യൂറോ കപ്പ്: തിരിച്ചുവരവു ലക്ഷ്യമിട്ട് ഇംഗ്ലണ്ട്
യൂറോ കപ്പ്: തിരിച്ചുവരവു ലക്ഷ്യമിട്ട് ഇംഗ്ലണ്ട്
Tuesday, May 24, 2016 12:41 PM IST
2016 യൂറോ കപ്പിൽ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. യൂറോ കപ്പ് ഇതുവരെ കിട്ടാത്ത ഇംഗ്ലണ്ട് കിരീടം ലക്ഷ്യമിട്ടു തന്നെയാണ് എത്തുന്നത്.

1966ലെ ഫുട്ബോൾ ലോകകപ്പ് നേടിയശേഷം മങ്ങിപ്പോയ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ പാതയിലാണ്. പശ്ചിമജർമനിയെ തകർത്ത് കിരീടം നേടിയ ഇംഗ്ലണ്ടിനു പിന്നീടുള്ള ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടങ്ങളിലും പ്രീക്വാർട്ടർ, ക്വാർട്ടർ ഘട്ടങ്ങളിലും ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹം പൊലിഞ്ഞു. 1990ൽ നാലാം സ്‌ഥാനത്ത് എത്തിയതുമാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാക്കളായശേഷമുള്ള മികച്ച നേട്ടം. ഓരോ കാലഘട്ടത്തും മികച്ച കളിക്കാർ ധാരാളമുണ്ടെങ്കിലും ആ മികവ് ലോകകപ്പിലോ യൂറോ കപ്പിലോ പുറത്തെടുക്കാൻ ടീമിനായില്ല. യൂറോ കപ്പാണെങ്കിൽ കിട്ടാക്കനിയായി തുടരുന്നു. 1968ൽ മൂന്നാം സ്‌ഥാനവും ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 1996ലെ യൂറോ കപ്പിന്റെ സെമിയിൽ എത്തിയതുംമാത്രമായിരുന്നു യൂറോയിൽ ഇംഗ്ലീഷ് ടീമിന്റെ വലിയ നേട്ടങ്ങൾ. സെമിയിലെത്തിയ ഓരോ പ്രാവശ്യവും നിർഭാഗ്യം അവരെ വിടാതെ പിന്തുടർന്നു. 1968ൽ 87–ാം മിനിറ്റിൽ ഡ്രാഗൻ ഡായിക് നേടിയ ഏക ഗോളിൽ യൂഗോസ്ലാവിയയോടു തോറ്റു. സ്വന്തം നാട്ടിൽ 1996ലെ സെമിയിൽ ജർമനിയോട് ആദ്യം മുന്നിട്ടു നിന്നശേഷം സമനില വഴങ്ങി. അതിനുശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ വെംബ്ലി സ്റ്റേഡിയത്തിൽ 6–5ന് തോറ്റു. പിന്നീട് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാൻ ഇംഗ്ലീഷ് ടീമിനായില്ല.

ഫ്രാൻസിൽ പഴയതെല്ലാം മറന്ന് മികച്ച പ്രകടനത്തോടെ കിരീടം സ്വന്തമാക്കാനാണ് വെയ്ൻ റൂണിയുടെ നേതൃത്വത്തിൽ റോയി ഹോഡ്ജ്സൺ പരിശീലിപ്പിക്കുന്ന ടീമെത്തുന്നത്. ഫ്രാൻസിലേക്കുള്ള യോഗ്യത മത്സരങ്ങളിൽ പത്ത് കളിയിൽ പത്തും ജയിച്ച് ഏറ്റവും മികച്ച ഫോമിലാണ് ഇംഗ്ലണ്ട് വരുന്നത്. യൂറോ യോഗ്യതയ്ക്കു ശേഷം നടന്ന സൗഹൃദ മത്സരങ്ങളിൽ നെതർലൻഡ്സിനോടു മാത്രമാണ് തോറ്റത്. ജർമനിയോടു രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോളടിച്ച് ജയിക്കുകയായിരുന്നു. യുവ പ്രതിഭകളുടെ ഒരു കൂട്ടമാണ് ഫ്രാൻസിലേക്കു പോരാട്ടത്തിനു പോകാൻ തയാറെടുക്കുന്നത്. ഇംഗ്ലണ്ടിനുവേണ്ടി 51 ഗോളുമായി നായകൻ റൂണി ഏറ്റവും കൂടുതൽ ഗോൾ നേടിയ റിക്കാർഡ് ഗ്രൂപ്പ് മത്സരങ്ങൾക്കിടെ സ്വന്തമാക്കി. റൂണിയുടെ പരിചയസമ്പത്ത് ഫ്രാൻസിൽ ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സ്കോറർ ഹാരി കെയ്നും രണ്ടാം സ്‌ഥാനത്തെത്തിയ ജെയ്മി വാർഡിയും ലീഗിലെ ഫോം തുടരുകയാണെങ്കിൽ ഇംഗ്ലണ്ടിനെ ഭയക്കേണ്ടിവരും. കെയ്നും വാർഡിയും സൗഹൃദ മത്സരങ്ങളിൽ ഗോൾ നേടുകയും ചെയ്തിരുന്നു. ജർമനിയുടെയും തുർക്കിയുടെയും വല കെയ്ൻ കുലുക്കിയപ്പോൾ വാർഡി ജർമനി, നെതർലൻഡ്സ്, തുർക്കി എന്നിവർക്കെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു. ഇവർക്കു പുറമെ ലീഗ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ടീമിലെ പുതുമുഖം മാർകസ് റഷ്ഫോർഡ്, ഡാനിയൽ സ്റ്റുറിഡ്ജ്, റഹീം സ്റ്റെർലിംഗ്, ഡാനി ഡ്രിങ്ക്വാട്ടർ, ആദം ലല്ലാന, എറിക് ഡയർ, ഡെലെ അലി, ജാക് വിൽഷെയർ, കെയ്ൽ വാക്കർ, നഥാനിയേൽ ക്ലെയ്ൻ, ക്രിസ് സ്മോളിംഗ്, ഗാരി കാഹിൽ, ഡാനി റോസ്, ഗോൾകീപ്പർ ജോ ഹാർട്ട് എന്നിവരെ ഉൾപ്പെടുത്തിയാണ് ഹോഡ്ജ്സൺ സാധ്യത ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യൂറോയ്ക്കു മുമ്പ് ഇംഗ്ലണ്ടിനു രണ്ടു സൗഹൃദ മത്സരം കൂടിയുണ്ട്. മികച്ച ഫോമിലായിരുന്ന ഇംഗ്ലണ്ട് അടങ്ങുന്ന ഗ്രൂപ്പ് ബിയിൽ റഷ്യ, സ്ലോവാക്യ, വെയ്ൽസ് തുടങ്ങിയവരാണുള്ളത്. ജൂൺ 12ന് റഷ്യക്കെതിരെയുള്ള പോരാട്ടത്തോടെയാണ് ഇംഗ്ലണ്ട് യൂറോ കപ്പിനു തുടക്കമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.