ഇന്ത്യക്കു നാണക്കേട്
ഇന്ത്യക്കു നാണക്കേട്
Saturday, June 18, 2016 11:59 AM IST
ഹരാരെ: ഏകദിനത്തിലെ ജയം ഇന്ത്യക്കു ട്വന്റി 20യിൽ ആവർത്തിക്കാനായില്ല. സിംബാബ്വേയ്ക്കെതിരായ ഒന്നാം ട്വന്റി–20യിൽ ഇന്ത്യക്ക് രണ്ടു റൺസിനു തോൽവി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയുടെ മുൻനിരയെയും മധ്യനിരയെയും തകർത്ത തൗറായ് മുസാരബാനി, ചാമു ചിബാബ എന്നിവരുടെ പ്രകടനമാണ് സിംബാബ്വേയെ ജയത്തിലെത്തിച്ചത്. എൽട്ടൺ ചിഗുംബുരയുടെ (26 പന്തിൽ 54) പ്രകടനം സിംബാബ്വേയ്ക്കു മികച്ച സ്കോർ നൽകി. സ്കോർ: സിംബാബ്വേ 20 ഓവറിൽ ആറു വിക്കറ്റിന് 170. ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റിന് 168.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. സിംബാബ്വേയ്ക്കുവേണ്ടി ചിബാബ (20), ഹാമിൽട്ടൺ മസകഡാസ (25) എന്നിവർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും പുറത്തായശേഷം സിംബാബ്വേ അല്പം പരുങ്ങി. എന്നാൽ, സിക്കന്ദർ റാസ (20), മാൽക്കം വാലർ (30) എന്നിവരും അവസാന ഓവറുകളിൽ ചിഗുംബുര ഇന്ത്യൻ ബൗളർമാർക്കു മേൽ നടത്തിയ കടന്നാക്രമണവും ചേർന്നപ്പോൾ സിംബാബ്വേയ്ക്കു പൊരുതാനുള്ള സ്കോറായി. പുറത്താകാതെ നിന്ന ചിഗുംബുര ഏഴ് സിക്സും ഒരു ഫോറുമായി പായിച്ചത്.


ഏകദിനത്തിൽ സിബാംബ്വേയുടെ സ്കോറിനെ പിന്തുടർന്നു ജയിച്ച ഇന്ത്യക്ക് ഇതും അനായാസമാണെന്നു തോന്നിച്ചു. എന്നാൽ, ആദ്യ പന്തിൽ തന്നെ രാഹുൽ പൂജ്യനായി മടങ്ങി. പിന്നീടെത്തിയവർ മികച്ച ബാറ്റിംഗ് നടത്തിയെങ്കിലും തോൽവി ഒഴിവാക്കാനിയില്ല. മനീഷ് പാണ്ഡെ (48) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.