ദീപിക കുമാരി ലോകറിക്കാർഡിനൊപ്പം
ദീപിക കുമാരി ലോകറിക്കാർഡിനൊപ്പം
Wednesday, April 27, 2016 12:34 PM IST
ഷാംഗ്ഹായി: ഇന്ത്യയുടെ അമ്പെയ്ത്ത് താരം ദീപിക കുമാരിക്ക് ലോക റിക്കാർഡ്. ഷാംഗ്ഹായിൽ നടക്കുന്ന ലോക അമ്പെയ്ത്ത് മത്സരത്തിലാണ് ദീപക കുമാരി ലോകറിക്കാർഡിന് ഒപ്പമെത്തിയത്. വനിതകളുടെ റീകർവ് വിഭാഗത്തിൽ 686 പോയിന്റ് സ്വന്തം പേരിൽ കുറിച്ചാണ് ദീപിക മികച്ച നേട്ടം കൈവരിച്ചത്. ലണ്ടൻ ഒളിമ്പിക്സിൽ സ്വർണമെഡൽ നേട്ടത്തിനുടമയായ കൊറിയയുടെ കിബോയെയുടെ റിക്കാർഡിനൊപ്പമാണ് ദീപികയെത്തിയത്. ലണ്ടൻ ഒളിമ്പിക്സിൽ രണ്ടു സ്വർണമെഡലുകൾ നേടിയ താരമായിരുന്നു കിബോയെ. ഒരു ഘട്ടത്തിൽ ലോകറിക്കാർഡ് മറികടക്കുമെന്നു തോന്നിപ്പിച്ചെങ്കിലും അവസാന ശ്രമങ്ങളിൽ 10 ൽ ഒമ്പതു പോയിന്റ് നേടാനെ ദീപികയ്ക്കായുള്ളൂ.

മുൻ ലോക ഒന്നാം നമ്പർ താരവും രണ്ടു തവണ കോമൺവെൽത്ത് ഗെയിസിൽ സ്വർണമെഡൽ നേടിയിട്ടുള്ള താരവുമാണ് ദീപിക. അമ്പെയ്ത്തിലെ ലോക റാങ്കിംഗിൽ നിലവിൽ രണ്ടാം റാങ്കുകാരിയായ ദീപിക കുമാരി 1994 ജൂൺ 13ന് റാഞ്ചിയിലാണ് ജനിച്ചത്.


അർജുൻ ആർച്ചറി അക്കാദമിയിലയിരുന്നു ആദ്യ പരിശീലനം. പിന്നീട്, ജാംഷദ്പുരിലെ ടാറ്റ ആർച്ചറി അക്കാദമിയിലും പരിശീലനം നേടി. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഫിറ്റ വേൾഡ് കപ്പിന്റെ ഫൈനൽ റൗണ്ടിലും ദീപിക വെള്ളി മെഡൽ നേടിയിരുന്നു. മിക്സഡ് പെയർ വിഭാഗത്തിൽ അതനു ദാസിനൊപ്പം തുർക്കിയെ പരാജയപ്പെടുത്തുന്നതിലും (സ്കോർ: 53) ദീപിക പ്രധാന പങ്കുവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.