മഴയ്ക്കുശേഷം പൂന ഉദിച്ചു
മഴയ്ക്കുശേഷം പൂന ഉദിച്ചു
Tuesday, April 26, 2016 12:20 PM IST
ഹൈദരാബാദ്: മഴ കളിമുടക്കിയ മത്സരത്തിൽ റൈസിംഗ് പൂന ജയന്റ്സിന് സീസണിലെ രണ്്ടാം ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 34 റൺസിന് തോല്പിച്ചാണ് പൂന വിജയം സ്വന്തമാക്കിയത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പൂനയുടെ ജയം. 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പൂന 11 ഓവറിൽ മൂന്നിന് 94 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. തുടർന്ന് ധോണിപ്പടയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പൂനയ്ക്കായി ഫഫ് ഡുപ്ലസി (30), സ്റ്റീവൻ സ്മിത്ത് (46) എന്നിവർ മികച്ച പ്രകടനം നടത്തി.

കനത്ത മഴയെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയ മത്സരത്തിൽ ടോസ് മുതൽ ഭാഗ്യം ധോണിക്കൊപ്പമായിരുന്നു. ആദ്യ ഓവറിൽ തന്നെ ഫോമിലുള്ള ഡേവിഡ് വാർണറെ (0) കൂടാരംകയറ്റി അശോക് ദിൻഡ പൂനയ്ക്ക് ബ്രേക്ത്രൂ നല്കി. ഓപ്പണിംഗ് സ്പെല്ലിൽ മിച്ചൽ മാർഷ് കൂടി മത്സരിച്ചെറിഞ്ഞതോടെ ഹൈദരാബാദ് കൂട്ടത്തകർച്ചയിലായി. ആദിത്യ താരെ (8), ഇയോയിൻ മോർഗൻ (പൂജ്യം) എന്നിവരാണ് പവർപ്ലേ ഓവറിൽത്തന്നെ പവലിയനിൽ തിരിച്ചെത്തിയത്. 10 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 39 റൺസെന്ന ദയനീയാവസ്‌ഥയിലായിരുന്നു ആതിഥേയർ.


മൂന്നക്കം പോലും തികയ്ക്കില്ലെന്നു കരുതിയ സൺറൈസേഴ്സിനു തുണയായത് ആറാംവിക്കറ്റിൽ നമൻ ഓജ(18) എട്ടാം വിക്കറ്റിൽ ഭുവനേശ്വർ കുമാർ (21) എന്നിവർക്കൊപ്പം ധവാന്റെ ചെറുത്തുനില്പാണ്. 53 പന്തിൽ 56 റൺസെടുത്ത ധവാൻ പുറത്താകാതെനിന്നു. നാലു ബൗണ്ടറികൾ മാത്രമാണ് ആ ബാറ്റിൽനിന്ന് പിറന്നത്. പൂനയ്ക്കായി ദിൻഡ മൂന്നൂം മാർഷ് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.