സ്റ്റീവ് കോപ്പൽ അടുത്തയാഴ്ച എത്തും
സ്റ്റീവ് കോപ്പൽ അടുത്തയാഴ്ച എത്തും
Tuesday, June 21, 2016 12:23 PM IST
കൊച്ചി: മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം സ്റ്റീവ് കോപ്പൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനാകും. അദ്ദേഹം അടുത്തയാഴ്ച കേരളത്തിലെത്തും. കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം സെലക്്ഷനിലും സ്റ്റീവ് പ്രധാന പങ്ക് വഹിക്കും. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ഏറെ വിജയങ്ങൾ കൊയ്ത ടീമിന്റെ ഭാഗമായിരുന്ന സ്റ്റീവ് 322 കളികളിലായി 53 ഗോളുകൾ നേടിയിട്ടുണ്ട്. 42 തവണ ഇംഗ്ലണ്ടിന്റെ തൊപ്പിയണിഞ്ഞ സ്റ്റീവ് 1977 മുതൽ 1983 വരെ ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. പരിക്കിനെത്തുടർന്ന് കളിയിൽനിന്ന് മാറിനിൽക്കേണ്ടിവന്നു.

1984 മുതൽ മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ബ്രിസ്റ്റോൾ സിറ്റി, ബ്രൈറ്റൺ, ഹോവ് ആൽബിയൺ, മാഞ്ചസ്റ്റർ സിറ്റി, ബ്രെന്റ്ഫോർഡ്, ക്രാളി ടൗൺ എന്നീ ടീമുകളുടെ ലീഗ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ പോർട്സ്ബർത്തിൽ ഫുട്ബോൾ ഡയറക്ടറായിരുന്നു സ്റ്റീവ് കോപ്പൽ. ക്രിസ്റ്റൽ പാലസ്, റീഡിംഗ് ക്ലബുകളുടെ ചുമതല വഹിക്കുമ്പോൾ പ്രീമിയർ ലീഗ് മത്സരങ്ങളിൽ മികച്ച വിജയം സ്വന്തമാക്കി. റീഡിംഗ് എഫ്സിയുടെ ചുമതലയുള്ളപ്പോൾ ലീഗ് മാനേജേഴ്സ് അസോസിയേഷന്റെ മാനേജർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായിരുന്നു.


കേരള ബ്ലാസ്റ്റേഴ്സിന്റെ സഹഉടമയായ സച്ചിൻ തെണ്ടുൽക്കർക്കൊപ്പം ചിരഞ്ജീവി, അക്കിനേനി നാഗാർജുന, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവർ ചേർന്നതിനു പിന്നാലെയാണ് പുതിയ കോച്ചിന്റെ നിയമനം.

ഗുണമേന്മയുള്ള ഇന്ത്യൻ ഫുട്ബോൾ വളർത്തിയെടുക്കുന്നതിന് കഴിഞ്ഞ രണ്ട് സീസണിലൂടെ ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച അടിത്തറയിട്ടു കഴിഞ്ഞുവെന്ന് സ്റ്റീവ് കോപ്പൽ പറഞ്ഞു.

സവിശേഷമായ ഫോർമാറ്റിൽ അന്താരാഷ്ട്ര രംഗത്തുള്ളവരുമായി മത്സരിക്കാൻ ഇന്ത്യൻ കളിക്കാർക്ക് അവസരമൊരുക്കുന്നതിനും ഇന്ത്യയിൽ ഫുട്ബോളിന്റെ വേരുകൾ ശക്‌തിപ്പെടുത്തുന്നതിനും ഇന്ത്യൻ സൂപ്പർ ലീഗ് സഹായമാകുമെന്നും സ്റ്റീവ് കോപ്പൽ പറഞ്ഞതായി കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ പത്രക്കുറിപ്പിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.