ഷറപ്പോവയ്ക്കു നാലു വർഷം വിലക്ക്?
ഷറപ്പോവയ്ക്കു നാലു വർഷം വിലക്ക്?
Wednesday, May 18, 2016 11:52 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയുടെ വിധി ഉടൻ അറിയാം. അഞ്ചുതവണ ഗ്രാൻ്ഡ്സ്ലാം നേടിയ മരിയ ഷറപ്പോവയ്ക്കെതിരേയുള്ള മരുന്നടി ആരോപണങ്ങളുടെ വെളിച്ചത്തിൽ ആന്റി ഡോപ്പിംഗ് പാനൽ വാദം കേൾക്കും. നിരോധിച്ച മെൽഡോണിയം എന്ന ഉത്തേജക മരുന്ന് കഴിച്ചുവെന്നുള്ള ആരോപണമാണ് ഷറപ്പോവ അഭിമുഖീകരിക്കുന്നത്.

29 കാരിയായ ഈ റഷ്യൻ താരം ഇക്കഴിഞ്ഞ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിനിടെ ഉത്തേജകമരുന്നുപയോഗ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഷറപ്പോവയെ അടുത്ത നാലു വർഷത്തേക്ക് ടെന്നീസിൽ നിന്നു വിലക്കണമെന്നാണ് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ആവശ്യം. ഇതു സംഭവിക്കുമെന്ന് ലണ്ടനിലെ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

എന്നാൽ, വിലക്ക് ആറു മാസത്തേക്കോ ഒരു വർഷത്തേക്കോ ആയി ചുരുക്കണമെന്നും അഭിപ്രായം ഉയർന്നിരുന്നു. ഹൃദയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മെൽഡോണിയം എന്ന മരുന്ന് ഈ വർഷം ജനുവരി ഒന്നുമുതൽ വാഡ(വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി ഉത്തേജക മരുന്നിന്റെ പട്ടികയിൽ ചേർത്ത് നിരോധിച്ചിരുന്നു. ഇതറിയാതെയാണ് താൻ കഴിച്ചതെന്ന് ഷറപ്പോവ വാദിക്കുന്നു.

അതേസമയം, നിരോധനത്തെക്കുറിച്ചുള്ള വിവരം വാഡ ഷറപ്പോവയെ ഇ മെയിൽ വഴി അറിയിച്ചിരുന്നു.

ഇതിനിടെ കാലങ്ങളായി മെൽഡോണിയം ഷറപ്പോവ ഉപയോഗിച്ചു വരുന്നതായി അവർതന്നെ വെളിപ്പെടുത്തിയിരുന്നു. കാരണം കഴിഞ്ഞ 10 വർഷമായി വാഡ ഈ മരുന്നിനെ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയില്ലായെന്നും ഷറപ്പോവ പറഞ്ഞു.ലോക ഉത്തേജക വിരുദ്ധ ഏജൻസി നിരോധിച്ച മരുന്ന് കഴിച്ചതായി ഓസ്ട്രേലിയൻ ഓപ്പണിനു ശേഷം നടത്തിയ പരിശോധനയിൽ വ്യക്‌തമായതിന്റെ പിന്നാലെ ഷറപ്പോവയെ സസ്പെൻഡ് ചെയ്തിരുന്നു.വാഡ ഈ വർഷം ജനുവരി ഒന്നിനു മാത്രമാണ് ഇതു നിരോധിച്ചത്. നിരോധിക്കാൻ പോകുന്നതായി 2015 ഡിസംബർ 22 നു തന്നെ എല്ലാ അത്ലറ്റുകളെയും അറിയിച്ചിരുന്നെങ്കിലും, താൻ ലിസ്റ്റ് വായിച്ചു നോക്കിയില്ലെന്നും ഷറപ്പോവ അന്നു വെളിപ്പെടുത്തിയിരുന്നു.


ഈ മരുന്ന് കഴിച്ചാൽ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് അടുത്തിടെയാണ് സ്‌ഥിരീകരിക്കപ്പെട്ടത്. തുടർന്നാണ് നിരോധിക്കാൻ വാഡ തീരുമാനിച്ചത്. എന്നാൽ, താനിതു മരുന്നായാണ് കഴിച്ചിരുന്നതെന്ന് ഷറപ്പോവ പറയുന്നു. ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്.

പാരമ്പര്യമായി പ്രമേഹവും വരാനിടയുള്ളതിനാലാണ് മരുന്ന് കഴിച്ചിരുന്നതെന്നും ഷറപോവ പറയുന്നു. വിലക്കിയതിനേത്തുടർന്ന് നൈക്ക്, പോർഷെ, ടാഗ് ഹൊയർ തുടങ്ങിയ കമ്പനികൾ ഷറപ്പോവയുമായുള്ള പരസ്യ കരാർ റദ്ദാക്കിയതു വലിയ തിരിച്ചടിയായിരുന്നു. ലിത്വാനയിൽ ഉത്പാദിപ്പി്ക്കുന്ന ഈ മരുന്ന് കിഴക്കൻ യൂറോപ്പിൽ കായിക താരങ്ങൾ വൻതോതിൽ ഉപയോഗിച്ചിരുന്നു.ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുത്ത ബെലാറൂസ് ടെന്നീസ് താരം സെർജി ബേറ്റോവ് ഈ മരുന്ന് ഉപയോഗിച്ചിരുന്നതായി വാഡ കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.