രണ്ടും കല്പിച്ച് അസൂറികൾ
രണ്ടും കല്പിച്ച് അസൂറികൾ
Wednesday, May 25, 2016 12:45 PM IST
വൻ ടൂർണമെന്റുകളിൽ മിനിമം ഗാരണ്ടി ടീമാണ് ഇറ്റലിയുടേത്. എത്ര മോശം ടീമുമായി എത്തിയാലും ക്വാർട്ടറെങ്കിലും ഉറപ്പ്. പതിവുപോലെ താരതമ്യേന മികച്ച ടീമുമായാണ് ഫ്രാൻസിലേക്ക് യൂറോകപ്പ് ഫുട്ബോളിനായുള്ള വരവ്. യോഗ്യതറൗണ്ടിൽ ഒരു തോൽവി പോലുമില്ലാതെയാണ് യൂറോകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. പത്ത് കളിയിൽ ഏഴു ജയം മൂന്നു സമനില എന്ന കണക്കിലാണ് അസൂറികളുടെ യോഗ്യതയിലെ പ്രകടനം.

ലോകഫുട്ബോളിൽ കരുത്തരാണെങ്കിലും ഇറ്റലി ഒരിക്കൽ മാത്രമേ യൂറോ ചാമ്പ്യന്മാരായിട്ടുള്ളു. 1968ൽ യൂഗോസ്ലാവിയയെ പരാജയപ്പെടുത്തിയാണ് ആദ്യമായി യൂറോ കിരീടമുയർത്തിയത്. അതിനുശേഷം നീണ്ട കാത്തിരിപ്പിനുശേഷം 2000ത്തിലും 2012ലും ഫൈനലിലെത്തി. 1980ലും 1988ലും സെമിയിലെത്തിയതായിരുന്നു ഇതിനു മുമ്പുള്ള മികച്ച നേട്ടം. 2000ലെ ഫൈനലിൽ ഫ്രാൻസിനോട് നിർഭാഗ്യംകൊണ്ടാണ് തോറ്റത്. ഒരു ഗോളിനു മുന്നിൽനിന്നശേഷം കളിതീരാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ഒരു ഗോൾ വഴങ്ങി സമനില പാലിച്ചു. അധികസമയത്തെ ഗോൾഡൻ ഗോളിൽ ഇറ്റലി തോൽക്കുകയും ചെയ്തു. 2012 യൂറോകപ്പിൽ തോൽവി അറിയാതെ ഫൈനൽ വരെ കുതിച്ചെത്തി. എന്നാൽ ഫൈനലിൽ ഇറ്റലി 4–0ന് സ്പെയിനിനോട് നിരുപാധികം കീഴടങ്ങി. നിലവിലെ രണ്ടാം സ്‌ഥാനക്കാരായ ഇറ്റലിയുടെ ലക്ഷ്യം കിരീടം തന്നെയാണ്.


യൂറോകപ്പോടെ ഇറ്റലിയുടെ പരിശീലക കുപ്പായം മാറ്റുന്ന അന്റോണിയോ കോന്റെയ്ക്കു കിരീടത്തോടുകൂടിയ വിടവാങ്ങൽ നൽകാൻ ടീം ആഗ്രഹിക്കുന്നു. കോന്റെ യൂറോ കപ്പിനുശേഷം ചെൽസിയുടെ പരിശീലകനാകുകയാണ്. ലോകകപ്പ് നേടിയ നായകനും ഗോൾകീപ്പറുമായ ജിയാൻലൂയിജി ബഫേൺ യൂറോ കിരീടം കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യവുമുണ്ട്. ടീമിലെ സീനിയറായ ബഫേൺ ഇറ്റലിക്കുവേണ്ടി ഏറ്റവും കൂടുതൽ തവണ കളിച്ച താരമാണ്. 156 പ്രാവശ്യം ഇറ്റാലിയൻ കുപ്പായത്തിൽ യുവന്റസ് ഗോൾകീപ്പർ വല കാത്തു. ഈ റിക്കാർഡിനൊപ്പം യൂറോകപ്പു കൂടി കൈയ്യിലേന്തി കളംവിടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

യൂറോ കപ്പിനുള്ള സാധ്യതാ ടീമിൽ മരിയോ ബലോട്ടെലി, ആന്ദ്രെ പിർലോ, സെബാസ്റ്റ്യൻ ജിയോവിൻങ്കോ എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല. ഇറ്റലിക്ക് വേണ്ടി പിർലോ 116 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ്ബുകളിലും മറ്റ് വിദേശ ക്ലബ്ബുകളിലും പ്രാഗത്ഭ്യം തെളിയിച്ച താരങ്ങളെയാണ് കോന്റെ 30 അംഗ സാധ്യത ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മരണ ഗ്രൂപ്പ് എന്നു വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് ഇയിൽ ബെൽജിയം, സ്വീഡൻ, അയർലൻഡ് എന്നീ ടീമുകൾക്കൊപ്പമാണ് ഇറ്റലി. ആദ്യമത്സരത്തിൽ കരുത്തരായ ബെൽജിയമാണ് എതിരാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.