വിന്‍ഡീസിനു രണ്ടാംനിര ടീം
Friday, February 12, 2016 11:09 PM IST
ആന്റിഗ്വ: പ്രതിഫലകാര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന താരങ്ങളെ ഒഴിവാക്കി രണ്ടാംനിര ടീമിനെയാവും വെസ്റ്ഇന്‍ഡീസ് ട്വന്റി-20 ലോകകപ്പിന് അയയ്ക്കുക. ലോകകപ്പില്‍ പങ്കെടുക്കുന്നതിനു വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്കി വരുന്ന പ്രതിഫലത്തില്‍ ഇത്തവണ വന്‍ കുറവു വരുത്തിയിരുന്നു. അതിനാല്‍, പ്രതിഫലം സംബന്ധിച്ച കരാറില്‍ ഒപ്പിടാന്‍ താരങ്ങള്‍ തയാറായില്ല. ഈ പശ്ചാത്തലത്തിലാണ് നിലവില്‍ ബോര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്ന പ്രതിഫലത്തിന് കരാറിലേര്‍പ്പെടാന്‍ തയാറുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ തെരഞ്ഞെടുക്കുമെന്ന് ബോര്‍ഡ് താരങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഞായറാഴ്ചയ്ക്കുള്ളില്‍ കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.

പ്രതിഫലത്തില്‍ കുറവുവരുത്തിയതിലുള്ള പ്രതിഷേധം ക്യാപ്റ്റന്‍ ഡാരന്‍ സമി ബോര്‍ഡിനെ അറിയിച്ചു. തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കികൊണ്ടുള്ള കത്താണ് സമി അയച്ചത്. നിലവിലുള്ള പ്രതിഫലം ഇരട്ടിയാക്കുകയാണെങ്കില്‍ കരാറിന് താരങ്ങള്‍ തയാറാണ്. എന്നാല്‍, നിലവില്‍ 80 ശതമാനം കുറവാണ് ബോര്‍ഡ് വരുത്തിയിരിക്കുന്നത്. അതേസമയം, വിന്‍ഡീസ് ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് മൈക്കിള്‍ മിയര്‍ഹെഡ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം താരങ്ങളുമായി ചര്‍ച്ച ചെയ്ത് തയാറാക്കിയ കരാറാണിത്. ലോകകപ്പിനു തൊട്ടു മുമ്പ് അതില്‍ മാറ്റം വരുത്തുന്നത് ശരിയല്ലെന്നും മിയര്‍ ഹെഡ് പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ ഐസിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.