ഇന്ദ്രപ്രസ്‌ഥത്തിൽ സഞ്ജുവാണു താരം!
ഇന്ദ്രപ്രസ്‌ഥത്തിൽ സഞ്ജുവാണു താരം!
Saturday, April 23, 2016 12:25 PM IST
ന്യൂഡൽഹി: സഞ്ജു മുന്നിൽനിന്നു നയിച്ചപ്പോൾ മുംബൈ ഇന്ത്യൻസിനെതിരേ ഡൽഹി ഡെയർഡെവിൾസിന് 10 റൺസിന്റെ ആവേശജയം. മുംബൈയുടെ സൂപ്പർനിരയ്ക്കെതിരേ ഡൽഹിയുടെ യുവനിര ജയം പിടിച്ചെടുക്കുകയായിരുന്നു. 48 പന്തിൽനിന്ന് 60 റൺസെടുത്ത സഞ്ജുവാണ് കളിയിലെ താരം. സ്കോർ: ഡൽഹി 20 ഓവറിൽ നാലിന് 164, മുംബൈ 20 ഓവറിൽ ഏഴിന് 154.

മുംബൈയും ഡൽഹിയും തമ്മിലുള്ള വ്യത്യാസം സഞ്ജുവായിരുന്നു. ജെ.പി. ഡുമിനി ഒഴികെയുള്ള ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടിടത്തായിരുന്നു ഗംഭീര ഇന്നിംഗ്സുമായി ‘നമ്മുടെ പയ്യൻ’ കളം പിടിച്ചത്. പ്രതീക്ഷയോടെ കാത്തിരുന്ന ക്വിന്റൺ ഡികോക്ക് രണ്ടാം ഓവറിൽ കൂടാരം കയറുക, ശ്രേയസ് അയ്യരാകട്ടെ മെല്ലെപ്പോക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. ഹർദിക് പാണ്ഡ്യക്കുമുന്നിൽ ശ്രേയസ് വീഴുമ്പോൾ ഏഴ് ഓവറിൽ 48 റൺസ് മാത്രമായിരുന്നു ആതിഥേയർക്ക് നേടാനായത്. പ്രതീക്ഷയോടെയിറങ്ങിയ കരുൺ നായരും (5) വേഗം തിരിച്ചുകയറിയപ്പോൾ ഇന്ദ്രപ്രസ്‌ഥത്തിൽ വിള്ളലുകളുണ്ടായെന്ന് ഏവരും കരുതി. പാകതയൊത്ത ഇന്നിംഗ്സുമായി സഞ്ജു ഡൽഹിയെ തോളിലേറ്റുന്നതാണ് പിന്നീട് കണ്ടത്. ഡുമിനിയുടെ കൂട്ടും കൂടിയായപ്പോൾ ഡെവിൾസ് ജോറായി. കുട്ടിക്രിക്കറ്റിന്റെ ചേരുവയിൽനിന്ന് ട്രാക്ക് മാറിയ ഇന്നിംഗ്സായിരുന്നു സഞ്ജുവിന്റേത്. സിംഗിളുകളും ഡബിളുകളും ധാരാളം പിറന്നു. ബൗണ്ടറികളുടെ ഇടവേളകൾ കൂടിവന്നെങ്കിലും റൺനിരക്ക് കുറഞ്ഞതുമില്ല. 40 പന്തിൽനിന്നായിരുന്നു മലയാളി താരത്തിന്റെ അരസെഞ്ചുറി പിറന്നത്. തൊട്ടുപിന്നാലെ മിച്ചൽ മക്ക്ലനേഗനു മുന്നിൽ കീഴടങ്ങിയെങ്കിലും ഡുമിനി ഇന്നിംഗ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു. 31 പന്തിൽ രണ്ടു കൂറ്റൻ സിക്സറുകളും മൂന്നു ബൗണ്ടറിയും പായിച്ച ഡുമിനി 49 റൺസെടുത്തു പുറത്താകാതെനിന്നു.

രണ്ടാമത്തെ ഓവറിൽ പാർഥിവ് പട്ടേൽ റണ്ണൗട്ടാകുന്നത് കണ്ടാണ് മുംബൈയുടെ റൺ പിന്തുടരൽ ആരംഭിച്ചത്. ക്യാപ്റ്റൻ രോഹിതിനൊപ്പം അമ്പാട്ടി റായുഡുവെത്തിയതോടെ മുംബൈ ട്രാക്കിലായി. എന്നാൽ ഡബിൾ സ്പിൻ ആക്രമണവുമായി അമിത് മിശ്രയും ഇമ്രാൻ താഹിറും എത്തിയതോടെ മുംബൈയുടെ പിടിവിട്ടു. 25 റൺസെടുത്ത റായ്ഡുവായിരുന്നു ആദ്യം. സ്‌ഥാനക്കയറ്റം കിട്ടിയെത്തിയ കൃനാൽ പാണ്ഡ്യ അടിച്ചു തകർക്കാൻ തുടങ്ങിയതോടെ മുംബൈ വീണ്ടും ജയപ്രതീക്ഷയിലായി. എന്നാൽ റണ്ണൗട്ടിന്റെ രൂപത്തിൽ കൃനാൽ വീണതോടെ ഡൽഹി തിരിച്ചെത്തി. 17 പന്തിൽ 36 റൺസായിരുന്നു പണ്ഡ്യ സീനിയറിന്റെ സമ്പാദ്യം. വെടിക്കെട്ടുകാരായ കെയ്റൺ പൊളാർഡും (19), ജോസ് ബട്ലറും (2) നിരാശപ്പെടുത്തിയതോടെ മുംബൈ തോൽവി ഉറപ്പിച്ചു. അവസാന ഓവറിൽ 21 റൺസ് വേണ്ടിയിരുന്ന മുംബൈക്കു മൂന്നാംപന്തിൽ രോഹിതിനെ നഷ്‌ടപ്പെട്ടതോടെ 10 റൺസ് അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.



<ആ>സ്കോർബോർഡ്

ഡൽഹി ഡെയർഡെവിൾസ്

ക്വിന്റൺ ഡി കോക്ക് സി ഹർദിക് പാണ്ഡ്യ ബി മക് ക്ലനേഗൻ 9, ശ്രേയസ് അയ്യർ സി റായുഡു ബി ഹർദിക് പാണ്ഡ്യ 19, സഞ്ജു സാംസൺ സി സൗത്തി ബി മക് ക്ലനേഗൻ 60, കരുൺ നായർ സി സൗത്തി ബി ഹർഭജൻ സിംഗ് 5, ഡുമിനി നോട്ടൗട്ട് 49, പവൻ നെഗി നോട്ടൗട്ട് 10, എക്സ്ട്രാസ് 12.

ആകെ 20 ഓവറിൽ നാലു വിക്കറ്റിന് 164.

ബൗളിംഗ്

ടിം സൗത്തി 3–0–21–0, മക് ക്ലനേഗൻ 4–0–31–2, ബുംറ 4–0–42–0, കൃണാൽ പാണ്ഡ്യ 4–0–25–0, ഹർദിക് പാണ്ഡ്യ 1–0–7–1, ഹർഭജൻ സിംഗ് 3–0–24–1, പൊളാർഡ് 1–0–11–0.



മുംബൈ ഇന്ത്യൻസ്

രോഹിത് ശർമ റണ്ണൗട്ട് 65, പാർഥിവ് പട്ടേൽ റണ്ണൗട്ട് 1, റായുഡു ബി അമിത് മിശ്ര 25, കൃണാൽ പാണ്ഡ്യ റണ്ണൗട്ട് 36, ജോസ് ബട്ലർ എൽബിഡബ്ല്യു ബി മിശ്ര 2, പൊളാർഡ് സി മോറിസ് ബി സഹീർഖാൻ 19, ഹർദിക് പാണ്ഡ്യ നോട്ടൗട്ട് 2, ഹർഭജൻ എൽബിഡബ്ല്യു ബി മോറിസ് 0, സൗത്തി നോട്ടൗട്ട് 1, എക്സ്ട്രാസ് 3.ആകെ 20 ഓവറിൽ ഏഴിന് 154.


<ആ>ഇന്ത്യൻ പ്രീമിയർ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ്

കോൽക്കത്ത 4–3–1–0–6
ഡൽഹി 4–3–1–0–6
ഹൈദരാബാദ് 5–3–2–0–6
ഗുജറാത്ത് ലയൺസ് 4–3–1–0–6
ബാംഗളൂർ 4–2–2–0–4
മുംബൈ 6–2–4–0–4
പൂന 4–1–3–0–2
പഞ്ചാബ് 5–1–4–0–2

ടോപ് 5 ബാറ്റ്സ്മാൻ

(മത്സരം, റൺസ്, ഉയർന്ന സ്കോർ)

വാർണർ 5–294–90*
കോഹ്്ലി4–267–80
ഡിവില്യേഴ്സ്4–249–83
രോഹിത് ശർമ 6–230–84*
ഗൗതം ഗംഭീർ 4–226–90*
ആരോൺ ഫിഞ്ച് 3–191–74

ടോപ് 5 ബൗളർ

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

മക്ക്ലനേഗൻ 6–9–4/21
ഭുവനേശ്വർ കുമാർ5–8–4/29
അമിത് മിശ്ര 4–7–4/11
മുസ്താഫിസുർ5–7–2/9
മുരുഗൻ അശ്വിൻ 4–6–3/36
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.