കരുൺ കാത്തു!
കരുൺ കാത്തു!
Friday, May 20, 2016 12:30 PM IST
റായ്പൂർ: നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഡൽഹി ഡെയർഡെവിൾസിന്റെ കൈപിടിച്ച് കരുൺ നായർ. സൺറൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് തോല്പിച്ച ഡൽഹി പ്ലേ ഓഫ് സ്വപ്നങ്ങളുടെ ആയുസ് അവസാന മത്സരം വരെ നീട്ടി. അവസാന പന്തു വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിലായിരുന്നു ഡൽഹിയുടെ ജയം. 59 പന്തിൽ പുറത്താകാതെ 83 റൺസെടുത്ത കരുണാണ് വിജയശില്പി. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ ഏഴിന് 158, ഡൽഹി 20 ഓവറിൽ നാലിന് 161.

പതിമൂന്ന് കളികൾ പൂർത്തിയാക്കിയ ഡൽഹി 14 പോയിന്റുമായി ആറാമതാണ്. ഹൈദരാബാദ് ഒന്നാമതും. അടുത്ത കളിയിൽ ജയിക്കുന്നതിനൊപ്പം മറ്റു ഘടകങ്ങൾ അനുകൂലമായാൽ മാത്രമേ ഡൽഹിക്കു പ്ലേ ഓഫിലെത്താനാകൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്നെങ്കിലും ഹൈദരാബാദിനു മികച്ച തുടക്കമാണ് ഓപ്പണർമാർ നല്കിയത്. ആവശ്യമില്ലാതെ വിക്കറ്റ് കളഞ്ഞ് ശിഖർ ധവാൻ (10) റണ്ണൗട്ടാകുമ്പോൾ സ്കോർബോർഡിൽ 46 റൺസ്. തൊട്ടുപിന്നാലെ ദീപക് ഹൂഡയും (ഒന്ന്), യുവരാജ് സിംഗും (10) കൂടാരം കയറിയതോടെ മൂന്നിന് 66 റൺസിലേക്ക് ഹൈദരാബാദ് വഴുതിവീണു. മറ്റൊരു കങ്കാരുതാരം മോയിസ് ഹെൻറിക്വസിനെ കാഴ്ച്ചക്കാരനാക്കി വാർണർ അടിച്ചുതകർത്തതോടെ ഹൈദരാബാദ് സ്കോർ അതിവേഗം ഉയർന്നു. എന്നാൽ, 105ൽ നിൽക്കേ 18 റൺസെടുത്ത ഹെൻറിക്വസിനെ ജെ.പി. ഡുമിനി പുറത്താക്കിയത് കളിയിൽ വഴിത്തിരിവായി. പിന്നാലെ 56 പന്തിൽ 73 റൺസെടുത്ത വാർണറും മടങ്ങി. അതോടെ കൂറ്റൻ സ്കോറെന്ന സ്വപ്നവും വിഫലമായി.

ഫോമിലുള്ള ക്വന്റൺ ഡികോക്കിനെ തുടക്കത്തിലേ നഷ്‌ടമായെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാതെയായിരുന്നു ഡൽഹിയുടെ മറുപടി. ബരീന്ദ്രൻ സ്രാനിന്റെ പന്തിൽ വിക്കറ്റ്കീപ്പർ നമൻ ഓജ പിടിച്ചാണ് ഡികോക്ക് പുറത്താകുന്നത്. പിന്നാലെയെത്തിയ കരുൺ നായർ ഉജ്വലഫോമിലായിരുന്നു. റിഷാബ് പന്തിനൊപ്പം കരുൺ അതിവേഗം സ്കോർ ഉയർത്തിയതോടെ കാര്യങ്ങൾ ചെകുത്താന്മാരുടെ വഴിക്കു വന്നു. എന്നാൽ, അവസാന ഓവറുകളിൽ ഹൈദരാബാദ് പിടിമുറുക്കിയതോടെ കളി അവസാന ഓവറിലേക്കു നീങ്ങി. സ്ട്രൈക്ക് ബൗളർ ആശിഷ് നെഹ്റയുടെ അഭാവം ഹൈദരാബാദ് നിരയിൽ നിഴലിക്കുകയും ചെയ്തു.


<ആ>സ്കോർബോർഡ്

ഹൈദരാബാദ് ബാറ്റിംഗ്– വാർണർ സി മിശ്ര ബി ബ്രെയ്ത്വെയ്റ്റ് 73, ധവാൻ റണ്ണൗട്ട് 10, ഹൂഡ റണ്ണൗട്ട് ഒന്ന്, യുവരാജ് ബി ബ്രെയ്ത്വെയ്റ്റ് 10, ഹെൻറിക്വസ് സി നെഗി ബി ഡുമിനി 18, മോർഗൻ സി ബ്രെയ്ത്വെയ്റ്റ് ബി കൾട്ടർനെയ്ൽ 14, നമൻ ഓജ നോട്ടൗട്ട് 16, ഭുവനേശ്വർ റണ്ണൗട്ട് 13 എക്സ്ട്രാസ് മൂന്ന് ആകെ 20 ഓവറിൽ ഏഴു വിക്കറ്റിന് 158

ബൗളിംഗ് സഹീർ ഖാൻ 4–0–26–0, ജയന്ത് 4–0–37–0, കൾട്ടർനെയ്ൽ 4–0–36–1, ബ്രെയ്ത്വെയ്റ്റ് 4–0–27–2, മിശ്ര 3–0–21–0, ഡുമിനി 1–0–9–1

ഡൽഹി ബാറ്റിംഗ് ഡികോക്ക് സി ഓജ ബി സ്രാൻ 2, റിഷാബ് പന്ത് റണ്ണൗട്ട് 32, കരുൺ നായർ നോട്ടൗട്ട് 83 ഡുമിനി സി വാർണർ ബി സ്രാൻ 17 ബ്രെയ്ത്വെയ്റ്റ് സി സ്രാൻ ബി മുസ്താഫിസൂർ 10 സഞ്ജു നോട്ടൗട്ട് 3, എക്സ്ട്രാസ് 14 ആകെ 20 ഓവറിൽ നാലു വിക്കറ്റിന് 161

ബൗളിംഗ് ഭുവനേശ്വർ 4–0–33–0, സ്രാൻ 4–0–34–2, റഹ്മാൻ 4–0–24–1, ഹെൻറിക്വസ് 2–0–18–0, ഹൂഡ 2–0–16–0, കരൺ 3–0–25–0, യുവരാജ് 1–0–7–0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.