യാങ്കിപ്പടയെ യാത്രയാക്കി മെസിയും സംഘവും: അർജന്റീന ഫൈനലിൽ
യാങ്കിപ്പടയെ യാത്രയാക്കി മെസിയും സംഘവും: അർജന്റീന ഫൈനലിൽ
Tuesday, June 21, 2016 10:13 PM IST
ഹ്യൂസ്റ്റൺ: സ്വന്തം ആരാധകരുടെ പിൻബലത്തിൽ അട്ടിമറി മോഹവുമായി കളത്തിലിറങ്ങിയ അമേരിക്കയെ തകർത്തു അർജന്റീന കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന കോപ്പ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. കഴിഞ്ഞവർഷം അവർ ചിലിയോടു ഫൈനലിൽ തോൽക്കുകയായിരുന്നു.

പുലർച്ചെ നടന്ന സെമിഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അർജന്റീന അമേരിക്കയെ തോൽപ്പിച്ചത്. ഗോൺസാലോ ഹിഗ്വെയ്ൻ രണ്ടും എസേക്വിൽ ലവോസി, ലയണൽ മെസി എന്നിവർ ഓരോ ഗോളും സ്കോർ ചെയ്തു. 27ന് നടക്കുന്ന കലാശക്കളിയിൽ കൊളംബിയചിലി രണ്ടാം സെഫിയിലെ വിജയികളുമായി അർജന്റീന ഏറ്റുമുട്ടും. ചിലിയാണ് ഫൈനലിൽ വരുന്നതെങ്കിൽ ഒരിക്കൽകൂടി ചിലി–അർജന്റീന ഫൈനലിനു കളമൊരുങ്ങും.

സെമിയിൽ സ്കോർ ചെയ്തതോടെ കോപ്പയിൽ മെസിയുടെ ഗോൾ നേട്ടം അഞ്ചായി. അർജന്റീനക്കായി 55–ാമത്തെ ഗോൾ നേടി ഗബ്രിയേൽ ബാസ്റ്റിസ്റ്റ്യൂട്ടയെ മറികടക്കാനും മെസിക്കായി.

4–4–2 ശൈലിയിലാണ് അമേരിക്ക സെമിയിൽ മുൻ ലോക ചാമ്പ്യൻമാർക്കെതിരേ പടനയിച്ചത്. മുൻനിരയിൽ ക്രിസ് വോണ്ടോലോവ്സ്കിയും ക്ലിന്റ് ഡെംസിയുമാണ് ആക്രമണങ്ങൾക്കു നേതൃത്വം നൽകിയത്. ഒട്ടേറെ പ്രതീക്ഷകളുമായി എത്തിയ അമേരിക്കയ്ക്കു തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടിവന്നു. മൂന്നാം മിനിറ്റിൽ മെസിയുടെ മനോഹരമായ പാസിൽ നിന്നു ലവേസിയാണ് ആദ്യ ഗോൾ നേടിയത്. ബോക്സിനു പുറത്തു നിന്നു മെസി ഉയർത്തി നൽകിയ പന്ത് തകർപ്പൻ ഹെഡറിലൂടെ ലവേസി ലക്ഷ്യം കാണുകയായിരുന്നു.


32–ാം മിനിറ്റിൽ ഫ്രീക്കിൽ നിന്നു ലയണൽ മെസി ലീഡുയർത്തി. ബോക്സിനു പുറത്തു നിന്നുള്ള കിക്കിനു മുന്നിൽ മതിലായി നിന്ന മൈക്കൽ ബ്രാഡ്ലി, ഗ്യാസി സർദേശ്, ജോൺ ബ്രൂക്സ്, ക്ലിന്റ് ഡെംസി, ഗ്രഹാം സൂസി എന്നിവരുടെ മുകളിലൂടെ കടന്നുപോയ പന്ത് യുഎസ് ഗോളി ബ്രാഡ് ഗൂസാനെയും മറികടന്നു വലയിലെത്തി.

രണ്ടാം പകുതിയിലെ രണ്ടു ഗോളുകൾ ഗോൺസാലോ ഹിഗ്വെയ്ന്റെ വകയായിരുന്നു. 50–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നു എത്തിയ പന്ത് ഹ്വിഗ്വെയ്ൻ ലക്ഷ്യത്തിലെത്തിച്ചു. യുഎസ് ഗോളി പന്ത് തട്ടിയെങ്കിലും പന്ത് റീബൗണ്ട് ചെയ്തത് ഹിഗ്വെയ്ന്റെ കാൽചുവട്ടിലേക്ക്. അദ്ദേഹത്തിനു പിഴച്ചില്ല. 86–ാം മിനിറ്റിൽ മെസിയുടെ ചടുലമായ മുന്നേറ്റത്തിനൊടുവിലാണ് നാലാം ഗോൾ പിറന്നത്. യുഎസ് പ്രതിരോധത്തെ മറികടന്ന മെസി പോസ്റ്റിനടുത്തു നിന്ന ഹിഗ്വെയ്നു പന്തു കൈമാറി. ഹിഗ്വെയ്ൻ അതു ഗോളാക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.