ലിവർപൂൾ–സെവിയ്യ കലാശം
ലിവർപൂൾ–സെവിയ്യ കലാശം
Friday, May 6, 2016 12:35 PM IST
ലിവർപൂൾ: യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ ഇംഗ്ലണ്ട്–സ്പെയിൻ ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം. ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂളും സ്പാനിഷ് ക്ലബ് സെവിയ്യ എഫ്സിയും ഈ മാസം പതിനെട്ടിന് സ്വിറ്റ്സർലൻഡിലെ ബാസലിൽ ഏറ്റുമുട്ടും. കഴിഞ്ഞ രണ്ടു വർഷവും യൂറോപ്പ ലീഗ് കിരീടം സെവിയ്യയെ വിട്ടുപോയിട്ടില്ല. 2006, 2007ലും സെവിയ്യ തന്നെയായിരുന്നു ചാമ്പ്യന്മാർ. യൂറോപ്പ ലീഗ് നാലു തവണ കിരീടം നേടിയതും സ്പാനിഷ് ക്ലബ് തന്നെ. ലിവർപൂളാണെങ്കിൽ 2001ലാണ് അവസാനമായി ലീഗ് ചാമ്പ്യന്മാരാകുന്നത്. അതിനുമുമ്പ് രണ്ടു തവണ (1973, 1976) ജേതാക്കളായിട്ടുണ്ട്.

<ആ>സ്വന്തം ഗ്രൗണ്ടിൽ വിജയങ്ങൾ

ലിവർപൂളും സെവിയ്യയും സ്വന്തം ഗ്രൗണ്ടിൽ നേടിയ ജയത്തിന്റെ ബലത്തിലാണ് ഫൈനലിലെത്തിയത്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ പത്തുപേരുമായി മത്സരം പൂർത്തിയാക്കിയ വിയ്യാറയലിനെ 3–0ന് തോൽപ്പിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി ലിവർപൂളിന്റെ ജയം 3–1നായി. ആദ്യപാദത്തിൽ ഇംഗ്ലീഷ് ക്ലബ് 1–0ന് തോൽക്കുകയായിരുന്നു. സെവിയ്യ റമോൺ സാഞ്ചസ് പിത്വാൻ സ്റ്റേഡിയത്തിൽ ഷാക്‌തർ ഡൊണെറ്റ്സ്കിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി. ഇരുപാദങ്ങളിലുമായി സെവിയ്യ 5–3ന് ജയിച്ചു. ആദ്യ പാദം 2–2ന് സമനിലയാകുകയായിരുന്നു.

ലിവർപൂൾ–വിയ്യാറയൽ മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഇംഗ്ലീഷ് ക്ലബ്ബായിരുന്നു മുന്നിൽ. 71ാം മിനിറ്റിൽ വിയ്യാറയലിന്റെ വിക്ടർ റോയസ് രണ്ടാം മഞ്ഞക്കാർഡു കണ്ടു പുറത്തായി. ആഡം ലല്ലാനയെ ഫൗൾ ചെയ്തതിനായിരുന്നു മാർച്ചിംഗ് ഓർഡർ ലഭിച്ചത്. ബ്രൂണോയുടെ സെൽഫ് ഗോളിൽ (7) ലിവർപൂൾ മുന്നിലെത്തി, പിന്നീട് ഡാനിയേൽ സ്റ്ററിഡ്ജ് (63), ആഡം ലല്ലാന (81) എന്നിവരും ചേർന്ന് സ്വന്തം കാണികളുടെ മുന്നിൽ മികച്ച ജയവും സ്വന്തമാക്കി. ലിവർപൂളിന്റെ തകർപ്പൻ ജയത്തിനായി ആൻഫീൽഡിലെത്തിയ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിയ്യാറയൽ തുടങ്ങിയത്. മരിയോ ഗാസ്പർ, ജോനാഥൻ ഡസ് സാന്റോസ് എന്നിവരുടെ മുന്നേറ്റങ്ങളെ ലിവർപൂൾ ഗോൾകീപ്പർ സൈമൺ മിഗ്നലെറ്റ് രക്ഷപ്പെടുത്തി. ഏഴാം മിനിറ്റിൽ ലിവർപൂളിൽനിന്നും മുന്നേറ്റം വന്നു. വലതുവശത്തുനിന്നും നഥാനിയൽ ക്ലെയിന്റെ ക്രോസ് സന്ദർശകരുടെ പ്രതിരോധം ഭേദിച്ചെത്തി. പന്തെത്തിയതോടെ വിയ്യറയൽ ഗോൾമുഖത്ത് സമ്മർദം കൂടി.

സ്റ്ററിഡ്ജ് വലയിലേക്കു പന്ത് തൊടുത്തെങ്കിലും ബ്രൂണോയുടെ കാൽതട്ടി വല കുലുങ്ങി. ഇതോടെ അഗ്രഗേറ്റ് സമനിലയായി. ഇതിനുശേഷം തുടർച്ചയായി രണ്ടു തവണ ലല്ലാന ലക്ഷ്യംവച്ചെങ്കിലും പന്ത് വലയിൽ കടന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്റ്ററിഡ്ജും ഫിലിപ്പെ കുടിഞ്ഞോയും ജയിംസ് മിൽനറും തുടർച്ചയായി വിയ്യറയലിന്റെ വലയിലേക്കു പന്ത് തൊടുത്തെങ്കിലും ഗോൾകീപ്പർ അൽഫോൻസെ അറേലയെ കബളിപ്പിക്കാനായില്ല. 63–ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയുടെ ത്രൂബോളിൽ സ്റ്ററിഡ്ജിന്റെ ഇടംകാലൻ ഷോട്ട് അറേലയെ കടന്ന് വലയിൽ പതിച്ചു.


എവേ ഗോളിനായി ശ്രമിച്ച വിയ്യാറയലിനെ പ്രതിരോധത്തിൽ ഡിയൻ ലൗറൻ നടത്തിയ മികവ് അവരുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. ഇതിനിടെ വിക്ടർ റൂയസ് പുറത്തായതും വിയ്യാറയലിനെ തളർത്തി. ഇതോടെ യർഗൻ ക്ലോപ്പിന്റെ ടീം ആക്രമണത്തിന്റെ ചുമതല പൂർണമായി കൈയടക്കി. 81–ാം മിനിറ്റിൽ ലല്ലാനയുടെ ക്ലോസ് റേഞ്ച് ഷോട്ട് വലയിൽ വിശ്രമിച്ചു. ലിവർപൂൾ തകർപ്പൻ ജയത്തോടെ 15 വർഷങ്ങൾക്കു ശേഷം യൂറോപ്പ ലീഗ് ഫൈനലിൽ കടക്കുകയും ചെയ്തു. കെവിൻ ഗമേയിറോയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് സെവിയ്യ തുടർച്ചയായ മൂന്നാം തവണയും യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തിയത്. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെവ്വിയ 3–1ന് ഷാക്‌തറിനെ തോൽപ്പിച്ചുകൊണ്ട് യൂറോപ്പ ലീഗിലെ ഫോം തുടർന്നു. 9, 47 മിനിറ്റുകളിലായിരുന്നു ഗമേയിറോ വല കുലുക്കിത്.

മരിയാനോയുടെ (59) വകയായിരുന്ന സെവിയ്യയുടെ മറ്റൊരു ഗോൾ. എഡ്വേർഡോ (44) ഷാക്‌തറിനുവേണ്ടി ഗോൾ നേടി. ആദ്യപാദത്തിലും സെവിയ്യയെ തോൽവിയിൽനിന്നും രക്ഷിച്ചത് ഗമേയിറോയുടെ പെനാൽറ്റിയായിരുന്നു. എവേ ഗ്രൗണ്ടിൽ നേടിയ രണ്ടു ഗോളിന്റെ ആനുകൂല്യത്തിൽ സെവിയ്യയ്ക്കു ഗോൾരഹിത സമനിലയെങ്കിലും മതിയായിരുന്നു. എന്നാൽ, സ്വന്തം കാണികളുടെ മുന്നിൽ കളിച്ച സെവിയ്യ ഒമ്പതാം മിനിറ്റിൽ ഗമേയിറോയുടെ ഗോളിൽ മുന്നിലെത്തി. ആദ്യ പകുതി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കേ ഷാക്‌തർ എഡ്വേർഡോയിലൂടെ തിരിച്ചടിച്ച് എവേ ഗ്രൗണ്ടിൽ വിലപ്പെട്ട ഗോൾ നേടി.

ഇതിനു തൊട്ടുപിന്നാലെ ഷാക്‌തറിന്റെ ഇസ്മെയ്ലി ഒരു ഗോളവസരം നഷ്‌ടമാക്കി. ഷാക്‌തറിന്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. വിക്ടർ കൊവേലെങ്കോയുടെ അടി ഗോൾകീപ്പർ തടഞ്ഞു. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ ഗമേയിറോ വീണ്ടും യുക്രെയിൻ ക്ലബ്ബിന്റെ ഗോൾകീപ്പർ ആൻഡ്രി പയാറ്റോവിനെ വെട്ടിച്ച് വല ചലിപ്പിച്ചു. ഇതോടെ സെവിയ്യ എവർ ബെനേഗ, മരിയാനോ എന്നിവരിലൂടെ ആക്രമണം കൂടുതൽ മുറുക്കി. 59ാം മിനിറ്റിൽ ഇതിനു ഫലം കണ്ടു. വിറ്റോലോയുടെ ത്രൂബോളിൽ മരിയാനോ സുന്ദരമായ ഫിനിഷിംഗിലൂടെ വല കുലുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.