെ ഇരട്ടഗോളുകളാണ് മത്സരത്തിലെ പ്രത്യേകത. പ്രീതം കോട്ടാലിന്റെ ബൂട്ടില്‍നിന്നാണ് മറ്റൊരു ഗോള്‍. രണ്ടു തവണ മുന്നിലെത്തിയശേഷം ഒപ്പമെത്തിയ മാലദ്വീപ് മികച്ച കളിയാണ് പുറത്തെടുത്തത്. വനിതാ വിഭാഗത്തില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 5-1ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍.

അമ്പെയ്ത്തില്‍ ക്ളീന്‍ സ്വീപ്പ്

ഷില്ലോംഗ്: അമ്പെയ്ത്ത് കോമ്പൌണ്ട് ഇനത്തിലെ സമ്പൂര്‍ണ ആധിപത്യത്തിനു ശേഷം റീക്കര്‍വ് ഇനങ്ങളിലും ഇന്ത്യക്ക് ക്ളീന്‍ സ്വീപ്പ്. അഞ്ചിനങ്ങളില്‍ അഞ്ചിലും ഇന്ത്യക്കാണു സ്വര്‍ണം. കൂടാതെ രണ്ടു വെള്ളിയും ഈയിനത്തില്‍ ഇന്ത്യക്കു ലഭിച്ചു. വനിതകളുടെ റീക്കര്‍വില്‍ സൂപ്പര്‍ താരം ദീപിക കുമാരിക്കാണു സ്വര്‍ണം. ഇന്ത്യയുടെ തന്നെ എല്‍. ബൊമ്പെയ്ലാ ദേവിലെ 6-4നു പരാജയപ്പെടുത്തി. പുരുഷന്മാരുടെ റീക്കതര്‍വില്‍ പ്രതീക്ഷിച്ചപോലെ തരുണ്‍ദീപ് റായി സ്വര്‍ണം നേടിയപ്പോള്‍ വെള്ളി ഇന്ത്യയുടെ തന്നെ ഗുരുചരണ്‍ ബസ്രയ്ക്കാണ്. 6-2നായിരുന്നു തരുണ്‍ദീപിന്റെ വിജയം. റീക്കര്‍വ് മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി, തരുണ്‍ദീപ് റായി സഖ്യം ബംഗ്ളാദേശിന്റെ ബ്യൂട്ടി റേ- സോജെബ് ഷെയ്ക് സഖ്യത്തെ പരാജയപ്പെടുത്തി പൊന്നണിഞ്ഞു. പുരുഷന്മാരുടെ ടീം ഇനത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ്, ഗുരുചരണ്‍ ബസ്ര, ജയന്ത തലൂക്ദര്‍ എന്നിവരുടെ ടീം ശ്രീലങ്കയെ പരാജയപ്പെടുത്തി. വനിതകളുടെ ടീം ഇനത്തിലും ഇന്ത്യക്കാണു സ്വര്‍ണം. അമ്പെയ്ത്തില്‍ ആകെയുള്ള 10 ഇനങ്ങളില്‍ 10ലും സ്വര്‍ണം നേടിയ ഇന്ത്യക്ക് നാലു വെള്ളിയും ലഭിച്ചു.

മണിക് ബത്രയ്ക്ക് ഹാട്രിക് സ്വര്‍ണം

ഷില്ലോംഗ്: ടേബിള്‍ ടെന്നീസിലെ ഇന്ത്യയുടെ യുവ വനിത താരം മണിക ബത്രെയ്ക്ക് സൌത്ത് ഏഷ്യന്‍ ഗെയിസില്‍ ട്രിപ്പിള്‍ സ്വര്‍ണം. സിംഗിള്‍സിലും മിക്സഡ് ഡബിള്‍സിലും നേരത്തെ സ്വര്‍ണം നേടിയ മണിക ഡബിള്‍സിലും സ്വര്‍ണം സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ആന്റണി അമല്‍ രാജ് സിംഗിള്‍സില്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഫൈനലില്‍ വിജയിച്ചാല്‍ അമല്‍ രാജും സ്വര്‍ണക്കൊയ്ത്തില്‍ ഹാട്രിക് തികയ്ക്കും.

മെഡല്‍നില

ഇന്ത്യ 117-61-16-194
ശ്രീലങ്ക 24-46-63-133
പാക്കിസ്ഥാന്‍ 7-20-32-59
ബംഗ്ളാദേശ് 3-10-40-53
നേപ്പാള്‍ 1-12-19-32
അഫ്ഗാനിസ്ഥാന്‍ 1-3-11-15
ഭൂട്ടാന്‍ 0-1-4-5
മാലദ്വീപ് 0-1-1-2


അത്ലറ്റിക്സില്‍ ഇന്ന് ഒമ്പത് ഫൈനലുകള്‍

400 മീറ്റര്‍ ഹര്‍ഡില്‍സ്(പുരുഷന്മാര്‍)
ഷോട്ട്പുട്ട്(പുരുഷന്മാര്‍)
ട്രിപ്പിള്‍ ജംപ്(പുരുഷന്മാര്‍)
400 മീറ്റര്‍ ഹര്‍ഡില്‍സ്(വനിതകള്‍
1500 മീറ്റര്‍(വനിതകള്‍)
1500 മീറ്റര്‍(പുരുഷന്മാര്‍)
10000 മീറ്റര്‍(വനിതകള്‍)
4-400 മീറ്റര്‍ റിലേ(പുരുഷന്മാര്‍)
4-400 മീറ്റര്‍ റിലേ (വനിതകള്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.