ബയേൺ മ്യൂണിക്കിനു ജർമൻ കപ്പ്
Sunday, May 22, 2016 12:11 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ചാമ്പ്യൻസ് ലീഗിൽ പുറത്തായെങ്കിലും പെപ് ഗാർഡിയോളയെ എഴുതിത്തള്ളാനാകില്ലെന്ന് തെളിയിച്ചുകൊണ്ട് ഇതാ ജർമൻ കപ്പ് സ്വന്തമാക്കിയിരിക്കുന്നു ബയേൺ മ്യൂണിക്. ജർമൻ ലീഗ് പട്ടം കീശയിലാക്കിയതിനു പിന്നാലെ ഇക്കുറി തുടരെ നാലാം വട്ടമാണ് ബയേൺ മ്യൂണിക് കിരീടം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

ജർമൻ ലീഗിൽ നേരത്തെ തന്നെ കിരീടം ഉറപ്പിച്ച ബയേൺ ഇപ്പോൾ ബോറൂസിയ ഡോർട്ട്മുണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ജർമൻ കപ്പ് കൂടി ഉയർത്തിയിരിക്കുന്നത്.

നിശ്ചിത സമയത്തും അധിക സമയത്തും ഗോളൊന്നും പിറക്കാതിരുന്നതിനെത്തുടർന്നാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഡോർട്ട്മുണ്ടിന്റെ സീസണിലെ ടോപ് സ്കോറർ പിയറി എമറിക് ഔബമെയാങ്ങും ബയേണിന്റെ പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയും എക്സ്ട്രാ ടൈമിൽ((93 ാം മിനിട്ടിൽ) ഓരോ അവസരങ്ങൾ പാഴാക്കിയത് മൽസരത്തിന്റെ മൊത്തമുള്ള ഗതിയെ മാറ്റുകതന്നെ ചെയ്തു. ഡോർട്ട്മുണ്ടിന്റെ എറിക് ഡോറൺ നേരിട്ട് തടയിടുകയായിരുന്നു.

ആദ്യപകുതിയിലെ 22–ാം മിനിറ്റിൽ മ്യൂളറിന്റെ ഹെഡർ പാഴായി. 39–ാം മിനിറ്റിൽ ഫ്രാങ്ക് റിബറി ഗോൺസാലോ കാസ്ട്രോയുടെ കണ്ണിൽ കുത്തിയത് ഇരുവർക്കും വിനയായെന്നു മാത്രമല്ല മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ എടുത്തുപറയത്തക്ക മുന്നേറ്റങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല. ഷൂട്ടൗട്ടിൽ ബോറൂസിയ രണ്ടും മൂന്നും കിക്കുകൾ പാഴാക്കി. അതിൽ ഒന്ന് ഗോളി മാനുവൽ നോയർ രക്ഷപ്പെടുത്തുകയായിരുന്നു, ബെൻഡറുടെ അടിയാണ് നോയർ കൈപ്പിടിയിലൊതുക്കിയത്. അടുത്ത കിക്കെടുത്ത സോക്രട്ടീസ് പാപാസ്തോപൗലോസ് നഷ്‌ടപ്പെടുത്തുകയും ചെയ്തതോടെ ഡോർട്ടുമുണ്ടിന്റെ അവസാനത്തെ പ്രതീക്ഷയും മങ്ങി. ഡഗ്ലസ് കോസ്റ്റ ആദ്യ ഷോട്ടും ജോഷ് കിമ്മിച്ച് നിർണായകമായ മൂന്നാം ഷോട്ടും ബോറൂസിയയുടെ പോസ്റ്റിലെത്തിച്ചതോടെ ബയേൺ ആരാധകർ ആഹ്ലാദാരവം മുഴക്കി. ബയേൺ കോച്ച് പെപ് ഗാർഡിയോളയുടെ ജീവിതത്തിലെ ഏറ്റവും മികച്ച യാത്രയയപ്പായി ഇത്.


ബയേണിനു വേണ്ടി ഏഴാം തവണയും കിരീടം സമ്മാനിച്ചാണ് കോച്ച് ഗാർഡിയോള ക്ലബ്ബിന്റെ പടിയിറങ്ങുന്നത്. ഈ ജൂൺ മുതൽ ബയേണിന്റെ കോച്ച് സ്‌ഥാനം വിട്ട് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേൽക്കുകയാണ്.

ഷൂട്ടൗട്ടിൽ ബയേൺ താരങ്ങളായ അൽതുറോ വിദാൽ, ലെവൻഡോസ്കി, തോമസ് മ്യുളർ,കോസ്റ്റ എന്നിവരാണു ലക്ഷ്യം കണ്ടത്. എന്നാൽ, മൂന്നാമത്തെ കിക്കെടുത്ത ജോഷ് കിമ്മിച്ചിന്റെ കിക്ക് പാഴായി. ഡോർട്ട്മുണ്ടിനായി കിക്കെടുത്ത ഷിൻജി കഗാവ,പിറെ എമറിച്ച്,മാർക്കോ റൊയസ് എന്നിവർ ലക്ഷ്യം കണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.