റൂണിക്കു സെഞ്ചുറി
റൂണിക്കു സെഞ്ചുറി
Wednesday, May 18, 2016 11:52 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം വെയ്ൻ റൂണിക്ക് മറ്റൊരു റിക്കാർഡ് കൂടി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ വെയ്്ൻ റൂണി 100 ഗോളുകൾ തികച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാറ്റിവയ്ക്കപ്പെട്ട അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോൺമൗത്തിനെ ഒന്നിനെതിരേ മൂന്നു ഗോളിനു പരാജയപ്പെടുത്തിക്കൊണ്ട് മൂന്നു പോയിന്റും സ്വന്തമാക്കി. വ്യാജബോംബ് ഭീഷണിയെത്തുടർന്നാണ് ഞായറാഴ്ച നടക്കേണ്ട മത്സരം കഴിഞ്ഞദിവസത്തേക്കു മാറ്റിയത്. വെയ്ൻ റൂണിക്കു പുറമേ, യൂറോയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ഉൾപ്പെട്ട 18കാരൻ മാർക്കസ് റാഷ്ഫോർഡ്, ആഷ്്ലി യംഗ് എന്നിവരാണ് മാഞ്ചസ്റ്റർ ടീമിനു വേണ്ടി ഗോളുകൾ നേടിയത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്‌ഥാനത്തേക്കുയർന്നു. എന്നാൽ, ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ലീസ്റ്റർ സിറ്റി ആഴ്സണൽ, ടോട്ടനം എന്നീ ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് യോഗ്യതാ മത്സരം കളിക്കണം. യുണൈറ്റഡും സതാംപ്ടണും യൂറോപ്പ ലീഗിൽ കളിക്കും. അഞ്ചാം സ്‌ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രകടനം നിരാശാജനകമായിരുന്നു. കേവലം 49 ഗോളുകളാണ് അവർക്ക് ഈ സീസണിൽ നേടാനായത്.


<ആ>തലയെടുപ്പോടെ റൂണി

മാഞ്ചസ്റ്ററിനു വേണ്ടി ഓൾഡ്ട്രാഫോർഡിൽ 100 ഗോളുകൾ നേടുന്ന ഏക താരമാണ് റൂണി. അതുപോലെ ഏതെങ്കിലും ഒരു ഇംഗ്ലീഷ് ടീമിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന ഖ്യാതിയും റൂണി സ്വന്തമാക്കി. ആഴ്സണലിനു വേണ്ടി ഹൈബറിയിൽ 114 ഗോൾ നേടിയ ഫ്രഞ്ച് താരം തിയറി ഹെൻറിയാണു മുന്നിൽ. 2004ൽ എവർടണിൽനിന്ന് മാഞ്ചസ്റ്ററിലെത്തിയ റൂണി പിന്നീട് ക്ലബ് മാറിയിട്ടില്ല. അഞ്ചു തവണ പ്രീമിയർ ലീഗ് കിരീടവും ഒരു തവണ ചാമ്പ്യൻസ് ലീഗും ഒരു തവണ ഫിഫ ലോകകപ്പും രണ്ടു തവണ ലീഗ് കപ്പും റൂണിയുടെ കാലഘട്ടത്തിൽ മാഞ്ചസ്റ്ററിലെത്തി.

റൂണി നേടിയ ഗോളുകളിൽ 77 എണ്ണവും വലതുകാലിൽനിന്നായിരുന്നു. 11 ഹെഡറും 12 ഇടംകാൽ ഷോട്ടും നാലു ഫ്രീ കിക്കും ഗോളിൽ കലാശിച്ചു. 10 ഗോളുകൾ പെനാൽറ്റിയിലൂടെയാണ്.

ഓൾഡ്ട്രാഫോർഡിൽ 59 ഗോൾ നേടിയ പോൾ ഷൂൾസാണ് രണ്ടാമത്. ക്രിസ്റ്റ്യാനോ റൊണാൾഡോ 57 ഗോളുകൾ നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.