പരമ്പരയുമായി ഇന്ത്യ തടിതപ്പി
പരമ്പരയുമായി ഇന്ത്യ തടിതപ്പി
Wednesday, June 22, 2016 11:57 AM IST
ഹരാരെ: ദുർബലരായ സിംബാബ്വെയ്ക്കെതിരായ ട്വന്റി–20 പരമ്പയിൽ ദുർബല വിജയവുമായി ഇന്ത്യ തടിതപ്പി. മൂന്നു റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 139 റൺസ് ലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 135 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. അവസാന ഓവറിൽ ജയിക്കാൻ 21 റൺസ് വേണ്ടിയിരുന്ന സിംബാബ്വേ 17 റൺസ് നേടി ഇന്ത്യയെ വിറപ്പിച്ചു. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി–20യിൽ ആതിഥേയർ രണ്ടു റൺസിനു വിജയിച്ചിരുന്നു. സ്കോർ: ഇന്ത്യ 138/6 (20 ഓവർ), സിംബാബ്വേ 135/6 (20 *ഓവർ). കേദാർ യാദവിനെ മാൻ ഓഫ് ദ മാച്ചായും ബരീന്ദർ സ്രാനിനെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു. ഏകദിന പരമ്പരയും ഇന്ത്യ നേടിയിരുന്നു.

വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വേയ്ക്കു തുടക്കത്തിൽതന്നെ ചിബാബ (5) യെ നഷ്‌ടമായെങ്കിലും മസാകഡ്സയും സിബാൻഡയും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. അവസാന ഓവർ ഇന്ത്യൻ കളിക്കാരുടെ നെഞ്ചിടിപ്പ് ഉയർത്തുന്നതായിരുന്നു. എൽട്ടൺ ചിഗുംബരയും മരുമയുമായിരുന്നു ക്രീസിൽ. 21 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ സഖ്യം 17 റൺസ് അടിച്ചുകൂട്ടി. അവസാന പന്തിൽ ചിഗുംബര (16) യെ പുറത്താക്കി ബരീന്ദർ സ്രാൻ ഇന്ത്യയ്ക്കു ജയം സമ്മാനിച്ചു. സിബാൻഡ (28) യാണ് സിംബാബ്വെ ടോപ് സ്കോറർ. നേരത്തെ, ടോസ് നേടിയ സിംബാബ്വെ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം തകർത്തടിച്ച മുൻനിര തകർന്നപ്പോൾ മൂന്നിന് 27 എന്ന നിലയിലേക്ക് ഇന്ത്യ തകർന്നു. എന്നാൽ തുടർന്നു ക്രീസിലെത്തിയ കേദാർ ജാദവ് ഇന്ത്യൻ ബാറ്റിംഗിനെ മുന്നോട്ടുനയിച്ചു. 42 പന്തുകൾ നേരിട്ട ജാദവ് ഏഴ് ഫോറുകളും ഒരു സിക്സും ഉൾപ്പടെ 58 റൺസ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.