പെനാൽറ്റിയിൽ കാലിടറി ക്രിസ്റ്റ്യാനോ; പോർച്ചുഗലിനു ശനിദശ
പെനാൽറ്റിയിൽ കാലിടറി ക്രിസ്റ്റ്യാനോ; പോർച്ചുഗലിനു ശനിദശ
Sunday, June 19, 2016 11:15 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

പാരീസ്: മൂന്നു തവണ ബാലൻ ഡിയോർ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി കിക്ക് പാഴാക്കിയപ്പോൾ പോർച്ചുഗലിന്റെ യൂറോ കപ്പിലെ മുന്നോട്ടുള്ള പോക്ക് ദുർഘടമാക്കി.

ഗ്രൂപ്പ് എഫിലെ പോർച്ചുഗൽ–ഓസ്ട്രിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. പോർച്ചുഗൽ ആദ്യ കളിയിൽ ഐസ്ലൻഡിനോടും സമനില (1–1) വഴങ്ങിയിരുന്നു. തുടർച്ചയായ രണ്ടു സമനില പോർച്ചുഗലിന്റെ നില പരുങ്ങലിലാക്കി. രണ്ടു കളികളിൽ രണ്ടു പോയിന്റ് മാത്രമുള്ള പോർച്ചുഗലിൽ മൂന്നാം സ്‌ഥാനത്താണ്.

78–ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കിക്ക് റൊണാൾഡോ എടുക്കാനെത്തിയപ്പോൾ പോർച്ചുഗൽ ജയം ഉറപ്പിച്ചുവെന്നു തോന്നിച്ചു. എന്നാൽ, പോർച്ചുഗീസ് നായകന്റെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്കു പോയി. നാനിയും റൊണാൾഡോയും ഓസ്ട്രിയൻ ഗോൾ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും നിർഭാഗ്യംകൊണ്ടാണ് പോർച്ചുഗലിന് അർഹിച്ച വിജയം കൈവിട്ടത്.

മൽസരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പോർച്ചുഗലിന് അനുകൂലമായി കോർണർ. പിന്നീട് ആക്രമണങ്ങളുടെ ഒരു പരമ്പരതന്നെ അഴിച്ചുവിട്ടെങ്കിലും ഓസ്ട്രിയയുടെ വല ചലിപ്പിക്കാനായില്ല. ഗോൾ പോസ്റ്റിനു കീഴിൽ വൻമതിലായി നിലകൊണ്ട ഓസ്ട്രിയൻ ഗോളി റോബർട്ട് അൽമെറിനെ മറികടക്കാൻ പറങ്കികൾക്കായില്ല.

29–ാം മിനിറ്റിൽ നാനിയുടെ വെടിയുണ്ട കണക്കെയുള്ള ഹെഡർ ഓസ്ട്രിയൻ വല ലക്ഷ്യമാക്കി പറന്നെങ്കിലും നിരാശയായിരുന്നു. രണ്ടാം പകുതിയിൽ 49–ാം മിനിറ്റിൽ ഓസ്ട്രിയയുടെ ഗോൾമുഖത്തേക്ക് ഇരച്ചു കയറിയ റൊണാൾഡേയുടെ ഫ്രീ കിക്ക് ദുർബലമായിരുന്നു.

ഇതിനുശേഷം റൊണാൾഡോ തുടർച്ചയായി ഹെഡറും ഇടങ്കാലൻ ഷോട്ടുമായി വല തകർക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല. ഇത്തവണയും ഗോൾകീപ്പറാണ് തടസമായത്. 64–ാം മിനിറ്റിൽ എടുത്ത ഫ്രീകിക്കും വലയിലാക്കാൻ പോർച്ചുഗലിന്റെ സൂപ്പർ താരത്തിനായില്ല.


78–ാം മിനിറ്റിൽ അതു സംഭവിച്ചു. മാർട്ടിൻ ഹിന്റർഗർ പെനാൽറ്റി ബോക്സിനുള്ളിൽ റൊണാൾഡോയെ വലിച്ചിട്ടതിന് റഫറി പെനാൽറ്റി വിധിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഷൂട്ടൗട്ടിൽ അവസാന പെനാൽറ്റി കിക്കെടുത്ത് പെനാൽറ്റി കിക്കിൽ തന്റെ മിടുക്ക് തെളിയിച്ച റൊണാൾഡോയെടുത്ത കിക്ക് പക്ഷേ ഓസ്ട്രിയയുടെ വലയിൽ തറച്ചിറങ്ങിയില്ല. ഗോൾ കീപ്പർ ലക്ഷ്യം തെറ്റി വലത്തേക്കാണ് ചാടിയതെങ്കിൽ റൊണാൾഡോയുടെ ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി തെറിച്ചു.

എന്നാൽ, 85–ാം മിനിറ്റിൽ ഒരു ഹെഡറിലൂടെ റൊണാൾഡോ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതും പോർച്ചുഗലിന്റെ നിർഭാഗ്യമായി.

റയൽ മാഡ്രിഡ് താരം റൊണാൾഡോ പ്രഫഷണൽ കരിയറിൽ അഞ്ഞൂറ് ഗോൾ പിന്നിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്വീഡിഷ് ടീം മേൽമോയ്ക്കെതിരേ നേടിയ ആദ്യ ഗോളിലാണ് പോർച്ചുഗീസ് താരം മാജിക് നമ്പറിലെത്തിയത്. രണ്ടാം ഗോളോടെ റയലിന്റെ ഓൾ ടൈം ടോപ് സ്കോറർ എന്ന റൗളിന്റെ റിക്കാർഡിനൊപ്പമെത്തുകയും ചെയ്തു.

ആകെ 753 പ്രൊഫഷണൽ മത്സരങ്ങളാണ് ക്രി സ്റ്റ്യാനോ പൂർത്തിയാക്കിയത്. ഇതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 118 ഗോളടിച്ചു. സ്പോർട്ടിംഗിനായി അഞ്ചും പോർച്ചുഗൽ ദേശീയ ടീമിനായി അമ്പത്തഞ്ചും ഗോളടിച്ചു. എന്നിട്ടും യൂറോ കപ്പിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ റൊണാൾഡോയ പോച്ചുഗീസ് ആരാധകർ മാത്രമല്ല ഫുട്ബോൾ ലോകവും ഇപ്പോൾ പഴിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.