ജർമനി തോറ്റു; ബ്രസീൽ, സ്പെയിൻ ജയിച്ചു
ജർമനി തോറ്റു; ബ്രസീൽ, സ്പെയിൻ ജയിച്ചു
Monday, May 30, 2016 12:14 PM IST
അഗ്സ്ബർഗ്/കോളോറാഡോ: അന്താരാഷ്്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ലോക ചാമ്പ്യന്മാരായ ജർമനിക്കു ഞെട്ടിക്കുന്ന തോൽവി. മുൻ ചാമ്പ്യന്മാരായ ബ്രസീലും സ്പെയിനും ജയിച്ചു. യൂറോകപ്പിനു മുമ്പ് നടന്ന സൗഹൃദ മത്സരം വിജയത്തോടെ തുടങ്ങാമെന്ന ലോക ചാമ്പ്യന്മാരായ ജർമനിയുടെ മോഹത്തെ സ്ലോവാക്യയാണു തകർത്തത്. ജർമനിയിൽ സ്ലോവാക്യ നേടുന്ന ആദ്യ ജയമായിരുന്നു. കനത്ത മഴയും കാറ്റും ഇടിമിന്നലും കാരണം രണ്ടാംപകുതി താമസിച്ചാണ് തുടങ്ങിയത്. സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിച്ച ജർമനിയെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് സ്ലോവാക്യ കീഴടക്കിയത്. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ലോകചാമ്പ്യന്മാർ തോൽവി ഏറ്റുവാങ്ങിയത്. മരിയോ ഗോമസിന്റെ പെനാൽറ്റിയിൽ പതിമൂന്നാം മിനിറ്റിൽ ജർമനി മുന്നിലെത്തി. എന്നാൽ, ആദ്യ പകുതി തീരും മുമ്പ് സന്ദർശകർ രണ്ടു ഗോളടിച്ച് മുന്നിലെത്തി.

മാറെക് ഹാംസിക് (41), മൈക്കൽ ഡുറിസ് (44) എന്നിവരാണ് സ്ലോവേക്യക്കുവേണ്ടി വലകുലുക്കിയത്. ബോക്സിനു പുറത്തുനിന്നും ഹാംസിക് തൊടുത്ത കിക്ക് പുതുമുഖ ഗോൾ കീപ്പർ ബ്രെൻഡ് ലെനോയ്ക്കു ഒരവസരം പോലും നൽകാതെ വലയുടെ മൂലയിൽ ഇറങ്ങി. സ്ലോവാക്യയുടെ രണ്ടാം ഗോളും അധികം വൈകാതെ എത്തി. വ്ലാഡിമിർ വീസ് എടുത്ത കോർണർ കിക്കിനു തലവച്ച് ഡൂറിസ് വല ചലിപ്പിച്ചു. രണ്ടാം പകുതിയിൽ ജർമൻ പരിശീലകൻ ജോവാക്കിം ലോ പുതുമുഖ ഗോൾകീപ്പർ ബ്രെൻഡ് ലെനോയ്ക്കു പകരം മാർക് ആന്ദ്രെ ടെർ സ്റ്റെഗനെ ഇറക്കി. കനത്ത മഴയും ഇടിമിന്നലും തുടർന്ന് രണ്ടാം പകുതി താമസിച്ചാണ് തുടങ്ങിയത്. 52ാം മിനിറ്റിൽ പാട്രിക് ഹറോസോവ്സ്കിയുടെ കോർണറിൽ യുരായ് കുകാ വലകുലുക്കി. കുകായുടെ വോളി ടെർ സ്റ്റെഗന്റെ കൈയുടെ ഇടയിലൂടെ പന്ത് വലയിലേക്കു കയറി. ഇങ്ങനെ ജർമനിയിൽ സ്ലോവാക്യ ആദ്യ ജയം നേടി.

<ആ>സ്പെയിനു തകർപ്പൻ ജയം

നിലവിലെ യൂറോ ചാമ്പ്യൻമാരായ സ്പെയിനു യൂറോ കപ്പിനു മുമ്പു മികച്ച ജയം. ബോസ്നിയ–ഹെർസെഗോവിനയെ 3–1ന് യൂറോ കപ്പ് ചാമ്പ്യന്മാർ കീഴടക്കി. സ്പെയിനുവേണ്ടി നോലിറ്റോ ഇരട്ട ഗോൾ നേടി. 11, 18 മിനിറ്റുകളിലായിരുന്നു ഗോളുകൾ. സ്പെയിനുവേണ്ടി നോലിറ്റോ നേടുന്ന ആദ്യ ഗോളാണ്. പെഡ്രോ (90+4) സ്പെയിനിന്റെ മൂന്നാമത്തെ ഗോളിനുടമ. എമിറ് സാഫിക് (29) ബോസ്നിയ–ഹെർസെഗോവിനയുടെ ആശ്വാസ ഗോളിനുടമ. സാഫിക് 45+1ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു പുറത്താകുകയും ചെയ്തു. ഇറ്റലി ഏകപക്ഷീയമായ ഒരു ഗോളിനു സ്കോട്ലൻഡിനെ തോൽപ്പിച്ചു. ഗാർസിയോനോ പെല്ലെ (57)യുടെ ഗോളിലായിരുന്നു അസൂറികളുടെ ജയം.


ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ മാത്രം ആശ്രയിക്കില്ലെന്ന് പോർച്ചുഗൽ തെളിയിച്ചു. സൗഹൃദ ഫുട്ബോളിൽ പോർച്ചുഗൽ എതിരില്ലാത്ത മൂന്നു ഗോളിനു നോർവേയെ തകർത്തു. റിക്കാർഡോ ക്വാരെസ്മ (13), റാഫേൽ ഗ്വരേരോ (65), എഡർ (70) എന്നിവരാണ് പോർച്ചുഗീസിനായി ഗോൾ നേടിയത്. യുക്രെയിൻ മൂന്നിനെതിരെ നാലു ഗോളുകൾക്ക് റൊമേനിയയെ തോൽപ്പിച്ചു. തുർക്കി ഏകപക്ഷീയമായ ഒരു ഗോളിനു മോണ്ടെനെഗ്രോയെ പരാജയപ്പെടുത്തി. അൽബേനിയ 3–1ന് ഖത്തറിനെയും അർമേനിയ 7–1ന് ഗ്വാട്ടിമലയെയും തോൽപ്പിച്ചു. ഹെൻ റിക് മ്ഖിട്ടാരിയന്റെ വണ്ടർ ഗോളുമുണ്ടായിരുന്നു. ഗോളടിക്കാൻ പ്രയാസമുള്ള ഏരിയയിൽനിന്നും പന്ത് സ്വീകരിച്ച ബൊറൂസിയ താരം ഇടംകാലൻ ഷോട്ടിലൂടെ പന്ത് ക്ലിപ്പ് ചെയ്തു ഗോൾകീപ്പറുടെ മുകളിലൂടെ വലയിലേക്കു നിറയൊഴിക്കുകയായിരുന്നു. ബൊറൂസിയ ഡോർട്മുണ്ടിന്റെ ഈ താരം മൂന്നു ഗോൾ നേടുകയും മൂന്നു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.

<ആ>ബ്രസീലിനു ജയം

കോപ്പ അമേരിക്ക സെന്റിനാറിയോ ടൂർണമെന്റിനു മുമ്പുള്ള സൗഹൃദമത്സത്തിൽ ബ്രസീൽ 2–0ന് പാനമയെ തോൽപ്പിച്ചു. ബ്രസീലിനുവേണ്ടി ജോനാസ് (2), ഗബ്രിയേൽ (73) എന്നിവർ ഗോൾ നേടി.

കൊളംബിയയ്ക്കും മികച്ച ജയം. സൗഹൃദ മത്സരത്തിൽ കൊളംബിയ 3–1ന് ഹെയ്തിയെ തോൽപ്പിച്ചു. യുഎസ്എ എതിരില്ലാത്ത നാലു ഗോളിനു ബൊളിവീയയെ പരാജയപ്പെടുത്തി. മെക്സിക്കോ ഏകപക്ഷീയമായ ഒരു ഗോളിനു പരാഗ്വെയെ തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.