ഇംഗ്ലണ്ടിനു റിക്കാർഡ് ജയം
ഇംഗ്ലണ്ടിനു റിക്കാർഡ് ജയം
Saturday, June 25, 2016 12:22 PM IST
മാഞ്ചസ്റ്റർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് റിക്കാർഡ് ജയം. ശ്രീലങ്ക ഉയർത്തിയ 255 റൺസ് എന്ന ലക്ഷ്യം ആതിഥേയർ വിക്കറ്റ് നഷ്‌ടപ്പെടാതെ മറികടന്നു. ഇതോടെ ഒരു ടീം വിക്കറ്റ് നഷ്‌ടപ്പെടാതെ നേടുന്ന ഏറ്റവും മികച്ച ജയം എന്ന റിക്കാർഡ് ഇംഗ്ലണ്ട്് സ്വന്തമാക്കി. 2015 ഓഗസ്റ്റ് നാലിന് ന്യൂസിലൻഡ് സിംബാബ്വെയ്ക്കെതിരേ 236 റൺസ് എടുത്ത് നേടിയ 10 വിക്കറ്റ് ജയമായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ജാസൺ റോയിയും (95 പന്തിൽ 112) അലക്സ് ഹെൽസും (110 പന്തിൽ 133) ചേർന്നാണ് ഇംഗ്ലണ്ടിന് റിക്കാർഡ് ജയം ഒരുക്കിയത്. സ്കോർ: ശ്രീലങ്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 254. ഇംഗ്ലണ്ട് 34.1 ഓവറിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ 256.

ടോസ് ജയിച്ച് ക്രീസിലെത്തിയ ലങ്ക ദിനേഷ് ചൻഡിമൽ (86 പന്തിൽ 52), ഉപുൽ തരംഗ (49 പന്തിൽ 53), എയ്ഞ്ചലോ മാത്യൂസ് (54 പന്തിൽ 44) എന്നിവരുടെ ബാറ്റിംഗ് മികവിൽ 254 റൺസ് നേടി. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കെറ്റ്, അദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഏകദിന ചരിത്രത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ പിറക്കുന്ന മികച്ച അഞ്ചാമത്തെ കൂട്ടുകെട്ടിനാണ് ബിർമിംഗ്ഹാമിലെ എഗ്ബാസ്റ്റൺ മൈതാനം സാക്ഷ്യംവഹിച്ചത്. 2006ൽ ഉപുൽ തരംഗയും (109) സനത് ജയസൂര്യയും (152) ചേർന്ന് ഇംഗ്ലണ്ടിനെതിരേ നേടിയ 286 റൺസാണ് നിലവിലെ റിക്കാർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്. തരംഗയും ദിൽഷനും ചേർന്ന് സിംബാബ്വെയ്ക്കെതിരേ 2010–11ൽ നേടിയ 282 റൺസ് ആണ് രണ്ടാം സ്‌ഥാനത്ത്.


2008ൽ ന്യൂസിലൻഡിനായി ബ്രണ്ടൻ മക്കല്ലവും ജയിംസ് മാർഷലും ഒന്നാം വിക്കറ്റിൽ നേടിയ 274 റൺസാണ് പട്ടികയിൽ മൂന്നാമത്. കെനിയയ്ക്കെതിരേ ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ (146) സൗരവ് ഗാംഗുലി (111) കൂട്ടുകെട്ട് 2001–2002 ൽ നേടിയ 258 റൺസാണ് നാലാമത്. 1998ൽ സച്ചിനും ഗാംഗുലിയും ശ്രീലങ്കയ്ക്കെതിരേ 252 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ നേടിയതായിരുന്നു ഇതുവരെ പട്ടികയിലെ അഞ്ചാം സ്‌ഥാനത്ത്. അലക്സ് ഹെയ്ൽസും ജാസൺ റോയിയും പുറത്താകാതെ 256 റൺസ് നേടി അഞ്ചാം സ്‌ഥാനത്തെത്തിയതോടെ 1998ലെ സച്ചിൽ–ഗാംഗുലി കൂട്ടുകെട്ട് സ്കോർ ആറാം സ്‌ഥാനത്തേക്ക് ഇറങ്ങി. ശ്രീലങ്കയ്ക്കെതിരേ ഒരു ടീമിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് പ്രകടനം എന്ന റിക്കാർഡും ഹെയ്ൽസ്, റോയി കൂട്ടുകെട്ട് നേടി. സച്ചിൻ–ഗാംഗുലി ജോഡി 1998ൽ സ്‌ഥാപിച്ച 252 റൺസ് എന്ന റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.