ശ്രീശങ്കരനു മീറ്റ് റിക്കാർഡ്
ശ്രീശങ്കരനു മീറ്റ് റിക്കാർഡ്
Friday, May 27, 2016 12:36 PM IST
<ആ>ബിജോയി ജോസഫ്

തേഞ്ഞിപ്പലം: ഒന്നാം സ്‌ഥാനം ലക്ഷ്യമിട്ടിറങ്ങിയ കേരളം ദേശീയ യൂത്ത് അത്ലറ്റിക്സിന്റെ രണ്ടാം ദിനം നിരാശപ്പെടുത്തി. എം. ശ്രീശങ്കരൻ ലോംഗ് ജംപിൽ മീറ്റ് റിക്കാർഡോടെ നേടിയ സ്വർണവും മൂന്നു വെങ്കലവും മാത്രമാണ് ഇന്നലത്തെ കേരളത്തിന്റെ സമ്പാദ്യം. 60 പോയിന്റുമായി ഉത്തർപ്രദേശാണ് ഒന്നാം സ്‌ഥാനത്ത് . 57 പോയിന്റോടെ കേരളം രണ്ടാം സ്‌ഥാനത്ത്. 51 പോയിന്റുള്ള ഹരിയാനയാണ് മൂന്നാമത്.

പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അഞ്ജലി തോമസും പെൺകുട്ടികളുടെ ഹൈജംപിൽ കെ.എ. റൂബീനയും പെൺകുട്ടികളുടെ 1500 മീറ്ററിൽ അനഘ ടോമുമാണ് കേരളത്തിനായി വെങ്കലമെഡൽ നേടിയത്.

ആദ്യ ദിനത്തിൽ നഷ്‌ടപ്പെട്ട ഒന്നാം സ്‌ഥാനം തിരിച്ചു പിടിക്കാനിറങ്ങിയ കേരള താരങ്ങൾ തീർത്തും നിരാശപ്പെടുത്തിയപ്പോൾ ശ്രീശങ്കരന്റെ സ്വർണനേട്ടമാണ് കേരളത്തിന് രണ്ടാം സ്‌ഥാനം നിലനിർത്താനായത്. 7.49 മീറ്റർചാടി ശ്രീശങ്കരൻ മധ്യപ്രദേശിന്റെ അങ്കിത് കുമാറിന്റെ(7.41) പേരിലുള്ള മീറ്റ് റിക്കാർഡാണ് തകർത്തത്. ഈ ഇനത്തിൽ തമിഴ്നാടിന്റെ എം. മഹേഷ്(7.18) വെള്ളിയും കർണാടകയുടെ എസ്. ലോകേഷ്(7.14) വെങ്കലവും നേടി.

കാലിക്കട്ട് വാഴ്സിറ്റി സ്റ്റേഡിയത്തിൽ ആൺകുട്ടികളുടെ 10000 മീറ്റർ നടത്ത മത്സരത്തോടെയാണ് രണ്ടാം ദിനം ട്രാക്കുണർന്നത്. ഈയിനത്തിൽ ഹരിയാനയുടെ നവീനും വിജയും സ്വർണവും വെള്ളിയും നേടിയപ്പോൾ കേരളത്തിന്റെ സി.ടി. നിതീഷിന് ആറാം സ്‌ഥനത്തെത്താനെ കഴിഞ്ഞുള്ളൂ. ഡൽഹിയുടെ സച്ചിനാണ് വെങ്കലം.

പെൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിലും കേരളം ആറാം സ്‌ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ കേരളത്തിന് ഫൈനൽ റൗണ്ടിൽ കടക്കാനുമായില്ല.

ആൺകുട്ടികളുടെ ഹാമർത്രോയിൽ ഉത്തർപ്രദേശിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. 68.28 മീറ്റർ എറിഞ്ഞ് വിക്രാന്ത് സ്വർണം നേടി. മൊഹത് അർഷലൻ(67.54) വെള്ളിയും മീരജ് അലി(67.33) വെങ്കലവും നേടി. കേരളത്തിന്റെ വി.എസ്. സുദീഷിനും കെ.എസ് ഗോകുലിനും യഥാക്രമം എട്ട്, ഒമ്പത് സ്‌ഥാനത്തെത്താനേ കഴിഞ്ഞൊള്ളൂ.

ആൺകുട്ടികൾ തീർത്തും നിരാശപ്പെടുത്തിയ രണ്ടാം ദിനത്തിൽ 1500 മീറ്റർ മത്സരത്തിൽ കേരളത്തിന്റെ ടി. പ്രണവ് ആറാമതായാണ് ഫിനിഷ് ചെയ്തത്. ആസാമിന്റെ അജയ് ബിന്ദിനാണ് ഈ വിഭാഗത്തിൽ സ്വർണം. ഉത്തരാഖണ്ഡിന്റെ രാകേഷ് വെള്ളിയും മണിപ്പൂരിന്റെ പ്രസന്ത് വെങ്കലവും സ്വന്തമാക്കി. പെൺകുട്ടികളുടെ 1500 മീറ്ററിൽ ആദ്യ രണ്ടു റൗണ്ടിലും മുന്നിട്ടുനിന്നശേഷമാണ് കേരളത്തിന്റെ അനഘ ടോം മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ജാർഖണ്ഡിന്റെ നിറ്റു കുമാരിക്കാണ് സ്വർണം. വെസ്റ്റ് ബംഗാളിന്റെ ഡോളി ഘോഷ് വെങ്കലവും നേടി.


യൂത്ത് മീറ്റിന്റെ അവസാന ദിനമായ ഇന്ന് 18 ഫൈനലുകളാണുള്ളത്. 400 മീറ്ററിൽ ഉറച്ച സ്വർണ പ്രതീക്ഷയുമായി ജിസ്ന മാത്യു ഇന്ന് കേരളത്തിനായി ട്രാക്കിലിറങ്ങും. റിലേ മത്സരങ്ങൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ജയിച്ച് ചാമ്പ്യൻപട്ടം സ്വന്തമാക്കാമെന്ന ഉറച്ചപ്രതീക്ഷയിലാണ് കേരളം.


<ആ>പിതാവിന്റെ ശിക്ഷണം ശ്രീശങ്കരന്റെ കരുത്ത്

<ശാഴ െൃര=/ിലംശൊമഴലെ/െൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

തേഞ്ഞിപ്പലം: ഗുരുസ്‌ഥാനത്ത് അച്ഛൻ. ശ്രീശങ്കരനു പിഴച്ചില്ല. ദേശീയ യൂത്ത് അത്ലറ്റിക്സിൽ ലോംഗ് ജംപിൽ മീറ്റ് റിക്കാർഡോടെ സ്വർണം. ആൺകുട്ടികളുടെ ലോംഗ് ജംപിൽ 7.49 മീറ്റർ ചാടിയാണ് പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില പ്ലസ്വൺ വിദ്യാർഥിയായ എം. ശ്രീശങ്കരൻ കേരളത്തിന്റെ അഭിമാനമായത്. മീറ്റിൽ ഇന്നലെ കേരളത്തിന് ലഭിച്ച ഏക സ്വർണവും ഇതാണ്. മാത്രവുമല്ല ശ്രീശങ്കരനൊഴികെ ആൺകുട്ടികൾക്കാർക്കും ഇന്നലെ മെഡൽ നേടാനുമായില്ല.

കായിക കുടുംബത്തിലെ അംഗമാണ് ശ്രീശങ്കരൻ. പിതാവ് മുരളിയാണ് മകന്റെ പരിശീലകനും വഴികാട്ടിയും. റെയിൽവേയിൽ ചീഫ് സൂപ്പർവൈസറായ മുരളി 1989ലെ സാഫ് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ വെള്ളി മെഡൽ നേടിയിരുന്നു. മാതാവ് കെ.എസ്. ബിജിമോൾ ജൂണിയർ ഏഷ്യൻഗെയിംസിലെ മെഡൽജേതാവാണ്. വിവിധ മീറ്റുകളിൽ ശ്രീശങ്കർ നേരത്തെ റിക്കാഡുകളിട്ടിട്ടുണ്ട്. സംസ്ഥാന യൂത്ത് മീറ്റിൽ നൂറ് മീറ്ററിലും ലോംഗ് ജംപിലും റിക്കാർഡിനുടമയാണ്. ഇതിനു പുറമെ കഴിഞ്ഞ വർഷം നടന്ന സംസ്ഥാന ഇന്റർക്ലബ്ബ് മീറ്റിലും റിക്കാർഡ് പ്രകടനത്തോടെ സ്വർണം നേടിയിരുന്നു. ശ്രീശങ്കർ ദേശീയ മീറ്റിൽ ലോംഗ് ജംപിൽ മാത്രമാണ് മത്സരത്തിനിറങ്ങിയിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.