വീണ്ടും യുവകേരളം
വീണ്ടും യുവകേരളം
Saturday, May 28, 2016 12:33 PM IST
<ആ>സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം: ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ അഞ്ചാം തവണയും കേരളത്തിനു ഓവറോൾ കിരീടം. 156 പോയിന്റ് നേടിയാണ് ഇത്തവണ കേരളം കിരീടം ചൂടിയത്. അവസാന ദിനത്തിലെ പ്രകടനത്തിന്റെ കരുത്തിലായിരുന്നു കേരളത്തിന്റെ മുന്നേറ്റം. കേരളം എട്ടാം തവണയാണ് ദേശീയ കായിക മേളയിൽ ചാമ്പ്യൻമാരാകുന്നത്. കേരളത്തിന് 156 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാം സ്‌ഥാനത്തുള്ള തമിഴ്നാടിനു 114 പോയിന്റ് മാത്രമേ നേടാനായുള്ളൂ. എതിരാളികളെ ബഹുദൂരം പിന്നിലാക്കി പെൺകരുത്തിൽ കേരളം ഇത്തവണയും കിരീടം ചൂടുകയായിരുന്നു. 95 പോയിന്റ് ലഭിച്ച ഹരിയാനയാണ് മൂന്നാം സ്‌ഥാനത്ത്. ചാമ്പ്യൻഷിപ്പിന്റെ സമാപന ദിവസമായ ഇന്നലെ അഞ്ചു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും നേടിയാണ് കേരളം ഓവറോൾ കൈക്കലാക്കിയത്.

പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ചാമ്പ്യൻമാരായപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്‌ഥാനത്തേക്ക് ഇക്കുറി പിന്തള്ളപ്പെട്ടു. പെൺകുട്ടികളുടെ വിഭാഗത്തിൽ 104 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. 62 പോയിന്റോടെ തമിഴ്നാട് രണ്ടാം സ്‌ഥാനത്തും 42 പോയിന്റോടെ ഉത്തർപ്രദേശ് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ 87 പോയിന്റോടെ ഹരിയാനയാണ് ജേതാക്കളായത്. 52 പോയിന്റോടെ കേരളവും തമിഴ്നാടും രണ്ടാം സ്‌ഥാനം പങ്കിട്ടു. 44 പോയിന്റുള്ള ഉത്തർ പ്രദേശാണ് നാലാമത്.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ ആറ് പുതിയ റിക്കാർഡുകൾ പിറന്നു. പെൺകുട്ടികളുടെ പോൾവാൾട്ടിൽ ദേശീയ മീറ്റ് റിക്കാർഡുകൾ തിരുത്തി കേരളത്തിന്റെ നിവ്യ ആന്റണി, പെൺകുട്ടികളുടെ 400 മീറ്ററിൽ കേരളത്തിന്റെ ജിസ്ന മാത്യൂ, പെൺകുട്ടികളുടെ 800 മീറ്ററിൽ ഫെഡറേഷനു വേണ്ടി മത്സരിച്ച അബിത മേരി മാനുവൽ, 2000 മീറ്റർ സ്റ്റിപ്പിൾ ചെയ്സിൽ പഞ്ചാബിന്റെ പ്രിയങ്ക, ആൺകുട്ടികളുടെ 2000 മീറ്റർ സ്റ്റിപ്പിൾ ചെയ്സിൽ ഡൽഹിയുടെ രാജ് കുമാർ എന്നിവരാണ് ഇന്നലെ റിക്കാർഡ് പ്രകടനം കാഴ്ച്ചവച്ചത്. ഇതോടെ മൂന്നു ദിവസങ്ങളിലായി നടന്ന മീറ്റിൽ മൂന്ന് ദേശീയ റിക്കാർഡും 10 മീറ്റ് റിക്കാർഡുകളുമുണ്ടായി.


പോൾവാൾട്ടിൽ ദേശീയ റിക്കാർഡോടെ സ്വർണമണിഞ്ഞ നിവ്യ ആന്റണി 2011 കേരളത്തിന്റെതന്നെ സിഞ്ചു പ്രകാശിന്റെ റിക്കാർഡാണ് മറികടന്നത്. 3.30 ആയിരുന്ന റിക്കാർഡ് 3.31 സമയത്തിൽ താണ്ടിയാണ് നിവ്യ തന്റെ പേരിലാക്കിയത്. ഈ ഇനത്തിൽ കേരളത്തിന്റെ തന്നെ പി. അഞ്ജലി ഫ്രാൻസിസ്, ദിവ്യ മോഹൻ എന്നിവർ 2.70 ചാടി വെള്ളിയും വെങ്കലവും സ്വന്തമാക്കി. 400 മീറ്ററിൽ സ്വർണം നേടിയ ജിസ്ന മാത്യു 53.88 സമയത്തിൽ ഫിനിഷ് ചെയ്ത് മീറ്റ് റിക്കാർഡും തന്റെ പേരിലാക്കി. 2007–ൽ കർണാടകയുടെ എം പൂവമ്മ 54.70 വേഗത്തിലോടി സ്‌ഥാപിച്ച മീറ്റ് റിക്കാർഡാണ് ജിസ്ന ഇന്നലെ മറികടന്നത്. ഈ ഇനത്തിൽ ദേശീയ റിക്കാർഡും ജിസ്നയുടെ പേരിലാണ്. കേരളത്തിന്റെ ലിനറ്റ് ജോർജ് (57.63)രണ്ടാം സ്‌ഥാനം നേടി.

ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ എ റാഷിദ് സ്വർണവും ഹരിയാന താരങ്ങളായ അമർജിത്ത്, അമൻ എന്നിവർ വെള്ളിയും വെങ്കലവും നേടി. പെൺ കുട്ടികളുടെ 400 മീറ്റർ ഹഡിൽസിൽ കേരളത്തിന്റെ എസ്. അർഷിദ ഒന്നാം സ്‌ഥാനവും തെലുങ്കാനയുടെ വിശാലാക്ഷി വെള്ളിയും കേരളത്തിന്റെ അഭിഗൈൽ ആരോകൈനറ്റ് വെങ്കലവും നേടി. പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ ആൽഫി ലൂക്കോസ് (12.28) വെള്ളിയും ലൈസബത്ത് കറോലൈൻ (12.29) വെങ്കലും സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.