ഒളിമ്പിക്സ് ഇങ്ങെത്തി, ബ്രസീലുകാർ ഉറക്കത്തിൽ തന്നെ
ഒളിമ്പിക്സ് ഇങ്ങെത്തി, ബ്രസീലുകാർ ഉറക്കത്തിൽ തന്നെ
Sunday, April 24, 2016 12:39 PM IST
റിയോ ഒളിമ്പിക്സ് പടിവാതിൽക്കലെത്തിയിരിക്കുന്നു. നൂറു ദിവസത്തിൽ താഴെ മാത്രം. ലോകകപ്പ് ഫുട്ബോൾ മുതൽ ബ്രസീലുകാരുടെ ഇടയിലെ പ്രധാനസംസാര വിഷയം റിയോ ഒളിമ്പിക്സ് ആണ്. ഒളിമ്പിക്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ബ്രസീലുകാരുടെ മുഖമുദ്രയായ ആലസ്യം തന്നെയാണ് റിയോയിലെങ്ങും. ഒളിമ്പിക്സ് നടന്നാൽ തന്നെ വല്യ കാര്യമാണെന്നാണ് പാശ്ചത്യ മാധ്യമങ്ങളുടെ പരിഹാസ്യം.

<ആ>ഭരണപ്രതിസന്ധി

റിയോ ഒളിമ്പിക്സ് നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നു ഭരണകൂടം നേരിടുന്ന പ്രതിസന്ധികളായിരിക്കും. ബജറ്റ് കണക്കിൽ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന പ്രസിഡന്റ് ദിൽമ റൂസഫിനു റിയോ ഒളിമ്പിക്സ് നടത്തിപ്പിനേക്കാൾ ഇപ്പോൾ പ്രധാനം സ്വന്തം സ്‌ഥാനം നിലനിർത്തുക എന്നതാണ്. ദിൽമ സ്‌ഥാനം ഒഴിയണമെന്നാണ് അഭിപ്രായ സർവേകളിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും വ്യക്‌തമാക്കിയത്. കോൺഗ്രസിന്റെ അധോസഭ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ദിൽമയെ ഇംപീച്ചുമെന്റിനു ശിപാർശ ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം കൂടുതൽ കടുത്തു. ഭരണതലത്തിലെ പ്രതിസന്ധി ഒളിമ്പിക്സ് നടത്തിപ്പിനെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഭരണകൂടം നേരിടുന്ന പ്രതിസന്ധി ഒളിമ്പിക്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു പൂർത്തിയാക്കേണ്ട അടിസ്‌ഥാന വികസന പ്രവർത്തനങ്ങളെയും ബാധിക്കും. മാറക്കാന സ്റ്റേഡിയത്തിൽ ഓഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്സിനു ദീപം തെളിയുന്നത്. ഒളിമ്പിക് പാർക്ക് സ്‌ഥിതി ചെയ്യുന്ന ബാഹയെ മറ്റു സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോയുടെ നിർമാണമാണ്. ഇതിന്റെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ജൂലൈ മാസത്തോടെ നിർമാണം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പിച്ചു പറയുന്നു.

മൂന്നു ലക്ഷം പേർക്ക് അധികമായി സഞ്ചരിക്കാൻ കഴിയുന്ന വിധം ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും ഒരു ലക്ഷത്തോളം പേർക്ക് കൂടുതലായി താമസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിവരുകയാണെന്നും സർക്കാർ വ്യക്‌തമാക്കി. സ്റ്റേഡിയങ്ങളുടേയും മറ്റുമുള്ള നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും അവസാനഘട്ടത്തിലാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ, പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ ഓഗസ്റ്റ് അഞ്ചിന് പണികൾ പൂർത്തിയായേക്കില്ല എന്നാണ്.

കൊതുകുവഴി പടരുന്ന സിക്ക വൈറസിന്റെ സാന്നിധ്യവും വ്യാപനവുമാണ് ഒളിമ്പിക്സ് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം. വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്താനായി പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ ഏർപ്പാടാക്കിയതായി സംഘാടകർ അറിയിച്ചു. ഇതിനായി രാജ്യത്തെ പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. മലിനജല നിർമാർജനമാണ് സംഘാടകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിനായി നിരവധി ജല ശുദ്ധീകരണ യന്ത്രങ്ങൾ ഒളിമ്പിക്സ് ഗ്രാമത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അത്ലറ്റുകൾക്കായി നിരവധി ഹെൽത്ത് ക്ലിനിക്കുകളും സജ്‌ജമാക്കിയിട്ടുണ്ട്. ലോകത്താകമാനം 1.5 ലക്ഷം മില്യൺ ആളുകൾക്ക് സിക്ക വൈറസ് ബാധ ലോകാരോഗ്യ സംഘടന സ്‌ഥിരീകരിച്ചിട്ടുണ്ട്.


<ആ>മാലിന്യക്കൂമ്പാരത്തിലെ തുഴച്ചിൽ

തുഴച്ചിൽ മത്സരങ്ങൾ നടക്കുന്ന നദികൾ ശുദ്ധീകരിക്കുകയെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഓരോ ദിവസവും ബ്രസീലിലെ നദികളിലേക്ക് വൻതോതിൽ മാലിന്യം നിക്ഷേപിക്കപ്പെടുന്നുണ്ട്. തുഴച്ചിൽ മത്സരങ്ങൾക്കായി തെരഞ്ഞെടുത്തിരിക്കുന്ന നദികൾ ശുദ്ധീകരിക്കുന്നതിനായി വൻ തുകയാണ് സർക്കാർ മുടക്കുന്നത്. നദികൾക്കു പുറമെ പ്രസിദ്ധമായ സ്‌ഥലങ്ങളും മാലിന്യമുക്‌തമാക്കുകയെന്നതും സംഘാടകർക്കു മുന്നിലെ വലിയ വെല്ലുവിളിയാണ്. സുഗർലോഫ് മൗണ്ടൻ, ക്രൈസ്റ്റ് ദ രീഡിമർ എന്നിവിടങ്ങളിലെ മാലിന്യം നിക്ഷേപമാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

<ആ>ടിക്കറ്റ് വില്പനയിലെ മാന്ദ്യം

7.5 ലക്ഷം ടിക്കറ്റുകളാണ് ഇനിയും വിറ്റുപോകാനുള്ളത്. മൂന്നു മാസം കൊണ്ട് ടിക്കറ്റ് വില്പനയിൽ വലിയ കുതിച്ചു ചാട്ടമുണ്ടാവുമെന്ന് സംഘാടകർ പോലും കണക്കു കൂട്ടുന്നില്ല. സിക്ക വൈറസിന്റെ വ്യാപനവും സാധാരണക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ടിക്കറ്റ് വില്പനയെ പ്രതികൂലമായി ബാധിക്കുന്നത്. ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടേതുപോലെ ഒളിമ്പിക്സ് മത്സരങ്ങളുടെ ടിക്കറ്റ് വില്പന നടക്കില്ല. അവസാന നിമിഷം ആളുകൾ ടിക്കറ്റുകൾ വാങ്ങുമെന്നുമാണ് സംഘാടകരുടെ പ്രതീക്ഷ.

<ആ>റഷ്യയുടെ വിലക്ക്

പ്രാദേശികമായ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമപ്പുറം റഷ്യയുടെ വിലക്കാണ് റിയോ ഒളിമ്പിക്സ് നേരിടുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര പ്രശ്നം. അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ സമിതിയുടെ നിർദേശത്തെ തുടർന്നാണ് റഷ്യക്ക് ഒളിമ്പിക്സ് വിലക്കു നേരിടേണ്ടിവന്നത്. അത്ലറ്റിക്സിലെ വൻശക്‌തിയായ റഷ്യയുടെ അസാന്നിധ്യം ഒളിമ്പിക്സിന്റെ മാറ്റ് കുറയ്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല. റഷ്യ പോലൊരു ലോകശക്‌തിയുടെ അഭാവം സംഘാടകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. നിരവധി സ്പോൺസർമാരാണ് വൻതുകകൾ മുടക്കുന്നതിൽ നിന്നു വിമുഖത പ്രകടിപ്പിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ആരാധകരും റിയോയിലേക്കു തിരിഞ്ഞുനോക്കിയേക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.