അന്തർസംസ്‌ഥാന സീനിയർ അത്ലറ്റിക്സ് ഇന്നു മുതൽ; ആദ്യദിനം ആറു ഫൈനൽ
Monday, June 27, 2016 11:35 AM IST
ഹൈദരാബാദ്:ഒളിമ്പിക്സിലേക്ക് കണ്ണുംനട്ട് ഇന്ത്യയുടെ സീനിയർ അത്ലറ്റുകൾ. ഒളിമ്പിക് യോഗ്യത കണ്ടെത്താനുള്ള ഇന്ത്യയിലെ ഏറ്റവും പ്രധാന പോരാട്ടവേദിയായ അന്തർ സംസ്‌ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിനായി ഇത്തവണ ട്രാക്കിലും ഫീൽഡിലുമിറങ്ങുന്നത് 87 പേരാണ്.

മീറ്റിന്റെ ആദ്യദിനം ആറു ഫൈനലുകൾ നടക്കും. രാവിലെ നടക്കുന്ന വനിതകളുടെ 10000 മീറ്ററോടെയാണ് മീറ്റ് ആരംഭിക്കുന്നത്. കേരളത്തിനായി ഗീതു മോഹനും യു. നീതുവും ഈയിത്തിൽ മത്സരിക്കും. തുടർന്നു നടക്കുന്ന പുരുഷന്മാരുടെ 5000 മീറ്ററിൽ വികാശ് കുമാർ മത്സരിക്കും.


മെഡൽപ്രതീക്ഷയുമായി ലോംഗ് ജംപിൽ എം.എ. പ്രജുഷയും നീനയും മത്സരിക്കും. ഡെക്കാത്തലണിലും കേരളത്തിനു മെഡൽ പ്രതീക്ഷയുണ്ട്. വി.വി. റെനീഷും മുഹമ്മദ് അഫ്സീറുമാണ് ഈയിനത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.

800 മീറ്റർ ഹീറ്റ്സിൽ സജീഷ് ജോസഫ്, ജിൻസൺ ജോൺസൺ എന്നിവർ മത്സരിക്കും. ട്രിപ്പിൾ ജംപിന്റെ പ്രാഥമിക മത്സരങ്ങളും ഇന്നു നടക്കും. കേരളത്തിനായി മാറ്റുരയ്ക്കുന്നത് രഞ്ജിത് മഹേശ്വരിയും രാകേഷ് ബാബുവുമാണ്. ജൂലൈ രണ്ടു വരെയാണ് മീറ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.