തിളങ്ങുന്ന വെയ്ൽസ്
തിളങ്ങുന്ന വെയ്ൽസ്
Tuesday, June 21, 2016 12:23 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

പാരീസ്: സ്ലൊവാക്യയോട് ഗോൾരഹിത സമനില വഴങ്ങിയ ഇംഗ്ലീഷ് ടീം യൂറോ കപ്പിന്റെ ബി ഗ്രൂപ്പിൽ രണ്ടാം സ്‌ഥാനക്കാരുടെ വേഷത്തിൽ നോക്കൗട്ട് ഘട്ടത്തിലേക്കു കടന്നു. അതേസമയം, വെയ്ൽസ് റഷ്യക്കെതിരേ മിന്നും ജയത്തോടെ ഒന്നാം സ്‌ഥാനക്കാരായി നോക്കൗട്ടിലെത്തി. നോക്കൗട്ട് ഘട്ടത്തിൽ താരതമ്യേന ശക്‌തരായ എതിരാളികളെ ഇംഗ്ലണ്ടിനും ദുർബലരെ ലഭിക്കാൻ വെയിൽസിനും ഇതോടെ വഴിയും തെളിഞ്ഞു. യൂറോകപ്പിൽ കന്നിക്കാരെന്ന വിശേഷണം മാറ്റി അരയും തലയും മുറുക്കി കളത്തിലിറങ്ങിയ വെയിൽസ് അർഹിച്ച വിജയമാണ് നേടിയത്.

ഒരു തോൽവികൊണ്ടു തങ്ങളെ എഴുതിത്തള്ളാനാവില്ലെന്നും ഏതുവിധേനയും പ്രീ ക്വാർട്ടറിൽ കടക്കുമെന്നുമുള്ള ദൃഢപ്രതിജ്‌ഞയുമായി വെയ്ൽസ് ഫ്രാൻസിലെ ടുളൂസിന്റെ പുൽത്തകിടിയിൽ കളിയുടെ പുതിയൊരു ചരിത്രം കുറിച്ചു. ആദ്യപകുതിയിലെ പതിനൊന്നാം മിനിറ്റിൽ ആഴ്സണൽ താരവും മിഡ്ഫീൽഡറുമായ ആരോൺ റാംസി വെയ്ൽസിന്റെ ഓപ്പണറായി. ജോ അലെൻ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച റംസി വലയിലേക്ക് ചിപ്പ് ചെയ്തത് അതിമനോഹര കാഴ്ചയായിരുന്നു.

ബോൾ കാത്തു നിന്ന റഷ്യൻ ഗോളി ഇഗോർ അക്വിൻ ഫെഫിന് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. എന്നാൽ, 20–ാം മിനിറ്റിൽ സ്വാൻസി സിറ്റി താരം നീൽ ടെയ്ലർ വെയിൽസിന്റെ ഗോൾ പട്ടിക ഉയർത്തി . ടെയ്ലറിന്റെ ആദ്യത്തെ അന്താരാഷ്ട്ര ഗോളെന്ന വിശേഷണവും ഈ പ്രകടനത്തിനുണ്ട്. ഇന്ത്യയുമായി ബന്ധമുള്ള താരമാണ് ടെയ്ലർ. ടെയ്ലറിന്റെ അമ്മ കോൽക്കത്തക്കാരിയാണ്.

രണ്ടാം പകുതിയിലും വെയിൽസിന്റെ മുന്നേറ്റം വ്യക്‌തമായി. 67–ാം മിനിറ്റിൽ റയൽ മാഡ്രിഡ് താരം ഗാരെത് ബെയ്ലും റഷ്യയുടെ വല തുളച്ചു. മൂന്നാമത്തെ ഗോളിന്റെ തിളക്കത്തിൽ റഷ്യ അമ്പേ തകർന്നുപോയി. ജയിക്കാൻ സാധിക്കില്ലെന്നുള്ള ഉത്തമ വിശ്വാസത്തിലും റഷ്യക്കാർ പടവെട്ടിയെങ്കിലും ദയനീയമായി തോൽവി സമ്മതിക്കുകയായിരുന്നു. ഒരു ജയം പോലും ലഭിക്കാത്ത റഷ്യ മടങ്ങുകയും ചെയ്തു. തുടക്കം മുതലേ വെയിൽസ് നല്ല പ്രകടനമാണ് കാഴചവച്ചത്. അവർ നടത്തിയ ഓരോ നീക്കങ്ങളും തികഞ്ഞ ബോധത്തോടെയും സൂക്ഷ്മതയോടെയും ആയിരുന്നു.

<ആ>ഇംഗ്ലണ്ടിനു സമനില


സ്ലൊവാക്യക്കെതിരേ അവസാനത്തെ അടവുമായി മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് നിറം മങ്ങിയ സമനിലയോടെ അടുത്ത റൗണ്ടിലെത്തേണ്ടിവന്നു. ഒരു ഗോൾ പോലും വഴങ്ങാത്ത സ്ലൊവാക്യൻ പടയാളികൾക്കു മുന്നിൽ ഇംഗ്ലണ്ടിന്റെ ശക്‌തി ചോർന്നു. ഒരു ജയവും രണ്ടു സമനിലയും കൊണ്ടു തൃപ്തിയടഞ്ഞ ഇംഗ്ലണ്ട് അഞ്ച് പോയിൻറുമായി രണ്ടാം സ്‌ഥാനക്കാരായി. എന്നാൽ, ഒരു വിജയവും രണ്ടു സമനിലയുമായി നാലു പോയിന്റ് കീശയിലാക്കിയ സ്ലൊവാക്യയാകട്ടെ, മികച്ച മൂന്നാം സ്‌ഥാനക്കാരും പ്രീക്വാർട്ടറിൽ ഇടം തേടുന്ന ടീമുമായി.

വെയ്ൽസിനെ തലനാരിഴയ്ക്കു തോൽപ്പിച്ച ടീമിൽ ആറു മാറ്റങ്ങൾ വരുത്തിയാണ് ഇംഗ്ലീഷ് പരിശീലകൻ റോയ് ഹോഡ്ജ്സൺ സ്ലൊവാക്യയ്ക്കെതിരേ ടീമിനെ ഇറക്കിയത്. വെയ്ൻ റൂണി, ഡെലി അലി, റഹീം സ്റ്റെർലിംഗ്, ഡാനി റോസ് കെയ്ൽ വാക്കർ, ഹാരി കെയ്ൻ എന്നിവർക്ക് ആദ്യ ഇലവനിൽ അവസരം കൊടുത്തുമില്ല. എന്നാൽ, ഈ തന്ത്രം പതറിയെന്നറിഞ്ഞപ്പോൾ ഓരോരുത്തരായി കളത്തിലിറങ്ങി. എന്നാൽ, ഗോൾ നേടാനാവാതെ ഇംഗ്ലണ്ടിന്റെ ശോഭ കെട്ടു. ഏതു മത്സരത്തിലും കാടിളക്കി ഗോളടിക്കുന്ന വെയ്ൻ റൂണിയുടെ ശ്രമങ്ങളൊക്കൊയും പാഴ്വേലയായി. 56–ാം മിനിറ്റിൽ ജാക് വേൽഷെറെയ്ക്കു പകരമായി ഇറങ്ങിയ റൂണിയുടെ പ്രകടനം ഇംഗ്ലണ്ടിനു നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാൽ, 60ാം മിനിറ്റിൽ ആഡം ലലാനയെ തിരിച്ചു വിളിച്ച ഹോഡ്ജ്സൺ ഡെലി അലി കൃത്യനിർവഹണം ഏൽപ്പിച്ചതിന്റെ ആവേശത്തിൽ 61–ാം മിനിറ്റിൽ ജോഡൻ ഹെൻഡേഴ്സൺ കൊടുത്ത ക്രോസ് ഗോളാക്കാൻ ശ്രമിച്ചു. എന്നാൽ, സ്ലൊവാക്യയുടെ പ്രതിരോധക്കാരൻ മാർട്ടിൻ സ്ക്രെപ്റ്റൽ പന്ത് തട്ടിത്തെറിപ്പിച്ചു. 66ാം മിനിറ്റിൽ ഡാനിയേൽ സ്റ്റെറിഡ്ജിനു പകരക്കാരനായി കളത്തിൽലിറങ്ങിയ ഹാരി കെയ്ൻ നോട്ടക്കാരനായി മാത്രം ഒതുങ്ങി.

ആദ്യ പകുതിയിൽ മൂന്നിൽ രണ്ടു പങ്കും പന്ത് കൈയടക്കി വയ്ക്കാൻ ഇംഗ്ലീഷ് താരങ്ങൾക്കു സാധിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. രണ്ടാം പകുതിയിലാണ് വ്യക്‌തമായൊരു അവസരം സൃഷ്‌ടിച്ചെടുക്കാൻ ഇംഗ്ലണ്ടിനു സാധിച്ചത്. സാൻ എറ്റിന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്ലൊവാക്യക്കെതിരെ 29 തവണയാണ് ഇംഗ്ലണ്ട് ഷോട്ടുതിർത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.