യുണൈറ്റഡിന് എഫ്എ കപ്പ്
യുണൈറ്റഡിന് എഫ്എ കപ്പ്
Sunday, May 22, 2016 12:11 PM IST
ലണ്ടൻ: തിരിച്ചടികളുടെ സീസണിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ ലൂയിസ് വാൻഗലിനും ആശ്വാസം. എഫ് കപ്പ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിനെ 2–1ന് കീഴടക്കി യുണൈറ്റഡ് കിരീടം സ്വന്തമാക്കി. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ജയം.

ഗോൾശ്രമങ്ങൾ സജീവമായിരുന്നെങ്കിലും വലകുലുങ്ങാത്ത ആദ്യ പകുതിക്കുശേഷമായിരുന്നു കളിക്കു ജീവൻവച്ചത്. 78–ാം മിനിറ്റിൽ ഏവരെയും ഞെട്ടിച്ച് ക്രിസ്റ്റൽ പാലസ് ആദ്യ ഗോൾ നേടി. ജാസൺ പുഞ്ചിയോണായിരുന്നു സ്കോറർ. എന്നാൽ, ക്രിസ്റ്റലിന്റെ ആഹ്ലാദത്തിന് ആയുസ് വെറും മൂന്നു മിനിറ്റ് മാത്രം. 81–ാം മിനിറ്റിൽ യുവാൻ മാട്ടയുടെ ബൂട്ടിൽനിന്ന് സമനില ഗോളെത്തി. തുല്യതയിലെത്തിയതോടെ കളി ചൂടുപിടിച്ചു. ഇതിനിടെ മാർക്കസ് റാഷ്ഫോർഡും മാർക്കസ് റോജോയും പരിക്കേറ്റ് കളംവിട്ടത് യുണൈറ്റഡിന് വൻതിരിച്ചടിയായി.


നിശ്ചിതസമയത്തും സമനിലപ്പൂട്ട് പൊട്ടിക്കാൻ ഇരുകൂട്ടരും പരാജയപ്പെട്ടതോടെ കളി എക്സ്ട്രാടൈമിലേക്ക്. ക്രിസ് സ്മോളിംഗ് ചുവപ്പുകാർഡ് വാങ്ങി മൈതാനംവിട്ടതോടെ യുണൈറ്റഡ് പത്തുപേരായി ചുരുങ്ങി. ആളെണ്ണം കുറഞ്ഞെങ്കിലും യുണൈറ്റഡ് പതറിയില്ല. 110–ാം മിനിറ്റിൽ വെയ്ൻ ഹെന്നേസിയുടെ തകർപ്പൻ ഗോളോടെ യുണൈറ്റഡ് 12–ാം കിരീടം ഉറപ്പിച്ചു.

പന്ത്രണ്ട് വർഷത്തിനിടെ യുണൈറ്റഡിന്റെ ആദ്യ എഫ്എ കപ്പ് കിരീടത്തിനാണ് വെംബ്ലി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഏറ്റവുമധികം തവണ കിരീടം സ്വന്തമാക്കിയ ആഴ്സണലിന്റെ റിക്കാർഡിനൊപ്പമെത്താനും വാൻഗലിനും സംഘത്തിനുമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.