ഒരിന്നിംഗ്സിൽ 10 വിക്കറ്റുമായി കണ്ണൂർകാരൻ
ഒരിന്നിംഗ്സിൽ 10 വിക്കറ്റുമായി കണ്ണൂർകാരൻ
Wednesday, May 4, 2016 11:58 AM IST
പെരിന്തൽമണ്ണ: ഒരിന്നിംഗ്സിൽ 10 വിക്കറ്റ്. അതും മലയാള മണ്ണിൽനിന്നൊരാൾ. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അണ്ടർ 19 ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിലാണ് കണ്ണൂരിനു വേണ്ടി നാസിൽ എന്ന ചെറുപ്പക്കാരൻ ഒരിന്നിംഗിസിൽ 10 വിക്കറ്റും സ്വന്തമാക്കിയത്. മലപ്പുറത്തിനെതിരേയായിരുന്നു ഇത്. 9.4 ഓവർ എറിഞ്ഞ നാസിൽ 12 റൺസ് മാത്രം വഴങ്ങിയാണ് 10 വിക്കറ്റ് സ്വന്തമാക്കിയത്. ഇതിൽ നാലോവർ മെയ്ഡനായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മലപ്പുറം നാസിലിനെ പ്രതിരോധിക്കാനാകാതെ 26 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ കണ്ണൂർ 176 റൺസിനു പുറത്തായി. 150 റൺസിന്റെ ലീഡ് വഴങ്ങിയ മലപ്പുറം ആദ്യദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ 43 റൺസെന്ന നിലയിലാണ്. 1996–97 സീസണിലാണ് ഇതിനു മുമ്പ് കേരളത്തിനായി ഒരു താരം 10 വിക്കറ്റ് സ്വന്തമാക്കുന്നത്. അന്ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോവയ്ക്കെതിരേ നടന്ന അണ്ടർ 16 ക്രിക്കറ്റ് മത്സരത്തിൽ സി.എം. ശ്യാം എന്ന കളിക്കാരനാണ് 10 വിക്കറ്റ് സ്വന്തമാക്കിയത്. 18.4 ഓവർ എറിഞ്ഞ ശ്യാം 40 റൺസ് വഴങ്ങി 10 വിക്കറ്റ് സ്വന്തമാക്കി. അണ്ടർ 19ൽ കേരളത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം തിരുവനന്തപുരത്തിന്റെ സുഭാഷ് കുമാറിന്റേതാണ്. 2009ൽ പത്തനംതിട്ടയ്ക്കെതിരേ നടന്ന മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ സുഭാഷ് 17.5 ഓവറിൽ 43 റൺസ് വഴങ്ങി എട്ടു വിക്കറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.