സിറ്റി പിടിക്കാനാവാതെ റയൽ
സിറ്റി പിടിക്കാനാവാതെ റയൽ
Wednesday, April 27, 2016 12:36 PM IST
മാഞ്ചസ്റ്റർ: ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ചാമ്പ്യൻസ് ലീഗ് ആദ്യപാദസെമിയിലിറങ്ങിയ റയലിന് എത്തിഹാദ് സ്റ്റേഡിയത്തിൽ നിന്നും സമനിലയുമായി മടക്കം. ക്രിസ്റ്റ്യാനോ–യുടെ അഭാവത്തിൽ മൂർച്ചകുറഞ്ഞ റയലിന്റെ മുന്നേറ്റ നിരയ്ക്ക് സിറ്റിയുടെ പ്രതിരോധവും ഗോൾ കീപ്പർ ജോ ഹാർട്ടിന്റെ കൈകളേയും മറികടന്ന് ഗോൾ വലയിൽ പന്തെത്തിക്കാൻ കഴിഞ്ഞില്ല. മറുവശത്ത് സിറ്റിയും കരുതിക്കളിച്ചപ്പോൾ ആദ്യപാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

ചാമ്പ്യൻസ് ലീഗ് നടപ്പുസീസണിൽ 16 ഗോളുകൾ നേടിയ റൊണാൾഡോയെ കാഴ്ചക്കാരനാക്കിക്കൊണ്ട് റയൽ പല സുവർണാവസരങ്ങളും പാഴാക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പെപെയുടെ ക്ലോസ് റേഞ്ച്ഷോട്ട് ജോ ഹാർട്ട് തട്ടിയകറ്റുന്നത് അവിശ്വസനീയതയോടെയാണ് ആരാധകർ കണ്ടത്. ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആദ്യ സെമിഫൈനൽ കളിച്ച സിറ്റി അടുത്തവാരം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബുവിൽ ജയിച്ച് ആദ്യ ഫൈനലാണ് ലക്ഷ്യമിടുന്നത്.

തങ്ങൾ വളരെ തീവ്രതയോടെയാണ് കളിച്ചതെന്നും റയലിനെതിരെ കിടയറ്റ പ്രതിരോധം പുറത്തെടുക്കാനുമായിയെന്നു സിറ്റി കോച്ച് മാനുവൽ പെല്ലഗ്രിനി പറഞ്ഞു.ഇതേ പ്രകടനം ബർണാബുവിലും പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പെല്ലഗ്രിനി പറഞ്ഞു. ടീമിന്റെ പ്രകടനത്തിൽ സന്തുഷ്‌ടനാണെന്ന് റയൽ കോച്ച് സിദാനും വ്യക്‌തമാക്കി. രണ്ടാം പകുതിയിൽ കൂടുതൽ നന്നായി കളിച്ചെങ്കിലും അവസരങ്ങൾ മുതലാക്കാനാവാതെ പോയത് തിരിച്ചടിയായെന്നും സിദാൻ പറഞ്ഞു.

ബ്രസീലിയൻ മിഡ്ഫീൽഡർ ഫെർണാണ്ടീഞ്ഞോയാണ് സിറ്റിയുടെ കളിക്ക് ചുക്കാൻ പിടിച്ചത്. എന്നാൽ, ഉറച്ച ഗോളവസരങ്ങൾ സൃഷ്‌ടിക്കാൻ പ്രതിരോധത്തിൽ ഊന്നിക്കളിച്ച സിറ്റിക്കായില്ല. ഡേവിഡ് സിൽവ പരിക്കേറ്റു പുറത്തു പോയതാണ് ആദ്യ പകുതിയിലെ പ്രധാന സംഭവം. ഗാരെത് ബെയ്ലിന്റെ മുന്നേറ്റം തടയുന്നതിനിടെയാണ് സിൽവയ്ക്ക് പരിക്കേറ്റത്. 19 കാരനായ നൈജീരിയൻ താരം കെലേച്ചി ഇഹിനാച്ചോ പകരക്കാരനായി. റയൽ നിരയിൽ പരിക്കിന്റെ നിഴലിൽ കളിച്ച ബെൻസേമയ്ക്ക് പകരക്കാരനായി രണ്ടാം പകുതിയിൽ ഹാമിഷ് റോഡ്രിഗസും ഇറങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ടോണി ക്രൂസിന്റെ കോർണറിൽ എത്തി തലവച്ച സെർജിയോ റാമോസിന് പക്ഷെ ഗോളിയെ കീഴടക്കാനായില്ല. ഒരു പ്രാവശ്യം റയൽ ജോ ഹാർട്ടിനെ മറികടന്നതായിരുന്നു, വലതുപാർശ്വത്തിൽ നിന്നും ഡാനി കർവജാലിന്റെ ക്രോസ് ഹെഡറിലൂടെ ജെസെ പോസ്റ്റിലേക്കു തിരിച്ചു വിട്ടെങ്കിലും ക്രോസ് ബാർ ജോ ഹാർട്ടിന്റെ രക്ഷയ്ക്കെത്തി.


രണ്ടാം പകുതിയുടെ തുടക്കത്തിൽ സെർജിയോ അഗ്വേറോയുടെ ഇടംകാലനടി പോസ്റ്റിനു മുകളിൽക്കൂടി പറന്നതിനു ശേഷം സിറ്റിയുടെ ഏക മുന്നേറ്റം കാണാനായത് സ്റ്റോപ്പേജ് സമയത്താണ്. കെവിൻ ഡി ബ്രൂയിന്റെ ഫ്രീകിക്ക് കെയ്ലർ നവാസ് കുത്തിയകറ്റി. സിറ്റി ഗോൾ കീപ്പർ ജോ ഹാർട്ടിന്റെ തകർപ്പൻ സേവുകളാണ് അക്ഷരാർഥത്തിൽ സിറ്റിയെ രക്ഷിച്ചത്.

സിറ്റിയെ ഭയപ്പെടുത്തിക്കൊണ്ട് ബോക്സിന്റെ മൂലയിൽ നിന്നും ബെയ്ൽ തൊടുത്ത ഷോട്ട് അപാരമായ മെയ് വഴക്കത്തോടെയാണ് ഹാർട്ട് തട്ടിയകറ്റിയത്.കാസമിറോയുടെ ഹെഡറും പെപെയുടെ ഗോളെന്നുറച്ച ഷോട്ടും തടുത്ത ജോ ഹാർട്ട് ഇംഗ്ലീഷ് ടീമിന് ആശ്വാസത്തിന്റെ രാവു സമ്മാനിച്ചു. അടുത്തയാഴ്ച സാന്റിയാഗോ ബർണാബുവിൽ നടക്കുന്ന മത്സരത്തിൽ ഗോൾ നേടിയുള്ള സമനില പോലും സിറ്റിയെ ഫൈനലിലെത്തിക്കും. റയലിനാകട്ടെ ജയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.