കിരീടം ഉറപ്പിച്ച് ഇന്ത്യ
കിരീടം ഉറപ്പിച്ച് ഇന്ത്യ
Friday, February 12, 2016 11:05 PM IST
ഗോഹട്ടി: വെടിവച്ചും ഓടിയും ചാടിയുമൊക്കെ ഗോഹട്ടിയിലും ഷില്ലോംഗിലുമായി തകര്‍ത്തു പോരാടുന്ന ഇന്ത്യ സൌത്ത് ഏഷ്യന്‍ ഗെയിംസില്‍ കിരീടമുറപ്പിച്ചു. ഗെയിംസ് ആറു ദിനം പിന്നിടുമ്പോള്‍ 139 സ്വര്‍ണവും 78 വെള്ളിയും 20 വെങ്കലവുമടക്കം 237 മെഡലുകളുമായി ഇന്ത്യ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുളള്ള ശ്രീലങ്കയ്ക്ക് 25 സ്വര്‍ണവും 50 വെള്ളിയും 76 വെങ്കലവുമടക്കം 151 മെഡലുകളുണ്ട്്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ പാക്കിസ്ഥാന് ഇത്തവണ ഏഴു സ്വര്‍ണവും 22 വെള്ളിയും 43 വെങ്കലവുമടക്കം 72 മെഡലുകള്‍ മാത്രമാണുള്ളത്.

അത്ലറ്റിക്സിലും ഷൂട്ടിംഗിലുമായിരുന്നു ഇന്നലെ ഇന്ത്യ മെഡലുകള്‍ തൂത്തുവാരിയത്. അത്ലറ്റിക്സിലെ മെഡല്‍ വേട്ടയില്‍ മലയാളികളുടെ സംഭാവനയും ചെറുതല്ല. ട്രിപ്പിള്‍ ജംപില്‍ ഒളിമ്പ്യന്‍ രഞ്ജിത് മഹേശ്വരി പുതിയ മീറ്റ് റിക്കാര്‍ഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. 16.45 മീറ്റര്‍ കണ്െടത്തിയ രഞ്ജിത് മികച്ച ഫോമിലാണെന്നു തെളിയിച്ചു. രണ്ടാമത്തെ ചാട്ടത്തിലായിരുന്നു രഞ്ജിത് 16.45 മീറ്റര്‍ ദൂരം ചാടിയത്. 15.89 മീറ്റര്‍ ചാടിയ ഇന്ത്യയുടെ തന്നെ ജെ. സുരേന്ദറിനാണ് വെള്ളി. വനിതകളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ അഭിമാനതാരം പി.യു. ചിത്ര സ്വര്‍ണം നേടിക്കൊണ്ട് പുതിയ ചരിത്രം രചിച്ചു. സീനിയര്‍ തലത്തില്‍ പി.യു. ചിത്രയുടെ ആദ്യ അന്താരാഷ്്ട്ര മെഡലാണിത്. സമയം: 4:25.59. ശ്രീലങ്കയുടെ ടി. അഭയരത്നെയ്ക്കാണ്(4:25.70) വെള്ളി. സ്കൂള്‍ മീറ്റുകളിലൂടെ ഉയര്‍ന്നുവന്ന ചിത്ര ഭാവി ഇന്ത്യയുടെ മികച്ച വാഗ്ദാനമാണെന്നു തെളിയിച്ചുകഴിഞ്ഞു. എന്നാല്‍, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളം പ്രതീക്ഷിച്ച സ്വര്‍ണം ലഭിച്ചില്ല. ഇന്ത്യക്കു വേണ്ടിയിറങ്ങിയ ജിതിന്‍ പോളിന് രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സ്വര്‍ണം ഇന്ത്യയുടെ തന്നെ എ. ധരുണിനാണ്. സമയം: 50.54 സെക്കന്‍ഡ്. 50.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജിതിനു നിര്‍ഭാഗ്യംകൊണ്ടാണ് സ്വര്‍ണം നഷ്ടമായത്.

പുരുഷന്മാരുടെയും വനിതകളുടെയും 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കാണു സ്വര്‍ണം. ജുവാന മുര്‍മു, അശ്വിനി അക്കുഞ്ജി, മലയാളി താരം സിനി ജോസ്, എം.ആര്‍. പൂവമ്മ എന്നിവരടങ്ങിയ സംഘത്തിനാണു സ്വര്‍ണം ലഭിച്ചത്. സമയം: 3:35.44. പുരുഷന്മാരുടെ റിലേയില്‍ മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, ആരോക്യ രാജീവ്, എ.ധരുണ്‍ എന്നിവരുടെ സംഘമാണ് സ്വര്‍ണത്തില്‍ തൊട്ടത്.

വനിതകളുടെ ജാവലിനില്‍ ഇന്ത്യയുടെസുമന്‍ ദേവി(59.45) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ തന്നെ അന്നു റാണിക്കാണു വെള്ളി. ഇന്ദര്‍ജിത് സിംഗിന്റെ അഭാവത്തിലും പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഇന്ത്യക്കുതന്നെയാണ് സ്വര്‍ണം. ഓംപ്രകാശ് സിംഗ് 18.45 മീറ്റര്‍ കണ്െടത്തി സ്വര്‍ണം നേടി. പുരുഷന്മാരുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ അജയ്കുമാര്‍ സരോജ്(3:53.43) സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ തന്നെ രാഹുല്‍ വെങ്കലം നേടി. വനിതകളുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ എല്‍. സൂര്യ പുതിയ മീറ്റ് റിക്കാര്‍ഡ് സ്ഥാപിച്ചുകൊണ്ട് സ്വര്‍ണം സ്വന്തമാക്കി. സമയം- 32: 39.86. ഇ്ന്ത്യയുടെ തന്നെ സ്വാതി ഗദ്ദാവെയ്ക്കാണു വെള്ളി. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ ശ്രബാനി നന്ദ(23.91 സെക്കന്‍ഡ്) സ്വര്‍ണം നേടിയപ്പോള്‍ ദ്യുതി ചന്ദ്(24.14) വെള്ളി നേടി.


വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കാണ് സ്വര്‍ണവും വെള്ളിയും. ജുവാന മുര്‍മു സ്വര്‍ണം നേടിയപ്പോള്‍ അശ്വിനി അക്കുഞ്ജി വെള്ളിയും സ്വന്തമാക്കി.

അത്ലറ്റിക് മത്സരങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. ഇന്നു നടക്കുന്ന പുരുഷ, വനിതാ മാരത്തണാണ് അവസാന ഇനം.

ഷൂട്ടിംഗില്‍ എതിരില്ല

ഷൂട്ടിംഗില്‍ സൂപ്പര്‍ താരങ്ങളുമായി മത്സരിക്കാനിറങ്ങിയ ഇന്ത്യ നിരാശപ്പെടുത്തിയില്ല. ഇന്നലെ നടന്ന അഞ്ച് ഇനങ്ങളിലും സ്വര്‍ണം ഇന്ത്യക്കാണ്. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് ഗഗന്‍ നരംഗ് വെള്ളിയിലൊതുങ്ങിയതു മാത്രമാണ് നിരാശയായത്. ഈയിനത്തില്‍ ഇന്ത്യയുടെ ചായിന്‍ സിംഗിനാണു സ്വര്‍ണം. ചായിന്‍ 204.6 പോയിന്റ് നേടിയപ്പോള്‍ നരംഗിനു ലഭിച്ചത് 203.7 പോയിന്റാണ്. വനിതകളുടെ ഈയിനത്തില്‍ മൂന്നു മെഡലും ഇന്ത്യ സ്വന്തമാക്കി. 619 പോയിന്റോടെ കുഹേലി ഗാംഗുലി സ്വര്‍ണവും 608.2 പോയിന്റോടെ ലജ്ജ ഗോസ്വാമി വെള്ളിയും 607. 5 പോയിന്റോടെ അനുജ ജംഗ് വെങ്കലവും നേടി.

ടീം ഇനത്തിലും ഇന്ത്യക്കു തന്നെയാണ് സ്വര്‍ണം. കുഹേലിയും ലജ്ജയും അനുജയും തന്നെയാണ് ഇന്ത്യക്കായി ഷൂട്ട് ചെയ്തത്. പുരുഷന്മാരുടെ 25 മീറ്റര്‍ സെന്റര്‍ പിസ്റള്‍ ഇനത്തില്‍ മൂന്നു മെഡലും ഇന്ത്യ സ്വന്തമാക്കി. സമരേഷ് ജംഗ്, പെംബ തമാംഗ്, വിജയ്കുമാര്‍ എന്നിവരാണ് യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവ സ്വന്തമാക്കി.
ഫുട്ബോള്‍: ഇന്ത്യന്‍ വനിതകള്‍ക്കു സമനില

ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസിലെ വനിതാ ഫുട്ബോളില്‍ ഇന്ത്യയെ നേപ്പാള്‍ പൊണ്‍കൊടികള്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ആദ്യ മത്സരത്തില്‍ മാലദ്വീപിനോടും സമനില വഴങ്ങിയ ഇന്ത്യക്ക് സെമിയില്‍ കടക്കണമെങ്കില്‍ ഇനി അവസാന ഗ്രപ്പ് മത്സരത്തില്‍ ബംഗ്ളാദേശിനെ തോല്പിക്കണം. നേപ്പാളിനെതിരായ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടു. മുന്നേറ്റങ്ങള്‍ പലതും നേപ്പാള്‍ ഗോളിയുടെ സമര്‍ഥമായ രക്ഷപ്പെടുത്തലുകളില്‍ ഒതുങ്ങി.


പോയിന്റ് നില

ഇന്ത്യ 139-78-20-237
ശ്രീലങ്ക 25-50-76-151
പാക്കിസ്ഥാന്‍ 7-22-43-72
ബംഗ്ളാദേശ് 4-10-41-55
നേപ്പാള്‍ 1-12-19-32
അഫ്ഗാനിസ്ഥാന്‍ 1-3-11-15
മാലദ്വീപ് 0-2-1-3
ഭൂട്ടാന്‍ 0-1-4-5
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.