റയലിന് 11–ാം കിരീടം
റയലിന് 11–ാം കിരീടം
Sunday, May 29, 2016 11:15 AM IST
മിലാൻ : ചരിത്രം ആവർത്തിച്ചു. അത്ലറ്റിക്കോ മാഡ്രിഡിന്റെ കണ്ണീരിൽ ചവിട്ടിനിന്ന് റയൽമാഡ്രിഡ് വിജയഭേരി മുഴക്കി. മിലാനിലെ മാഡ്രിഡ് പോരിൽ അന്തിമവിജയം റയൽ മാഡ്രിഡിനു തന്നെ. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്. നാട്ടുകാരായ അത്ലറ്റിക്കോ മാഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5–3നു തകർത്താണ് റയൽ തങ്ങളുടെ 11–ാം ചാ മ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും കളി 1–1 സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.

ഷൂട്ടൗട്ട്് തന്ത്രങ്ങൾ ആവിഷ്കരിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പതിവിനു വിപരീതമായ അവസാന കിക്ക് താനെടുക്കും. റയൽ പരിശീലകൻ സിനദിൻ സിദാൻ അതു സതമ്മതിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ തന്റെ ആത്മവിശ്വാസത്തിന്റെ ഷോട്ട് ഗോളാക്കി മാറ്റുമ്പോൾ റയൽ ആരാധകർ ആവേശംകൊണ്ടു തുള്ളിച്ചാടി.

ഷൂട്ടൗട്ടിൽ നിർണായകമായ അഞ്ചാം കിക്ക് വലയിൽ വീഴ്ത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ തന്നെയാണ് റയലിനു കിരീടം സമ്മാനിച്ചത്. റയലിനു വേണ്ടി ലൂക്കാസ് വാസ്കസ്, മാഴ്സെലോ, ഗാരെത് ബെയ്ൽ, റാമോസ്, റൊണാൾഡോ എന്നിവരുടെ ഷോട്ടുകൾ അത്ലറ്റിക്കോ ഗോളി ഒബ്ലക്കിനെ കീഴടക്കിയപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാൻ, ഗാബി

സൗൾ എന്നിവരുടെ ഷോട്ടുകൾ വലയിലായി. എന്നാൽ, യുവാൻഫ്രാൻ തൊടുത്ത ഷോട്ട് പാഴായി. റയലിന്റെ അവസാന കിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യത്തിലെത്തിച്ചതോടെ കിരീടം അവർക്ക് സ്വന്തമായി. നേരത്തെ സെർജിയോ റാമോസും(15) യാനിക് കരാസ്കോയുമാണ്(80) യഥാക്രമം റയലിനും അത്ലറ്റിക്കോയ്ക്കും വേണ്ടി ഗോളുകൾ നേടിയത്. 47–ാം മിനിറ്റിൽ ഫെർണാണ്ടോ ടോറസിനെ, പെപെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് അത്ലറ്റിക്കോയ്ക്കു ലഭിച്ച പെനാൽറ്റിയെടുത്ത അന്റോണിയോ ഗ്രീസ്മാന്റെ കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് അവരുടെ നിർഭാഗ്യമായി.

<ആ>റാമോസിന്റെ തുടക്കം

റയലിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. ആദ്യമിനിറ്റിൽത്തന്നെ ഡിഫൻസീവ് ഹാഫിൽ ബ്രസീലിയൻ താരം കാസെമിറോയുടെ വക ഫ്രീകിക്ക്്.

പതിയെ അത്ലറ്റിക്കോ കളിയിലേക്കു തിരിച്ചു വരികയായിരുന്നു പിന്നീട്. ആറാം മിനിറ്റിൽ റയലിന്റെ മാഴ്സലെലോയ്ക്കു ലഭിച്ച അവസരം അദ്ദേഹം പാഴാക്കി. അപ്രതീക്ഷിതമായിരുന്നു ആദ്യഗോൾ. 15–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ് റയലിന്റെ ആദ്യ ഗോളിലേക്കു വഴി തുറന്നത്. ഇടതുവിംഗിൽനിന്ന് ടോണി ക്രൂസ് എടുത്ത കിക്ക് അത്ലറ്റിക്കോയുടെ പെനാൽറ്റി ബോക്സിൽ ഗാരെത് ബെയ്ൽ പിന്നോട്ടു ഹെഡ് ചെയ്തത് കിട്ടിയത് റാമോസിന്റെ കാൽക്കൽ. ഒന്നു തട്ടിയിടേണ്ട പണിയേ റയൽ ക്യാപ്റ്റനുണ്ടായിരുന്നുള്ളൂ. എന്നാൽ, ഈ ഗോൾ ഓഫ് സൈഡാണെന്ന വാദവുമായി അത്ലറ്റിക്കോ താരങ്ങൾ രംഗത്തെത്തിയെങ്കിലും റഫറി വഴങ്ങിയില്ല. ഗോൾ വീണതോടെ ഇരുടീമും ആക്രമണം ശക്‌തമാക്കി. 40–ാം മിനിറ്റിൽ അന്റോണിയോ ഗ്രീസ്മാന്റെ ഉഗ്രൻ ഷോട്ട് ഇടതു ഗോൾ പോസ്റ്റിൽ ഉരുമ്മി പൂറത്തേക്ക്.


<ആ>തിരിച്ചടിച്ച രണ്ടാം പകുതി

ഗോൾ മടക്കണമെന്ന വാശിയുമായി രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയ അത്ലറ്റിക്കോ മികച്ച നീക്കങ്ങൾ കൊണ്ട് റയലിന്റെ ഗോൾമുഖം വിറപ്പിച്ചു. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽത്തന്നെ അത്്ലറ്റിക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി. ഉശിരൻ മുന്നേറ്റം കാഴ്ചവച്ച ഫെർണാണ്ടോ ടോറസിന്റെ അപകടകരമായ വരവ് തടയാൻ പെപ്പെയ്ക്കു ഫൗൾ ചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അത്ലറ്റിക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി. ഗ്രീസ്മാന്റെ ഇടംകാൽ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിക്കുന്നത് അവിശ്വസനീയതയോടെ നോക്കിനിൽക്കാനേ അത്ലറ്റിക്കോ താരങ്ങൾക്കായുള്ളൂ. എന്നാൽ, വിട്ടുകൊടുക്കാൻ അവർ തയാറല്ലായിരുന്നു. നിരന്തര മുന്നേറ്റങ്ങൾക്കൊടുവിൽ 79–ാം മിനിറ്റിൽ അത്ലറ്റിക്കോ ഗോൾ മടക്കി. യുവാൻഫ്രാനിന്റെ മികച്ച ക്രോസിൽനിന്ന് യാനിക് കരാസ്കോയുടെ വലംകാൽ ഷോട്ട് കെയ്ലർ നവാസിനെ കീഴ്പ്പെടുത്തി വലയിൽ. ഇതോടെ അത്ലറ്റിക്കോയ്ക്ക് ആശ്വാസമായി.

പിന്നീട് ലീഡിനായി ഇരുടീമും പൊരുതിയെങ്കിലും അതുണ്ടായില്ല. മത്സരം അധികസമയത്ത്. അപ്പോഴേക്കും അത്ലറ്റിക്കോ താരങ്ങൾ തളർന്നു തുടങ്ങി. ഒടുവിൽ അധികസമയമായ 30 മിനിറ്റ് അത്ലറ്റിക്കോ പിടിച്ചുനിന്നു. നിർണായകമായ പെനാൽറ്റി ഷൂട്ടൗട്ടിൽ നിർഭാഗ്യം അത്ലറ്റിക്കോയ്ക്കൊപ്പം നിന്നതോടെ റയൽ ചിരിച്ചു.

<ആ>അവർ പറയുന്നു...

പെനാൽറ്റി എപ്പോഴും ഒരു ലോട്ടറിയാണ്. എന്തും സംഭവിക്കും. പക്ഷേ ഞങ്ങൾക്ക് വളരെ പരിചയസമ്പത്തുണ്ടെന്ന് കാണിച്ചു തരുകയും പെനാൽറ്റി മുഴുവൻ ഗോളാക്കുകയും ചെയ്തു. അതുകൊണ്ട് ഇത് അവിശ്വസനീയമായ കാര്യമാണ്– എന്തായാലും ഈ രാത്രിക്ക് വളരെ അസാധാരണത്വമുണ്ട്.

–ക്രിസ്റ്റ്യാനോ റൊണാൾഡോ (വിജയ ഗോൾ നേടിയശേഷമുള്ള അഭിമുഖത്തിൽ)


എന്റെ പോസിറ്റീവ് ചിന്താഗതിയാണ് ഞാൻ റയലിൽ കൊണ്ടുവന്നത്. കഠിനാധ്വാനത്തിൽ ഞാൻ വിശ്വസിക്കുന്നു, ഞങ്ങളുടെ ടീമിന് വളരെയേറെ ഗുണങ്ങളുണ്ട്. പക്ഷേ പ്രവൃത്തി ഗുണത്തെക്കാൾ ഉയരത്തിലാണ്. ഇതുപോലൊരു ആശ്ചര്യപ്പെടുത്തുന്ന ക്ലബ്ബിലെത്താൻ കഴിഞ്ഞതും പിന്നെ അതിന്റെ പരിശീലകനാകാനും അവസരം കിട്ടി. എനിക്ക് അസാമാന്യമായ ടീമിനെയും പ്രതിഭയുള്ള മികച്ച കളിക്കാരെയും ലഭിച്ചു, ഇവയെല്ലാം ചേർന്ന് ഈ രാത്രിയിൽ നേട്ടം കൈക്കലാക്കി.

–സിനദിൻ സിദാൻ(റയൽ പരിശീലകൻ)

ഞാൻ എന്റെ കളിക്കാരിൽ അഭിമാനിക്കുന്നു. തുറന്നു പറഞ്ഞാൽ എന്റെ കളിക്കാരെ സ്നേഹിക്കുന്നു. അവർക്ക് പറ്റാവുന്നത് അവർ ചെയ്തു. ഞങ്ങൾക്ക് ചാമ്പ്യന്മാരാകാനുള്ള അവസരമുണ്ടായിരുന്നു, പക്ഷേ ആ അവസരം നഷ്‌ടമാക്കി. ഞങ്ങൾക്ക് ഇനിയും കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ഇപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ആരും തോറ്റവരെ ഓർക്കാറില്ല. രണ്ടു ഫൈനലുകൾ തോറ്റു എന്നത് വലിയ പരാജയംതന്നെയാണ്. തോൽവിയുടെ മുറിവ് ഉണക്കി പുറത്തുവരേണ്ടിയിരിക്കുന്നു.

–ഡിയേഗോ സിമിയോണി (അത്ലറ്റിക്കോ പരിശീലകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.