ലക്ഷ്യം ഡബിൾ; ബാഴ്സ സെവിയ്യയ്ക്കെതിരേ
ലക്ഷ്യം ഡബിൾ; ബാഴ്സ സെവിയ്യയ്ക്കെതിരേ
Saturday, May 21, 2016 12:29 PM IST
മാഡ്രിഡ്: സീസണിൽ രണ്ടാം കിരീടം ഷെൽഫിലെത്തിക്കാൻ ബാഴ്സലോണ ഇന്നിറങ്ങുന്നു. കോപ്പ ഡെൽറേ കപ്പ് ഫൈനലിൽ സെവിയ്യയാണ് എതിരാളികൾ. ഇന്ത്യൻ സമയം അർധരാത്രി ഒരു മണിക്കാണു മത്സരം. ചില്ലറക്കാരല്ല എതിരാളികൾ. യുവേഫ യൂറോപ്പ ലീഗിൽ ലിവർപൂളിനെ തോല്പിച്ച് കിരീടം ചൂടിയതിന്റെ ആവേശത്തിലാണ് സെവിയ്യ ഇറങ്ങുന്നത്.

കോപ്പ ഡെൽ റേയിൽ 28–ാം കിരീടമാണ് മെസിയും സംഘവും ലക്ഷ്യംവയ്ക്കുന്നത്. സീസണിന്റെ തുടക്കത്തിൽ സൂപ്പർ കപ്പിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ എക്സ്ട്രാ ടൈമിൽ ന്യൂകാമ്പുകാർക്കായിരുന്നു ജയം (5–4). ലാലിഗയിൽ ഹോംഗ്രൗണ്ടിൽ അതാതു ടീമുകൾക്കായിരുന്നു ജയം.

ബാഴ്സയ്ക്കായി ഒന്നാം നമ്പർ ഗോളി ക്ലോഡിയോ ബ്രാവോ ഇന്നു കളിച്ചേക്കില്ലെന്നാണു സൂചന. പരിക്കു ഭേദമാകാത്തതാണ് ചിലി താരത്തിന് വിനയായത്. മാർക് ആന്ദ്രേയാകും പകരം വല കാക്കുക. ഗ്രനഡയെ തകർത്തു ലാലിഗ കിരീടം നേടിയ ടീമിൽനിന്നു കാര്യമായ മറ്റു മാറ്റങ്ങൾക്ക് ലൂയിസ് എൻറിക്വെ മുതിരില്ല. ലൂയിസ് സുവാരസ്–ലയണൽ മെസി– നെയ്മർ ത്രയം തന്നെയാകും മുന്നേറ്റത്തിൽ. സസ്പെൻഷനിലുള്ള സ്റ്റീവൻ സോൻസി പരിക്കേറ്റ ബെന്നോറ്റ് ട്രെമുളിനസ് എന്നിവർ സെവിയ്യ നിരയിലുണ്ടാകില്ല.


<ആ>സ്കോട്ടിഷ് പതാക പാറും

കോപ്പ ഡെൽ റേ കപ്പിൽ സ്കോട്ട്ലൻഡ് പതാകയേന്തിയുള്ള പ്രതിഷേധവും. ബാഴ്സലോണ ക്ലബ് സ്‌ഥിതി ചെയ്യുന്ന കാറ്റലോണിയൻ പ്രവിശ്യ സ്പെയിനിൽനിന്നു സ്വതന്ത്രമാകണമെന്നു വാദിക്കുന്നവരാണ് പതാകപ്രതിഷേധത്തിനു പിന്നിൽ. കളി നടക്കുന്ന വിൻസെന്റേ കാൽഡെറോൺ സ്റ്റേഡിയത്തിൽ 10,000 സ്കോട്ടിഷ് പതാകകൾ വിതരണം ചെയ്യാനാണ് സംഘാടകരുടെ ലക്ഷ്യം.

ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടണമോ എന്ന കാര്യത്തിൽ സ്കോട്ലൻഡിൽ 2014ൽ ഹിതപരിശോധന നടന്നിരുന്നു. എന്നാൽ, കാറ്റലോണിയയുടെ കാര്യത്തിൽ ഹിതപരിശോധന നടത്താൻ സ്പാനിഷ് സർക്കാർ വിമുഖത കാണിച്ചിരുന്നു. സ്കോട്ട്ലൻഡിലേ തുപോലെ ഹിതപരിശോധന നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതീകാത്മക സമരത്തിനു അവരെ പ്രേരിപ്പിച്ചതിനു കാരണം ഇതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.