ബാഴ്സയിലും നദാൽ തന്നെ ചാമ്പ്യൻ
ബാഴ്സയിലും നദാൽ തന്നെ ചാമ്പ്യൻ
Monday, April 25, 2016 12:24 PM IST
ബാഴ്സലോണ: മോണ്ടി കാർലോയ്ക്കു പുറമേ ബാഴ്സലോണയിലും നദാൽതന്നെ ചാമ്പ്യൻ. ഫൈനലിൽ നിലവിലെ ചാമ്പ്യൻ ജപ്പാന്റെ കെയി നിഷികോരിയെ 6–4, 7–5നു മറികടന്നാണ് കളിമൺ കോർട്ടിൽ നദാൽ വീണ്ടും മിന്നിത്തിളങ്ങിയത്. ശക്‌തമായ പോരാട്ടമാണ് നിഷികോരിയിൽനിന്നും ഉണ്ടായത്. ആദ്യസെറ്റ് കാര്യമായ വെല്ലുവിളികളില്ലാതെ നേടിയ നദാലിനു രണ്ടാം സെറ്റ് ജയിക്കാൻ മികച്ച പോരാട്ടം നടത്തേണ്ടിവന്നു.

കളിമൺ കോർട്ടിലെ–49–ാം കിരീടമാണ് നദാൽ സ്വന്തമാക്കിയത്. ഇതോടെ കളിമൺ കോർട്ടിലെ കിരീട വിജയങ്ങളുടെ റിക്കാർഡിൽ ഗില്ലെർമോ വിലാസിന്റെ ഒപ്പമെത്താനും സ്പാനിഷ് താരത്തിനായി. അടുത്ത മാസം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടമാണ് ഇനി നദാലിന്റെ ലക്ഷ്യം. ദീർഘകാലം പരിക്കും ഫോമില്ലായ്മയും അലട്ടിയിരുന്നനദാൽ ഒരു ഘട്ടത്തിൽ റോജർ ഫെഡററെ മറികടന്ന് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരിടീം നേടുമെന്ന പ്രതീതി വരെയുളവാക്കി. എന്നാൽ, പരിക്ക് നദാലിനെ പിന്നിലാക്കുകയായിരുന്നു. നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം വളരെ ദയനീയമായി തോറ്റു. വലിയ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന നദാലിന് ഈ കിരീടനേട്ടങ്ങൾ ആത്മവിശ്വാസം പകരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.