സച്ചിന്റെ റിക്കാർഡിൽ കണ്ണുവച്ച് കുക്ക്
സച്ചിന്റെ റിക്കാർഡിൽ കണ്ണുവച്ച് കുക്ക്
Friday, May 6, 2016 12:35 PM IST
മാഞ്ചസ്റ്റർ: ഇന്ത്യൻ പ്രീമിയർ ലീഗ് കൊടുമ്പിരികൊള്ളുമ്പോൾ അങ്ങ് ഇംഗ്ലണ്ടിൽ ഒരാൾ കച്ചമുറുക്കുകയാണ്. അത് ഏകദിനത്തിലോ ട്വന്റി–20യിലോ ഒന്നുമല്ല, ക്രിക്കറ്റിന്റെ ക്ലാസിക് രൂപമായ ടെസ്റ്റ് ക്രിക്കറ്റിന്. അതാകട്ടെ, ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡ് ഉന്നംവച്ച്. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല, ഇംഗ്ലീഷ് നായകൻ അലിസ്റ്റർ കുക്കിനെപ്പറ്റി. കേവലം 36 റൺസ് കൂടി നേടിയാൽ കുക്കിന് ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസാകും. 10,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡാണ് കുക്കിനെ തേടിയെത്തുന്നത്. 31 വയസും 10 മാസവുമുള്ളപ്പോഴാണ് സച്ചിൻ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പിന്നിട്ടത്. 2005ൽ കോൽക്കത്തയിൽ പാക്കിസ്‌ഥാനെതിരായ മത്സരത്തിലായിരുന്നു സച്ചിൻ 10,000 കടന്നത്.


അന്നു നാലാമനായി ഇറങ്ങിയ സച്ചിൻ രണ്ട് ഇന്നിംഗ്സിലും 52 റൺസ് വീതം നേടി. പാക്കിസ്‌ഥാനെ 195 റൺസിനു പരാജയപ്പെടുത്തിയപ്പോൾ മാൻ ഓഫ് ദ മാച്ചായത് രാഹുൽ ദ്രാവിഡായിരുന്നു. മേയ് 19നാണ് ഇംഗ്ലണ്ട്– ശ്രീലങ്ക ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യമത്സരത്തിൽത്തന്നെ മികച്ച ഫോമിലുള്ള റിക്കാർഡ് മറികടക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.

കുക്കിന് ഇപ്പോൾ 31 വയസും അഞ്ചു മാസവുമാണ് പ്രായം. 9964 റൺസ് നേടിയിട്ടുള്ള കുക്കിന്റെ പേരിൽ 28 സെഞ്ചുറികളും 47 അർധസെഞ്ചുറികളുമുണ്ട്.

ലീഡ്സിലാണ് ആദ്യ ടെസ്റ്റ്. 10000 റൺസ് പിന്നിട്ടാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമാകും കുക്ക്. 8900 റൺസ് നേടിയ ഗ്രഹാം ഗൂച്ചാണ് കുക്കിനു താഴെയുള്ള ഇംഗ്ലീഷ് താരം. കെവിൻ പീറ്റേഴ്സൺ 8181 റൺസ് നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.