സിറ്റിക്കും ചെൽസിക്കും ജയം
സിറ്റിക്കും ചെൽസിക്കും ജയം
Saturday, April 23, 2016 12:23 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും ജയം. തങ്ങളുടെ 35–ാം മത്സരത്തിൽ സ്റ്റോക് സിറ്റിയെ ഏകപക്ഷീയമായ നാലു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.

കെലേച്ചി ഇഹീനാച്ചോ (64, 74) ഇരട്ടഗോൾ നേടി. സെർജിയോ അഗ്വേറോ(43), ഫെർണാണ്ടോ(35) എന്നിവരാണ് സിറ്റിക്കുവേണ്ടി ഗോൾ സ്വന്തമാക്കിയത്. ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന സിറ്റിക്ക് ഈ വിജയം ആത്മവിശ്വാസം പകരും.

മറ്റൊരു മത്സരത്തിൽ ചെൽസി, ബോണിമൗത്തിനെ ഒന്നിനെതിരേ മൂന്നു ഗോളിനു പരാജയപ്പെടുത്തി. ചെൽസിക്കായി പെഡ്രോ (5), എഡൻ ഹസാർഡ് (34), വില്യൻ (71) എന്നിവർ ഗോൾ നേടിയപ്പോൾ ടോമി എൽഫിക്കിന്റെ (36) വകയാണ് ബോണിമൗത്തിന്റെ ഗോൾ. സതാംപ്ടൺ ആസ്റ്റൺവില്ലയെ പരാജയപ്പെടുത്തിയത് രണ്ടിനെതിരേ മൂന്നു ഗോളിനാണ്. ഷോൻ ലോംഗ് (15), ഡുസാൻ ടാഡിക് (39,71) എന്നിവരാണ് സതാംപ്ടണിന്റെ സ്കോറർമാർ.


ആഷ്ലി വെസ്റ്റ് വുഡ് ആസ്റ്റൺ വില്ലയ്ക്കായി ഇരട്ടഗോൾ സ്വന്തമാക്കി. അതേസമയം, ലിവർപൂളിനെ ന്യൂകാസിൽ യുണൈറ്റഡ് 2–2നു സമനിലയിൽ തളച്ചു. ലിവറിനായി ആഡം ലലാന (30), ഡാനിയേൽ സ്റ്ററിഡ്ജ്(2) എന്നിവർ ഗോൾ നേടിയപ്പോൾ ന്യൂകാസിലിനായി പാപി ഡെംപ സിസെ (48), ജാക് കാൾബാക് (66) എന്നിവരും സ്കോർ ചെയ്തു.

പ്രീമിയർ ലീഗിൽ സിറ്റി ഇപ്പോൾ 35 മത്സരങ്ങളിൽനിന്ന് 64 പോയിന്റോടെ മൂന്നാം സ്‌ഥാനത്താണ്. 34 കളികളിൽനിന്ന് 73 പോയിന്റുള്ള ലീസ്റ്റർ സിറ്റി ഒന്നാമതും 68 പോയിന്റുള്ള ടോട്ടനം ഹോട്സ്പർ രണ്ടാമതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.