ജീവന്മരണ പോരാട്ടങ്ങൾ
ജീവന്മരണ പോരാട്ടങ്ങൾ
Friday, June 24, 2016 12:22 PM IST
യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തു കടക്കാൻ ബ്രിട്ടീഷ് ജനത മനസറിയിച്ചതിന്റെ രണ്ടാം നാൾ... യൂറോപ്പിലെ അതിർതിരിവുകളെ ഫുട്ബോൾ എന്ന രസച്ചരടിൽ കോർത്തിണക്കുന്ന യുവേഫ യൂറോ കപ്പിന്റെ നോക്കൗട്ടിനു പന്തുരുളുന്ന നാൾ... ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫുട്ബോളിന്റെ നോക്കൗട്ടിനായി സ്വിസ് താരങ്ങളും പോളിഷ് താരങ്ങളും ഇന്നു ബൂട്ടണിയും. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 6.30നാണ് 2016 യൂറോ കപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിന്റെ കിക്കോഫ്. ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും സ്വിറ്റ്സർലൻഡും പോളണ്ടും സംതൃപ്തരാകില്ല. കാരണം, തോൽവി യൂറോയിൽനിന്നു പുറത്തേക്കുള്ള വഴിതുറക്കലാണെന്നതുതന്നെ.

<ആ>നോക്കൗട്ടിലേക്കുള്ള വഴി

തോൽവി അറിയാതെയാണ് ഇരു രാജ്യങ്ങളും പ്രീക്വാർട്ടറിൽ എത്തിനിൽക്കുന്നത്. ഗ്രൂപ്പ് എയിൽ രണ്ടാം സ്‌ഥാനത്തോടെ സ്വിറ്റ്സർലൻഡും ഗ്രൂപ്പ് സിയിൽ രണ്ടാം സ്‌ഥാനത്തോടെ പോളണ്ടും നോക്കൗട്ടിലേക്കെത്തി. ആതിഥേയരായ ഫ്രാൻസിനെയും റൊമാനിയയെയും സമനിലയിൽ പിടിച്ച സ്വിറ്റ്സർലൻഡ്, അൽബേനിയയെ 1–0നു കീഴടക്കി. ഗ്രൂപ്പിൽ രണ്ടു ജയവുമായി കൊമ്പുകുലുക്കി നിന്ന ഫ്രാൻസിനെ അവരുടെ കാണികൾക്കു മുന്നിൽവച്ച് ഗോൾരഹിത സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസം സ്വിസ് താരങ്ങൾക്കുണ്ട്.

ലോകചാമ്പ്യന്മാരായ ജർമനിയെ ഗ്രൂപ്പ് സിയിൽ ഗോളടിക്കാതെ പിടിച്ചുകെട്ടിയാണ് പോളണ്ട് തങ്ങളുടെ വമ്പറിയിച്ചത്. അതുകൊണ്ടുതന്നെ പോളണ്ടിനെക്കുറിച്ചു മിണ്ടുമ്പോൾ സൂക്ഷിക്കണമെന്നർഥം. യുക്രെയ്നെയും നോർത്തേൺ അയർലൻഡിനെയും 1–0നു വീതം കീഴടക്കിയ പോളണ്ട് ഗ്രൂപ്പിൽ ജർമനിക്കൊപ്പം ഏഴു പോയിന്റ് സ്വന്തമാക്കി. എന്നാൽ, ഗോൾ ശരാശരിയിൽ ജർമനിക്കു മുന്നിൽ പിന്തള്ളപ്പെട്ട് രണ്ടാം സ്‌ഥാനം നേടി.

<ആ>മുഖാമുഖം ഇതുവരെ

ചരിത്രം നോക്കിയാൽ പോളണ്ടിനെതിരേ ഒരക്ഷരം മിണ്ടാൻ സ്വിറ്റ്സർലൻഡിനു സാധിക്കില്ല. ഇതുവരെ പത്തു തവണ നേർക്കുനേർ വന്നതിൽ ഒരു ജയം മാത്രമാണ് സ്വിറ്റ്സർലൻഡിന് അവകാശപ്പെടാനുള്ളത്. നാലു ജയം പോളണ്ട് സ്വന്തമാക്കിയപ്പോൾ അഞ്ചെണ്ണം സമനിലയിൽ കലാശിച്ചു.

പോളണ്ടിനെതിരേ സ്വിറ്റ്സർലൻഡ് നേടിയ ഏകജയം 1976ലെ സൗഹൃദ മത്സരത്തിലാണ്. 2014 നവംബറിലാണ് ഇരു ടീമുകളും അവസാനമായി നേർക്കുനേർ ഇറങ്ങിയത്. അന്ന് മത്സരം 2–2 സമനിലയിൽ കലാശിച്ചിരുന്നു. ഒരു ടൂർണമെന്റിൽ പോളണ്ടും സ്വിറ്റ്സർലൻഡും അവസാനമായി മുഖാമുഖം എത്തിയത് 1980ലെ യൂറോ കപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു. അന്ന് പോളണ്ട് 2–0നു വിജയിച്ചു.

<ആ>ചരിത്രത്താളുകളിൽ

യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നതായിരുന്നു ഇതുവരെ സ്വിറ്റ്സർലൻഡിന്റെയും പോളണ്ടിന്റെയും ചരിത്രം. 1938 ലോകകപ്പിന്റെ ആദ്യ റൗണ്ട് റിപ്ലേയിൽ ജർമനിയെ കീഴടക്കി ക്വാർട്ടറിൽ എത്തിയതാണ് സ്വിറ്റ്സർലൻഡിന്റെ ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏക നോക്കൗട്ട് പ്രവേശനം.


1974, 1982 ലോകകപ്പുകളിൽ മൂന്നാം സ്‌ഥാനം നേടിയതാണ് പോളണ്ടിന്റെ ചരിത്രത്തിലെ മികച്ച നേട്ടങ്ങൾ. യോഗ്യതാ റൗണ്ടിൽ 13 ഗോളുകൾ നേടിയ പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കിയാണ് യൂറോ ചരിത്രത്തിലെ ടോപ് സ്കോറർ. 2008 യൂറോ യോഗ്യതാ റൗണ്ടിൽ നോർത്തേൺ അയർലൻഡിന്റെ ഡേവിഡ് ഹെയ്ലിയുടെ റിക്കാർഡാണ് ലെവൻഡോവ്സ്കി തിരുത്തിയത്. കഴിഞ്ഞ നാലു മത്സരങ്ങളിലും ഗോൾ വഴങ്ങാതെയാണ് പോളണ്ട് എത്തുന്നത്.

<ആ>ഗ്രൂപ്പ് ഘട്ടത്തിൽ

സ്വിറ്റ്സർലൻഡ് –1, അൽബേനിയ –0

സ്വിറ്റ്സർലൻഡ് –1, റൊമേനിയ –1

സ്വിറ്റ്സർലൻഡ് –0, ഫ്രാൻസ് –0

.....................................................................

പോളണ്ട് –1, നോ. അയർലൻഡ് –0

പോളണ്ട് –0, ജർമനി –0

പോളണ്ട് –1, യുക്രെയ്ൻ –0



<ആ>ക്രൊയേഷ്യ–പോർച്ചുഗൽ യുദ്ധം

മത്സരം ഇന്ന് രാത്രി 12.30ന്

യൂറോ പ്രീക്വാർട്ടറിൽ ആദ്യ സൂപ്പർ പോരാട്ടം ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30ന്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഇവാൻ റാക്കിറ്റിക്കിന്റെ ക്രൊയേഷ്യയും തമ്മിലാണ് സൂപ്പർ പോര്. റൊണാൾഡോയുടെ വമ്പുമായെത്തിയ പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയം പോലും നേടാതെയാണ് പ്രീക്വാർട്ടറിലേക്ക് എത്തിയിരിക്കുന്നത്.

ഗ്രൂപ്പ് എഫിൽ ഹങ്കറിക്കും ഐസ്ലൻഡിനും പിന്നിൽ മൂന്നാം സ്‌ഥാനത്തോടെയാണ് പറങ്കിപ്പടയുടെ നോക്കൗട്ട് പ്രവേശനം. മൂന്നു മത്സരത്തിലും സമനിലയുമായി മികച്ച മൂന്നാം സ്‌ഥാനക്കാരിൽ ഒരാളായി നോക്കൗട്ടിലെത്തിയ പോർച്ചുഗലിന് ഇന്നത്തെ മത്സരം കടുത്തതാകും. ലീഗ് ഫുട്ബോൾ ലോകത്ത് കളിച്ച് തെളിഞ്ഞ ഒരുപറ്റം മികച്ച താരങ്ങളുമായെത്തുന്ന ക്രൊയേഷ്യ റൊണാൾഡോയ്ക്കും സംഘത്തിനും കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.

ഗ്രൂപ്പ് ഡിയിൽ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനിനെവരെ തകർത്തെറിഞ്ഞാണ് ക്രൊയേഷ്യ നോക്കൗട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തുർക്കിയെ കീഴടക്കിയ ക്രൊയേഷ്യ രണ്ടാം മത്സരത്തിൽ ചെക്റിപ്പബ്ലിക്കുമായി സമനില പാലിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്പെയിനിനെ 2–1നു തകർക്കുകയും ചെയ്തു.

2005 നവംബറിലാണ് ക്രൊയേഷ്യയും പോർച്ചുഗലും അവസാനമായി നേർക്കുനേർ ഇറങ്ങിയത്. അന്ന് 2–0ന് പോർച്ചുഗൽ ജയിച്ചിരുന്നു. ഗ്രൂപ്പ് പോരാട്ടത്തിൽ പെനാൽറ്റി നഷ്‌ടപ്പെടുത്തിയ സൂപ്പർ താരം റൊണാൾഡോ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ രണ്ട് ഗോൾ നേടിയ ആശ്വാസത്തിലാണ് പറങ്കി സംഘം. മരിയോ മാൻസുകിച്ച്, നികോള കലിനിക്, ഇവാൻ പെരിസിക്, ഇവാൻ റാകിറ്റിക് തുടങ്ങിയ മികച്ച സംഘമാണ് ക്രൊയേഷ്യയുടെ കരുത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.