മെസി മന്ത്രത്തിൽ അർജന്റീന; ഗോൾമഴതീർത്തു ചിലി
മെസി മന്ത്രത്തിൽ അർജന്റീന; ഗോൾമഴതീർത്തു ചിലി
Sunday, June 19, 2016 11:15 AM IST
ന്യൂയോർക്ക്: കാൽപ്പന്തു കളിയുടെ വശ്യസൗന്ദര്യം തീർത്ത് കോപ്പയിൽ ഗോളുത്സവം. ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീനയും എഡ്വേർഡോ വർഗാസിന്റെ തലയെടുപ്പിൽ ചിലിയും ഗോൾ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോൾ കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോൾ ക്വാർട്ടറിൽ വെനസ്വേലയും മെക്സിക്കോയും കണ്ണീരണിഞ്ഞു. അർജന്റീന 4–1നു വെനസ്വേലയെയും ചിലി 7–0നു മെക്സിക്കോയെയും ഗോളിൽ മുക്കിയപ്പോൾ തെളിഞ്ഞത് കോപ്പയിലെ സെമി ഫൈനൽ ചിത്രം. കിരീടത്തിലേക്കുള്ള വഴിയിൽ എതിരാളികളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി മുന്നേറുന്ന അർജന്റീന സെമിയിൽ ആതിഥേയരായ അമേരിക്കയെ നേരിടും. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 6.30നാണ് മത്സരം. സ്വന്തം കാണികളെ സാക്ഷിയാക്കി കഴിഞ്ഞ വർഷം ചുണ്ടോടടുപ്പിച്ച കോപ്പ കിരീടം മറുനാട്ടിൽ കൈവിടാതിരിക്കാനുള്ള പടപ്പുറപ്പാടിൽ ഇറങ്ങുന്ന ചിലിയുടെ സെമി എതിരാളി കൊളംബിയയാണ്. ഹമിഷ് റോഡ്രിഗസ് എന്ന സൂപ്പർ താരത്തിന്റെ കരുത്തുമായെത്തുന്ന കൊളംബിയയും ചിലിയും ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 5.30നാണ് കൊമ്പുകോർക്കുക.

<ആ>മെസിയിലലിഞ്ഞ്

24 വർഷമായി കിരീടമൊന്നും നേടാൻ സാധിക്കാത്തതിന്റെ വേദനയിലാണ് അർജന്റീന. 2014 ലോകകപ്പിലും 2015 കോപ്പ അമേരിക്കയിലും ഫൈനലിൽവരെയെത്തിയെങ്കിലും കിരീടമെന്ന സ്വപ്നം പൂവണിഞ്ഞില്ല. എന്നാൽ, താടി വടിക്കാതെ വേറിട്ട രൂപമായി കളത്തിലെത്തുന്ന ലയണൽ മെസിയിൽ അർപ്പിതമാണ് അർജന്റൈൻ കിരീട സ്വപ്നം. കോപ്പയിൽ ഇതുവരെ അതിനെ സാധൂകരിക്കുന്ന കളിയാണ് മെസി കാഴ്ചവച്ചതും.

പരിക്കിനെത്തുടർന്ന് ഇതുവരെ പകരക്കാരനായിമാത്രം ഇറങ്ങിയ മെസി, ആദ്യമായി മുഴുവൻ സമയം കളത്തിലുണ്ടായിരുന്ന മത്സരമായിരുന്നു വെനസ്വേലയ്ക്കെതിരായ ക്വാർട്ടർ. ഒരു ഗോളടിച്ചും രണ്ടു ഗോളിന് വഴിയൊരുക്കിയും മെസി കളംനിറഞ്ഞു. ഗോൺസാലോ ഹിഗ്വിൻ രണ്ടും എറിക് ലമേല ഒരു ഗോളും നേടിയ മത്സരത്തിൽ അർജന്റൈൻ നിരയുടെ സമ്പൂർണാധിപത്യമായിരുന്നു. ലയണൽ മെസി നൽകിയ പാസിൽനിന്ന് എട്ടാം മിനിറ്റിൽ ഹിഗ്വിൻ അർജന്റീനയുടെ ആദ്യ വെടിപൊട്ടിച്ചു. 11–ാം മിനിറ്റിലും 22–ാം മിനിറ്റിലും മെസി ഗോൾ നേടുമെന്ന് തോന്നിപ്പിച്ചു. 28–ാം മിനിറ്റിൽ എതിരാളികളുടെ പിഴവിൽനിന്ന് ലഭിച്ച പന്ത് വലയിൽ നിക്ഷേപിച്ച് ഹിഗ്വിൻ വീണ്ടും ആനന്ദനൃത്തം ചവിട്ടി. അർജന്റീന –2, വെനസ്വേല –0.

രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ അർജന്റീനയ്ക്കായി 60–ാം മിനിറ്റിൽ മെസി മൂന്നാം ഗോൾ നേടി. നിക്കോളാസ് ഗെയ്റ്റൻ നല്കിയ ക്രോസിൽനിന്നായിരുന്നു മെസിയുടെ ഗോൾ. അർജന്റീനയ്ക്കായി സൂപ്പർ താരത്തിന്റെ 54–ാം ഗോളായിരുന്നു അത്. 70–ാം മിനിറ്റിൽ വെനസ്വേല ഒരു ഗോൾ മടക്കി. അലക്സാൻഡ്രോ ഗ്വരേരയുടെ പാസിൽനിന്ന് സലോമോൺ റൊൺഡന്റെ വകയായിരുന്നു വെനസ്വേലൻ ഗോൾ. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ അർജന്റീന നാലാം ഗോളും നേടി. മെസിയുടെ പാസിൽനിന്ന് എറിക് ലമേലയുടെ വകയായിരുന്നു ഗോൾ.

മത്സരത്തിൽ വെനസ്വേലയുടെ നിർഭാഗ്യം 44–ാം മിനിറ്റിൽകണ്ടു. പെനാൽറ്റി ബോക്സിനുള്ളിൽ സെർജ്യോ റൊമേറൊയുടെ ഫൗളിന് റഫറി വിധിച്ച സ്പോട്ട്കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ വെനസ്വേലയുടെ ലൂയിസ് സെയ്ജാസിനു കഴിഞ്ഞില്ല.


<ആ>നാലുവട്ടം വർഗാസ്

<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗില20്മൃഴമെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>എഡ്വേർഡോ വർഗാസിന്റെ നാലു ഗോൾ കരുത്തിൽ ചിലി 7–0നു മെക്സിക്കോയെ തകർത്തെറിഞ്ഞ് സെമി ഫൈനൽ ടിക്കറ്റ് കരസ്‌ഥമാക്കുന്നതാണ് സാന്ത ക്ലാരയിലെ ലെവിസ് സ്റ്റേഡിയത്തിൽ കണ്ടത്. ലാ റോജ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചിലിക്കായി എഡ്സൺ പുച്ച് രണ്ടും അലക്സിസ് സാഞ്ചസ് ഒരു ഗോളും നേടിയതോടെ മെക്സിക്കോയുടെ നാണക്കേട് പൂർണം.

തുടർച്ചയായി 22 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലെന്ന നേട്ടവുമായെത്തിയ മെക്സിക്കോ, ചിലിയുടെ മുന്നിൽ ദയനീയ പരാജയം ഏറ്റുവാങ്ങി കോപ്പയ്ക്കു പുറത്തായി. 1978 ലോകകപ്പിൽ വെസ്റ്റ് ജർമനിയിൽനിന്നേറ്റ 6–0ന്റെ തോൽവിക്കുശേഷം മെക്സിക്കോയുടെ ഏറ്റവും വലിയ പരാജയമാണിത്.

ഗാലറിയിൽ തിങ്ങിനിറഞ്ഞ മെക്സിക്കൻ ആരാധകരെ ഞെട്ടിച്ച് 16–ാം മിനിറ്റിൽ പുച്ച് ചിലിയെ മുന്നിലെത്തിച്ചു. മാഴ്സെലോ ഡിയാസിന്റെ ഷോട്ടിനുശേഷം വീണുകിട്ടിയ അവസരം മുതലാക്കിയാണ് പുച്ച് ചിലിയുടെ ആദ്യ ഗോൾ നേടിയത്. 44–ാം മിനിറ്റിൽ വർഗാസ് ചിലിയുടെ ലീഡ് 2–0 ആക്കി. സാഞ്ചസിന്റെ പാസിൽനിന്നായിരുന്നു ഗോൾ പിറന്നത്. വരാനിരിക്കുന്ന ഗോൾ മഴയുടെ സൂചനയാണതെന്ന് മെക്സിക്കോ അറിഞ്ഞില്ല.

രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കെത്തിയ ചിലി 49–ാം മിനിറ്റിൽ സാഞ്ചസിലൂടെ ലീഡ് 3–0 ആയി ഉയർത്തി. അർതുറോ വിദാലിന്റെ പാസിൽനിന്നായിരുന്നു സാഞ്ചസിന്റെ ഗോൾ. 52–ാം മിനിറ്റിൽ വർഗാസ് സാഞ്ചസിന്റെ പാസിൽനിന്ന് ചിലിയുടെ നാലാമത്തെയും തന്റെ രണ്ടാമത്തെയും ഗോൾ നേടി. 57, 74 മിനിറ്റുകളിൽ വർഗാസ് വീണ്ടും ലക്ഷ്യംകണ്ടതോടെ ചിലിയുടെ ഗോൾ വ്യത്യാസം 6–0 ആയി. ഒടുവിൽ 87–ാം മിനിറ്റിൽ വിദാലിന്റെ പാസിൽനിന്ന് പുച്ച് ചിലിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. അങ്ങനെ ഗോൾ മഴയ്ക്ക് തുടക്കമിട്ട പുച്ചിലൂടെത്തന്നെ ചിലി ഗോളടിക്ക് വിരാമമിട്ടു.

<ആ>ഗോളടിയിൽ ബാറ്റിക്കൊപ്പം മെസി

<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗില20ഴമയൃശ്യമഹ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>ഗോളടിയിൽ ലയണൽ മെസി മുൻ അർജന്റൈൻ സൂപ്പർ താരം ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയ്ക്കൊപ്പമെത്തി. 78 മത്സരങ്ങളിൽനിന്ന് 54 ഗോളുകളാണ് അർജന്റീനയുടെ എക്കാലത്തെയും ടോപ് സ്കോററായ ബാറ്റി നേടിയത്. 1995ൽ സ്ലോവാക്യൻ യൂത്ത് ടീമിനെതിരേ ബാറ്റിസ്റ്റൂട്ട നേടിയ രണ്ടു ഗോളുകൾ അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ എണ്ണിയിട്ടില്ല. അതുൾപ്പെടെ 56 രാജ്യാന്തര ഗോളാണ് ബാറ്റി അർജന്റീനയ്ക്കായി നേടിയിട്ടുള്ളത്. 1991 മുതൽ 2002വരെ അർജന്റൈൻ നിരയിലിറങ്ങിയ ബാറ്റിസ്റ്റൂട്ട 1994, 1998 ലോകകപ്പുകളിൽ ഹാട്രിക് നേടിയിരുന്നു.

ഇരുപത്തിയെട്ടുകാരനായ മെസി 2005 മുതൽ അർജന്റീനയ്ക്കായി ബൂട്ടണിയുന്നു. 18–ാം വയസിൽ ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു മെസിയുടെ രാജ്യാന്തര അരങ്ങേറ്റം. അന്നു മുതൽ ഇന്നുവരെ 111 മത്സരങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ബാറ്റിസ്റ്റൂട്ടയും മെസിയും മാത്രമാണ് അർജന്റീനയ്ക്കായി 50 ഗോൾ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.