ലീസ്റ്റർ സിറ്റിയുടെ കിരീടധാരണം ഇന്ന്?
ലീസ്റ്റർ സിറ്റിയുടെ കിരീടധാരണം ഇന്ന്?
Saturday, April 30, 2016 12:10 PM IST
മാഞ്ചസ്റ്റർ: കുറുക്കന്മാർ എന്ന് അപരനാമമുള്ള ലീസ്റ്റർ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കുമോയെന്ന് ഇന്നറിയാം. അങ്ങനെ സംഭവിച്ചാൽ അത് 132 വർഷം പ്രായമുള്ള ക്ലബിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടമായിരിക്കും അത്. 1995ൽ ബ്ലാക്ക് ബേൺ റോവേഴ്സ് കിരീടം നേടിയതിനു സമാനമായ ചരിത്രമാവും ക്ലൗഡിയോ റെനേരിയുടെ ലീസ്റ്റർ ലക്ഷ്യമിടുന്നത്.

ഇന്ന് ഓൾഡ് ട്രാഫോൾഡിൽ വാൻഗാലിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ചരിത്രമെഴുതാനാണ് ലീസ്റ്റർ കളത്തിലിറങ്ങുന്നത്. മത്സരം ജയിച്ച് ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിക്കാനായാണ് മാഞ്ചസ്റ്റർ ശ്രമിക്കുക. നിലവിൽ 35 കളികളിൽനിന്ന് 76 പോയിന്റുമായി ലീസ്റ്റർ ഒന്നാം സ്‌ഥാനത്തും ടോട്ടനം 69 പോയിന്റുമായി രണ്ടാം സ്‌ഥാനത്തുമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്‌ഥാനത്താണ്. വെറും 300 കോടി രൂപയ്ക്കു തട്ടിക്കൂട്ടിയ ടീമുമായി പ്രീമിയർ ലീഗിലെിറങ്ങിയ റെനേരിയയുടെ ടീമിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻനിര താരം യുവാൻ മാട്ടയുടെ പ്രതിഫലം പോലും റെനേരിയയുടെ ടീമിന്റെ വിലയേക്കാൾ കൂടുതലാണ്. ലീസ്റ്റർ സിറ്റി ഇതുവരെയും ഫസ്റ്റ് ഡിവിഷനോ പ്രീമിയർ ലീഗ് ചാമ്പ്യനോ ആയിട്ടില്ല.


മത്സരത്തിൽ കടുത്ത ലീസ്റ്റർ ആരാധകർ പോലും ക്ലബ്ബിനു കിരീടസാധ്യത കണ്ടില്ല. നിർണായക മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനമാണ് പുറത്തെടുക്കാറ്. പക്ഷേ, ലീസ്റ്റർ ഇന്ന് കൈമെയ് മറന്ന് പോരാടുമെന്നുറപ്പ്. ക്ലൗഡിയോ റെനേരിയുടെ ടീമിന് മികച്ച ഒത്തിണക്കമാണുള്ളത്. സീസണിൽ അസാധാരണ പ്രകടനത്തോടെ ആരാധകരുടെ മികച്ച പിന്തുണയും ടീമിനുണ്ട്. എന്തായാലും 1995 ലേതു പോലെ ഒരു പുത്തൻ ടീം പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുമോയെന്ന് ഇന്നറിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.