ഇതെന്തു നടപടി: സീക്കോ
ഇതെന്തു നടപടി: സീക്കോ
Friday, May 6, 2016 12:35 PM IST
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് എഫ്സി ഗോവയ്ക്ക് വൻതുക പിഴയിട്ട ഐഎസ്എൽ അച്ചടക്ക സമിതിയുടെ തീരുമാനത്തിൽ ഗോവ പരിശീലകനും ബ്രസീൽ ഫുട്ബോൾ ഇതിഹാസവുമായ സീക്കോ അതൃപ്തി രേഖപ്പെടുത്തി. കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ച് സീക്കോ ഇങ്ങനെ പറയുന്നു.

ഇത് എന്തു തീരുമാനമാണ്. 11 കോടി രൂപ എന്നു പറയുന്നത് എന്തുമാത്രം വലിയ തുകയാണ്. കഴിഞ്ഞ സീസണിൽ നടത്തിയെന്നു പറയുന്ന തെറ്റിന്റെ പേരിൽ നടക്കാനിരിക്കുന്ന സീസണിൽ 15 പോയിന്റു കുറയ്ക്കുക, കോട്ടു കേൾവിയില്ലാത്ത നടപടി. അച്ചടക്ക കമ്മിറ്റിയെ ഇത്തരത്തിലുള്ള തീരുമനങ്ങളിലേക്കു നയിച്ച ചിന്തകൾ എന്തൊക്കെയാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. തീരുമാനം ഏകപക്ഷീയവും ആക്ഷേപകരവുമാണെന്നു പറയാതെ വയ്യ –സീക്കോ പറഞ്ഞു.

അച്ചടക്ക കമ്മിറ്റി പരിഗണിച്ച വീഡിയോ പൂർണമല്ലെന്നും എഡിറ്റ് ചെയ്തതോടെ അത് വ്യാജ വീഡിയോയാതായും സീക്കോ പറഞ്ഞു. മത്സരശേഷം എഫ്സി ഗോവയുടെ ഉടമയായ ദത്താരാജ് സാൽഗോക്കറും ചെന്നൈയിൻ താരം എലാനോ ബ്ലൂമറുമായുണ്ടായ കശപിശ ഞങ്ങൾ നേരിട്ടു കണ്ടതാണ്. അതിൽ എലാനോ ദത്താരാജിനെ അധിക്ഷേപിക്കുന്ന ഭാഗം ഒഴിവാക്കിയാണ് വീഡിയോ സമർപ്പിച്ചിരിക്കുന്നത്. മൊറാസി സാന്റാമനയും ബ്രൂണോ സിൽവയും നേരിട്ടു കണ്ടകാര്യമാണത്. അദ്ദേഹം കൂട്ടിച്ചേർത്തു.


എഫ്സി ഗോവയ്ക്ക് പിഴയിച്ച നടപടിക്കെതിരേ മുതിർന്ന താരങ്ങളും രംഗത്തെത്തി. ഏതൊക്കെ നിയമങ്ങൾ വച്ച് ആലോചിച്ചാലും ഇപ്പോഴത്തെ ശിക്ഷ അതിരുകടന്നതാണെന്നാണ് മുൻ ഇന്ത്യൻ താരം ബ്രൂണോ കുട്ടീഞ്ഞോ പറഞ്ഞത്. മുൻ ഇന്ത്യൻ ഗോൾ കീപ്പറായ ബ്രഹ്മാനന്ദും അച്ചടക്ക നടപടിക്കെതിരേ രംഗത്തെത്തി. ഈ ശിക്ഷ വളരെ വിചിത്രമായിരിക്കുന്നു. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്‌ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല –അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിന്റെ ഫൈനലിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ട ശേഷം സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ച എഫ്സി ഗോവയുടെ നടപടിക്കു കടുത്ത ശിക്ഷയാണ് ഐഎസ്എൽ അച്ചടക്ക സമിതി ശിപാർശ ചെയ്തിരിക്കുന്നത്. 11 കോടിയാണ് പിഴയായി എഫ്സി ഗോവ ഒടുക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.