മുംബൈക്കും പഞ്ചാബിനും ജയം
മുംബൈക്കും പഞ്ചാബിനും ജയം
Monday, May 2, 2016 12:22 PM IST
പൂന/രാജ്കോട്ട്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് അഞ്ചാം വിജയം ആഘോഷിച്ചപ്പോൾ പോയിന്റ് നിലയിൽ ഏറ്റവും പിന്നിലുള്ള കിംഗ്സ് ഇലവൻ പഞ്ചാബ് രണ്ടാം ജയം സ്വന്തമാക്കി.

നായകൻ രോഹിത് ശർമയുടെ തോളിലേറിയാണ് മുംബൈ ഇന്ത്യൻസ് കുതിച്ചത്. ധോണിയുടെ പൂന സൂപ്പർ ജയന്റ്സിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചാണ് മുംബൈ മുന്നേറിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഡൽഹിയെ മറികടന്നു മുംബൈ മൂന്നാം സ്‌ഥാനത്തെത്തി. സ്കോർ: പൂന സൂപ്പർ ജയന്റ്സ്– 20 ഓവറിൽ അഞ്ചിന് 159, മുംബൈ ഇന്ത്യൻസ്– 18.3 ഓവറിൽ രണ്ടിന് 161.

പൂനയെ 159 റൺസിൽ ഒതുക്കിയ മുംബൈ രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് വിജയത്തിലെത്തിയത്. 60 പന്തിൽ എട്ടു ഫോറും മൂന്നു സിക്സുമടക്കം പുറത്താകാതെ 85 റൺസ്് രോഹിത് നേടി. പാർഥിവ് പട്ടേൽ (21), അമ്പാട്ടി റായുഡു (22), ജോസ് ബട്ലർ (പുറത്താകാതെ 27) എന്നിവർ മികച്ച പിന്തുണ നൽകിയതോടെ മുംബൈ ഒമ്പതു പന്ത് ബാക്കി നിൽക്കെ വിജയത്തിലെത്തി.


ആദ്യം ബാറ്റ് ചെയ്ത പൂന സൂപ്പർ ജയന്റ്സിന് ഓപ്പണർ സൗരഭ് തിവാരിയുടേയും (45 പന്തിൽ 57) സ്റ്റീവൻ സ്മിത്തിന്റെയും ബാറ്റിംഗാണ് (23 പന്തിൽ 45) ഭേദപ്പെട്ട സ്കോർ നേടികൊടുത്തത്. നായകൻ ധോണിയും (24 പന്തിൽ 24) തിസാര പെരേരയുമാണ് (9 പന്തിൽ 12) പിന്നീട് രണ്ടക്കം കടന്ന പൂന ബാറ്റ്സ്മാന്മാർ. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.