ചിലി– കൊളംബിയ; ഹൈവോൾട്ടേജ് സെമി
ചിലി– കൊളംബിയ; ഹൈവോൾട്ടേജ് സെമി
Tuesday, June 21, 2016 12:23 PM IST
ഷിക്കാഗോ: തുല്യശക്‌തികളുടെ പോരാട്ടം, കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിന്റെ രണ്ടാം സെമിയെ അങ്ങനെ വിശേഷിപ്പിക്കാം. കാരണം, ചിലിയുടെയും കൊളംബിയയുടെയും പോരിൽ ആരു ജയിക്കുമെന്ന പ്രവചനം അസാധ്യമായിരിക്കേ പോരാട്ടം ഇഞ്ചോടിഞ്ച് എന്നു പറയുന്നതാകും ഉചിതം. പ്രാഥമിക റൗണ്ടുകളിൽ സ്‌ഥിരതയില്ലാത്ത പ്രകടനമായിരുന്നു ഇരുടീമിന്റേതും. നിലവിലെ ചാമ്പ്യന്മാരായ ചിലിയുടെ തുടക്കം ലോക റാങ്കിംഗിൽ ഒന്നാം സ്‌ഥാനത്തുള്ള അർജന്റീനയുമായായിരുന്നു. തുല്യ ശക്‌തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിന് വിജയം അർജന്റീനയ്ക്കൊപ്പം നിന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ ബൊളീവിയയെ പരാജയപ്പെടുത്തി ചിലി പ്രതീക്ഷ കാത്തു. അവസാന ലീഗ് മത്സരത്തിൽ പാനമയ്ക്കെതിരേയും വിജയം സ്വന്തമാക്കി ക്വാർട്ടറിലേക്കു മാർച്ച് ചെയ്ത ചിലിയുടെ സംഹാരരൂപമാണ് സെമിയിൽ കണ്ടത്. ഏകപക്ഷീയമായ ഏഴു ഗോളിന് കരുത്തരായ മെക്സിക്കോയെ തറപറ്റിച്ച ചിലി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സെമിയിലെത്തിയിരിക്കുന്നത്.

കൊളംബിയയുടെ കാര്യം അത്ര ആശാവഹമല്ല. കാരണം, ഒരുപിടി ലോകോത്തര താരങ്ങളുണ്ടായിട്ടും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ഇതുവരെ അവർക്കായിട്ടില്ല.

ആദ്യമത്സരത്തിൽ അമേരിക്കയ്ക്കെതിരേ ആധികാരിക വിജയം സ്വന്തമാക്കിയെങ്കിലും പിന്നീട് ചെറിയ ടീമുകളെ പരാജയപ്പെടുത്താൻ കഷ്‌ടപ്പെടേണ്ടിവന്നു. ക്വാർട്ടർ പെറുവിനെതിരേ ഗോൾ പോലും നേടാൻ കൊളംബിയയ്ക്കായില്ല. എന്നാൽ, ഈ പോരായ്മകളൊക്കെ നികത്തി മിന്നും പ്രകടനം പുറത്തെടുക്കാനാണ് കൊളംബിയ ശ്രമിക്കുന്നത്. കൊളംബിയ ലോക റാങ്കിംഗിൽ മൂന്നാം സ്‌ഥാനത്തും ചിലി അഞ്ചാം സ്‌ഥാനത്തുമാണ്. ഗ്രൂപ്പ് എയിൽ രണ്ടാം സ്‌ഥാനത്തോടെയാണ് കൊളംബിയ ക്വാർട്ടറിലെത്തിയതെങ്കിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്‌ഥാനവുമായാണ് ചിലിയുടെ വരവ്.

<ആ>അർതുറോ വിദാൽ ഇല്ല

കൊളംബിയയെ നേരിടുമ്പോൾ ചിലിയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ മധ്യനിരയിലെ കുന്തമുന അർതുറോ വിദാലിന് കളിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മഞ്ഞക്കാർഡ് കണ്ടതാണ് വിദാലിനു വിനയായത്.

എന്നാൽ, വർഗാസും അലക്സിസ് സാഞ്ചസും പാബ്ലോ ഹെർണാണ്ടസും ചാൾസ് അരാംഗിസും ഫ്രാൻസിസ്കോ സിൽവയും ഉൾപ്പെടുന്ന ചിലിയൻ ടീം കരുത്തരാണെന്നും പരിശീലകൻ യുവാൻ അന്റോണിയോ പിസി പറഞ്ഞു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽനിന്ന് 13 ഗോളുകളാണ് ചിലി എതിർവലയിൽ അടിച്ചുകൂട്ടിയത്. അതുതന്നെ വലിയ ആത്മവിശ്വാസമാണ് ചിലിക്കു നൽകുന്നത്.


എഡ്വാർഡോ വർഗാസ് ആറു ഗോളുമായി സുവർണപാദുകത്തിന് അവകാശവാദമുന്നയിച്ച് ഒന്നാം സ്‌ഥാനത്താണ്. അലക്സിസ് സാഞ്ചസ് മൂന്നും അർതുറോ വിദാൽ രണ്ടും എഡ്സൺ പച്ച് രണ്ടും ഗോളുകൾ നേടിക്കഴിഞ്ഞു. ചിലിയൻ മുന്നേറ്റനിരയുടെ ഗോൾ നേടാനുള്ള പാടവത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. പ്രതിരോധനിരയാണ് ചിലിയുടെ ദൗർബല്യം. എന്നാൽ, ക്ലൗഡിയോ ബ്രാവോ എന്ന ഗോൾ കീപ്പർ ചിലിയുടെ പ്രധാനകരുത്താണ്. കഴിഞ്ഞ ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും അവിസ്മരണീയ പ്രകടനം ബ്രാവോയ്ക്കു നൽകിയത് ലോകത്തെ എണ്ണം പറഞ്ഞ ഗോളികളിൽ ഒരാൾ എന്നതാണ്.

<ആ>റോഡ്രിഗസ് ഉണരുന്നില്ല

ബ്രസീൽ ലോകകപ്പിൽ താരമായി വളർന്ന റയൽ താരം ഹാമിഷ് റോഡ്രിഗസിന്റെ ഫോമില്ലായ്മയും പ്രകടനത്തിലെ സ്‌ഥിരതയില്ലായ്മയുമാണ് കൊളംബിയൻ പരിശീലകൻ പെക്കർമാനെ വിഷമിപ്പിക്കുന്നത്. ഇരുടീമും അവസാനം ഏറ്റുമുട്ടിയ ലോകകപ്പ് യോഗ്യതാ മത്സരം 1–1 സമനിലയിൽ പിരിഞ്ഞിരുന്നു. ഇപ്പോഴത്തെ ചിലിയൻ പരിശീലകൻ പിസിയുടെ ആദ്യമത്സരം കൂടിയായിരുന്നു ഇത്.

അമിത ആത്മവിശ്വാസം പുലർത്തിയ കൊളംബിയ അവസാന ലീഗ് മത്സരത്തിൽ ദുർബലരായ കോസ്റ്റാറിക്കയോട് 2–3നു തോറ്റത് നാണക്കേടായി. മികച്ച രണ്ട് ഗോൾ കീപ്പർമാരുടെ പോരാട്ടം കൂടിയാണിത്. ഡേവിഡ് ഓസ്പിനയുടെ അസാമാന്യപ്രകടനത്തിന് ഈ കോപ്പയും വേദിയായി.

ചരിത്രം പരിശോധിച്ചാൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ മുൻതൂക്കം ചിലിക്കാണ്. 14 വിജയം അവർ നേടിയപ്പോൾ കൊളംബിയയുടെ വിജയം 10 എണ്ണത്തിലാണ്. 12 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. എന്നാൽ, കഴിഞ്ഞ 16 വർഷത്തെ കാര്യങ്ങൾ പരിശോധിച്ചാൽ ചിലിക്കു മൂന്നു മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. കൊളംബിയയ്ക്കാവട്ടെ എട്ടു മത്സരങ്ങൾ വിജയിക്കാനായി. ഏഴു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.


<ആ>സെമിയിലേക്കുള്ള വഴി


<ആ>ചിലി

ചിലി–1, അർജന്റീന–2

ചിലി–2, ബൊളീവിയ–1

ചിലി–4, പാനമ–2

ക്വാർട്ടർ

ചിലി–7, മെക്സിക്കോ–0


<ആ>കൊളംബിയ

കൊളംബിയ– 2, അമേരിക്ക–0

കൊളംബിയ–2, പരാഗ്വെ–1

കൊളംബിയ–2,

കോസ്റ്റാറിക്ക–3

ക്വാർട്ടർ

കൊളംബിയ–0, പെറു–0

പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയ 4–2നു ജയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.