സിറ്റി സൂക്ഷിക്കുക, മാഡ്രിഡിൽ റൊണാൾഡോ ഉണ്ട്
സിറ്റി സൂക്ഷിക്കുക, മാഡ്രിഡിൽ റൊണാൾഡോ ഉണ്ട്
Tuesday, May 3, 2016 12:42 PM IST
ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ ഇന്ന് റയൽ– സിറ്റി പോരാട്ടം രാത്രി 12.15ന്

മാഡ്രിഡ്: ക്വാർട്ടറിൽ വുൾഫ്സ്ബർഗിനെതിരേ ആദ്യപാദത്തിൽ പരാജയപ്പെട്ട റയലിന് സെമി ബെർത്ത് ഉറപ്പിച്ചുകൊടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനമാണ് ഇപ്പോൾ ആരാധകരുടെ മനസിൽ തെളിയുന്നത്. പരിക്കേറ്റ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിക്കെതിരേ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ കളിച്ചിരുന്നില്ല. ഫലമോ, എത്തിഹാദ് സ്റ്റേഡിയത്തിൽ ഗോൾരഹിത സമനില. ഇന്ന് സിറ്റി എത്തിയിരിക്കുകയാണ്. റയലിനെ മടയിലെത്തി ആക്രമിക്കാൻ. എന്നാൽ, കരുതിയിരുന്നോ സിറ്റിയുടെ കളിക്കാരേ. ഇന്ന് നിങ്ങളെ എതിരിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകും. പരിക്കിന്റെ പിടിയിലായ റൊണാൾഡോ ഞായറാഴ്ച ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. ഡു ഓർ ഡൈ മത്സരത്തിൽ റൊണാൾഡോ കളിക്കാനുണ്ടാകുമെന്ന് സിനദിൻ സിദാൻ സൂചന നൽകിക്കഴിഞ്ഞു. പൂർണ സജ്‌ജമായ ടീമായിരിക്കും സാന്റിയാഗോ ബർണാബുവിൽ സിറ്റിയെ എതിരിടാനിറങ്ങുന്നത്.

2009ൽ റയലിലെത്തിയ ശേഷം റയൽ കളിച്ച 80 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഏഴെണ്ണത്തിൽ മാത്രമാണ് റൊണാൾഡോ കളിക്കാതിരുന്നിട്ടുള്ളത്. മാഡ്രിഡ് ടീം നേടിയ ഗോളുകളിൽ 77 ശതമാനവും റൊണാൾഡോ നേടിയതോ റൊണാൾഡോ അസിസ്റ്റ് ചെയ്തതോ ആണ്. ഈ സീസണിൽ 10 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച റൊണാൾഡോ 16 ഗോളുകളാണ് അടിച്ചുകൂട്ടിയത്.


എവേ മത്സരത്തിൽ 0–0 സമനിലയായതിനാൽ സ്വന്തം തട്ടകത്തിൽ ഗോൾ നേടിക്കൊണ്ടുള്ള സമനില റയൽ വഴങ്ങിയാൽ പുറത്തേക്കുള്ള വഴി തുറക്കപ്പെടും എന്നതുകൊണ്ടുതന്നെ വിജയമുറപ്പിച്ചുകൊണ്ട് ജീവന്മരണ പോരാട്ടത്തിനാണ് സിദാൻ ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ സ്പാനിഷ് ലീഗ് മത്സരങ്ങളിൽ വിശ്രമം അനുവദിച്ച മാഴ്സലോ, സെർജിയോ റാമോസ്, ഡാനി കർവഹാൽ, ടോണി ക്രൂസ് തുടങ്ങിയവർ ഇന്ന് ആദ്യ ഇലവനിൽ സ്‌ഥാനം പിടിക്കും.

14–ാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന റയലിനെ എതിരിടുന്ന മാഞ്ചസ്റ്റർ സിറ്റി ആദ്യമായാണ് സെമിയിലെത്തുന്നത്. സിറ്റി ഒട്ടും പിന്നിലാകാൻ ഉദ്ദേശിച്ചല്ല എത്തിയിരിക്കുന്നത്.

ആദ്യ മത്സരത്തിലെ നെഗറ്റീവ് ആറ്റിറ്റ്യൂഡ് മറന്ന്, ആക്രമിച്ചു കളിക്കുക എന്നതു തന്നെയാണ് മാനുവൽ പെല്ലിഗ്രിനിയുടെ ടീമും ലക്ഷ്യമിടുന്നത്. എന്നാൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താരതമ്യേന ദുർബലരായ സതാംപ്ടണോട് 1–4ന്റെ കനത്ത പരാജയമേറ്റുവാങ്ങിയത് സിറ്റിയുടെ ആത്മവിശ്വാസത്തെ കെടുത്തിയിട്ടുണ്ട്. അതുപോലെ അവരുടെ സൂപ്പർ സെർജിയോ അഗ്വേറോ ചാമ്പ്യൻസ് ലീഗിൽ നിഴൽമാത്രമാകുന്നതും അവരെ ആശങ്കപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.