ഹൈദരാബാദിനു ജയം
ഹൈദരാബാദിനു ജയം
Saturday, April 30, 2016 12:10 PM IST
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിന്റെ കൂറ്റൻ സ്കോറിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂർ സധൈര്യം പൊരുതിയെങ്കിലും ബൗളർമാരുടെ മികവിനു മുന്നിൽ ബംഗളൂർ ടീമിന് അടിതെറ്റി. ഹൈദാബാദ് 15 റൺസിനു ജയം സ്വന്തമാക്കി. 92 റൺസെടുത്ത ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറാണ് കളിയിലെ താരം. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ അഞ്ചിനു 194, റോയൽ ചലഞ്ചേഴ്സ് ബംഗളൂർ 20 ഓവറിൽ ആറിനു 179.

ഓപ്പണർ ഡേവിഡ് വാർണറുടെയും (92), കെയ്ൻ വില്യംസന്റെയും (50) മികവിൽ സൺറൈസേഴ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 194 റൺസ് അടിച്ചുകൂട്ടി. സൺറൈസേഴ്സിന്റെ വൻ സ്കോർ പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരിന്റെ പോരാട്ടം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടമാക്കി 179 റൺസിൽ അവസാനിച്ചു. സൺറൈസേഴ്സ് ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി സൺറൈസേഴ്സിനെ ബാറ്റിംഗിനു വിട്ടു. രണ്ടാം വിക്കറ്റിൽ വാർണർ–വില്യംസൺ സഖ്യം 12.1 ഓവറിൽ 124 റൺസ് അടിച്ചുകൂട്ടി ഹൈദരാബാദിനെ വൻ സ്കോറിലേക്കു നയിച്ചു. മോയിസസ് ഹെൻറിക്വസും (31) മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിലെ വിക്കറ്റ് വീഴ്ചയാണ് ഹൈദരാബാദിനെ ഇരട്ടശതകം കടക്കുന്നതിനു തടസമായത്.


സൺറൈസേഴ്സ് മുന്നോട്ടുവച്ച് വൻ സ്കോറിനെ ശക്‌തമായി പിന്തുടർന്ന ബംഗളൂരിനുവേണ്ടി കോഹ്ലിയും (14) ലോകേഷ് രാഹുലും മികച്ച തുടക്കമിട്ടു. ബംഗളൂർ സ്കോർ 83ൽ വച്ച് രാഹുൽ (51) പുറത്തായത് തിരിച്ചടിയായി. അതിനിടെ രാഹുൽ അർധശതകം തികയ്ക്കുകയും ചെയ്തിരുന്നു. എബി ഡിവില്യേഴ്സും കേരള താരം സച്ചിൻ ബേബിയും ബംഗളൂരിനെ കൂറ്റൻ അടികളിലൂടെ മുന്നോട്ടു നയിച്ചു. എന്നാൽ ഡിവില്യേഴ്സിന്റെ (47) പുറത്താകൽ റോയൽ ചലഞ്ചേഴ്സിന്റെ തകർപ്പൻ ബാറ്റിംഗിനു തിരിച്ചടിയായി. മലയാളി താരം സച്ചിൻ ബേബി 27 റൺസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.