സ്പോടിംഗ് ജിഗോനെതിരേ ബാഴ്സ ജയം
സ്പോടിംഗ് ജിഗോനെതിരേ ബാഴ്സ ജയം
Sunday, April 24, 2016 12:39 PM IST
ബാഴ്സലോണ: തുടർച്ചയായ രണ്ടാം മത്സരത്തിലും ബാഴ്സലോണയും ലൂയി സുവാരസും സ്പോടിംഗ് ജിഗോന്റെ വല നിറച്ചപ്പോൾ സ്പാനിഷ് ലാ ലിഗയിൽ കറ്റാലൻ ക്ലബ് ഒന്നാം സ്‌ഥാനം കൈവിടാതെ കാത്തുസൂക്ഷിച്ചു. നാലു തവണ എതിർവലയിൽ പന്തെത്തിച്ച ലൂയിസ് സുവാരസ് ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് സുവർണപാദുക നേട്ടത്തിനടുത്തെത്തുകയും ചെയ്തു. ഒരെണ്ണംപോലും തിരിച്ചുവാങ്ങാതെ ബാഴ്സലോണ സ്പോർട്ടിംഗ് ജിഗോന്റെ വല ആറു തവണയാണ് കുലുക്കിയത്. ലയണൽ മെസിയും നെയ്മറും ഓരോ ഗോൾ വീതമടിക്കുകയും ചെയ്തു. ഇതോടെ സുവാരസ് റയൽ മാഡ്രിഡിന്റെ റൊണാൾഡോയെ രണ്ടാം സ്‌ഥാനത്തേക്കു തള്ളി ഗോളുകളുടെ എണ്ണം 34 ആക്കി ഒന്നാം സ്‌ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ബുധനാഴ്ച ഡിപ്പോർട്ടിവ ല കൊരുണയെ 8–0ന് തോൽപ്പിച്ചപ്പോൾ സുവാരസ് നാലു ഗോൾ നേടിയിരുന്നു. ഈ സീസണിലെ ആകെ ഗോളുകൾ 56 ആക്കി ഉയർത്തുകയും ചെയ്തു. സീസണിൽ ആകെ 21 അസിസ്റ്റുകളുടെ എണ്ണത്തിലും സുവാരസാണ് ഒന്നാം സ്‌ഥാനത്ത്.

ലാ ലിഗയിൽ 15 തവണയാണ് ഉറുഗ്വെൻ താരം ഗോളടിക്കാൻ മറ്റുള്ളവർക്ക് അവസരം കൊടുത്തത്. ലാ ലിഗയിൽ അസിസ്റ്റുകളുടെ എണ്ണത്തിൽ 13 അവസരങ്ങൾ ഒരുക്കിയ മെസിയാണ് സുവാരസിനു പിന്നിൽ. ബാഴ്സയും അത്ലറ്റികോ മാഡ്രിഡും ജയിച്ചതോടെ ഏതാനും മണിക്കൂറുകൾ ഒന്നാം സ്‌ഥാനത്തിരുന്ന റയൽ വീണ്ടും മൂന്നാം സ്‌ഥാനത്തേക്കു പതിച്ചു. ബാഴ്സയ്ക്കും അത്ലറ്റികോയ്ക്കും 82 പോയിന്റുമായി; റയലിനു 81 പോയിന്റും. അത്ലറ്റികോ എതിരില്ലാത്ത ഒരു ഗോളിനു മലാഗയെ തോൽപ്പിച്ചു. ഏയ്ഞ്ചൽ കെറേയ (62)യുടെ ഗോളിലായിരുന്നു വിജയം.

12–ാം മിനിറ്റിൽ മെസി ഹെഡറിലൂടെ ബാഴ്സയെ മുന്നിലെത്തിച്ചു. പിന്നീട് ലീഡ് ഉയർന്നത് 63–ാം മിനിറ്റിൽ സുവാരസിലൂടെ. ഇതിനുശേഷം മൂന്നു മിനിറ്റിനുള്ളിൽ രണ്ടു പെനാൽറ്റിയിലൂടെ (74, 77) ഉറുഗ്വെൻ താരം ഹാട്രിക് തികയ്ക്കുകയും 85–ാം മിനിറ്റിൽ കിട്ടിയ സ്പോട്ട് കിക്കെടുക്കാൻ നെയ്മറിനെ അനുവദിച്ചുകൊണ്ട് സുവരാസ് നിസ്വാർഥ സേവനം നടത്തുകയും ചെയ്തു. 88–ാം മിനിറ്റിൽ ഒരിക്കൽക്കൂടി സുവാരസ് സ്പോർടിംഗിന്റെ വലയിൽ നിറയൊഴിച്ചു. മത്സരത്തിൽ മൂന്നു പെനാൽറ്റികളാണ് പിറന്നത്. സ്പോർട്ടിംഗ് പത്തുപേരുമായാണ് മത്സരം പൂർത്തിയാക്കിയത്.


ആദ്യപകുതി മെസിയുടെ ഗോളിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്പോർട്ടിംഗ് രണ്ട് അവസരങ്ങൾ അടുത്തടുത്ത് നേടിയെടുത്തു. എന്നാൽ, ബാഴ്സ പ്രതിരോധം തടസപ്പെടുത്തി. ലീഡ് ഉയർത്താനുള്ള ശ്രമം ബാഴ്സ തുടരുകയും ചെയ്തു. മെസിയും സുവാരസും നെയ്മറും ജോർഡി ആൽബയും അവസരങ്ങൾ നഷ്‌ടമാക്കി. എന്നാൽ 63–ാം മിനിറ്റിൽ ബാഴ്സ സുവാരസിലൂടെ ലീഡ് ഉയർത്തി. മെസി–ആന്ദ്രെ ഇനിയസ്റ്റ–സുവാരസ് ത്രയത്തിന്റെ മികവാണ് രണ്ടാം ഗോളിൽ കലാശിച്ചത്. റോബർട്ടോ കാനെല പെനാൽറ്റി ഏരിയയിൽ വരുത്തി ഹാൻഡ് ബോളാണ് മൂന്നാം ഗോളി വഴിയൊരുക്കിയത്. പെനാൽറ്റി കിക്കെടുത്ത സുവാരസ് വല കുലുക്കി. മൂന്നു മിനിറ്റിനുള്ളിൽ വീണ്ടും പെനാൽറ്റി അതും ഉറുഗ്വെൻ താരം വലയിൽ നിക്ഷേപിച്ചുകൊണ്ട് ഹാട്രിക് തികച്ചു. പത്ത് മിനിറ്റിനുശേഷം ഒരിക്കൽക്കൂടി പെനാൽറ്റി. കിക്കെടുക്കാനുള്ള അവസരം സുവാരസ് സഹതാരം നെയ്മറിനു നൽകി. ബ്രസീലിയൻ താരം കൃത്യമായി വലകുലുക്കി സ്കോർഷീറ്റിൽ ഇടംപിടിച്ചു. 88–ാം മിനിറ്റിൽ മെസിയുടെ പാസിൽ സുവാരസ് നാലാം ഗോളും ബാഴ്സയുടെ ആറാം ഗോളും വലയിൽ വിശ്രമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.