അന്നു ബാജിയോ, ഇപ്പോൾ മെസിയും
അന്നു ബാജിയോ, ഇപ്പോൾ മെസിയും
Monday, June 27, 2016 11:35 AM IST
<ആ>വി. മനോജ്

ചരിത്രം വിജയികളുടേതു മാത്രമല്ല. പുൽമൈതാനങ്ങളിൽ കണ്ണീർത്തുള്ളികൾ വീഴ്ത്തി കടന്നു പോയവരെയും കാലം മറക്കില്ല. ആഹ്ലാദവും കണ്ണീരും ഇടകലർന്ന കായികലോകം എന്നും അങ്ങനെയാണ്. അമേരിക്കയിൽ നടന്ന ഒരു ചാമ്പ്യൻഷിപ്പുകൂടി ഒരു വലിയ കളിക്കാരന്റെ ദുരന്തത്തിലേക്കു വഴി തെളിയിച്ചുവെന്നതാ ണു സത്യം. ഒരു മേജർ ചാമ്പ്യൻഷിപ്പിൽ ഇറ്റലിയുടെ റോബർട്ടോ ബാജിയോ ആയിരുന്നു ആദ്യ ഇര. ഇപ്പോൾ അർജന്റീനയുടെ ലയണൽ മെസിയും കളങ്കിതനായി.

<ആ>1994 ലോകകപ്പ് ഫൈനൽ

കലിഫോർണിയയിലെ പാസഡീനയിൽ നടന്ന ഫൈനലിൽ ബ്രസീലായിരുന്നു ഇറ്റലിയുടെ എതിരാളികൾ. കളി ഷൂട്ടൗട്ടിലേക്കു നീണ്ടു. ലോകകപ്പിൽ ആദ്യമായാണ് ഷൂട്ടൗട്ട് രീതി പരീക്ഷിക്കുന്നത്. അവസാനത്തെ നിർണായക പെനാൽറ്റിയെടുക്കേണ്ട ഉത്തരവാദിത്വം ബാജിയോയ്ക്കായിരുന്നു. ബാജിയോയുടെ അപൂർവം പെനാൽറ്റിയേ ലക്ഷ്യം കാണാതെ പോയിട്ടുള്ളൂ. ബാജിയോയുടെ ഷോട്ട് കുതിച്ചുയർന്നു. പന്ത് ബാറിനു വെളിയിലൂടെ പുറത്തേക്ക്. മൈതാനത്തു നിരാശയോടെ തലകുനിച്ചിരുന്ന ബാജിയോയ്ക്കു പിറകിലൂടെ വിജയികളായ ബ്രസീൽ നിര ആർപ്പുവിളിച്ചു. നഷ്‌ടപ്പെടുത്തിയ പെനാൽറ്റി ബാജിയോയെ വർഷങ്ങളോളം വേട്ടയാടി. കൂടെയുള്ള മറ്റു രണ്ടുപേരും പെനാൽറ്റി നഷ്‌ടപ്പെടുത്തിയിട്ടും ബാജിയോ മാത്രമാണ് ക്രൂശിക്കപ്പെട്ടത്. ഏതാണ്ട് ഇതേ പോലൊരു അനുഭവമാണ് ലയണൽ മെസിക്കും വന്നുപെട്ടിരിക്കുന്നത്. ബാജിയോയ്ക്കു ലോകകപ്പ് ആയിരുന്നുവെങ്കിൽ മെസിക്കു കോപ്പ ചാമ്പ്യൻഷിപ്പ്. രണ്ടും അമേരിക്കയിൽ വച്ചെന്നതാണ് സവിശേഷത. ലോകഫുട്ബോൾ പുരസ്കാരങ്ങൾ ഒരുപാട് നേടിയിട്ടും മെസിയുടെ പേരുപറയുമ്പോൾ നഷ്‌ടപ്പെടുത്തിയ പെനാൽറ്റിയെ ക്കുറിച്ചും ഇനി ആരാധകർ പറയും. ടീമിനെ ജയിപ്പിക്കാൻ കഴിയാത്ത വേദനയിൽ ഇനി ദേശീയ ടീമിൽ കളിക്കില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തീരുമാനത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് ഏറെ പേർ കരുതുന്നത്.

<ആ>സംഭവ ബഹുലം ഫൈനൽ

സംഭവ ബഹുലമായിരുന്നു ചിലി–അർജന്റീന ഫൈനൽ. ആദ്യപകുതിയിൽ രണ്ടുപേരുടെ പുറത്താകലും തുടരെ തുടരെ മഞ്ഞക്കാർഡുകളും കണ്ട മത്സരം ഒരിക്കലും ഉന്നത നിലവാരത്തിലേക്കു ഉയർന്നില്ല. ഒന്നും നഷ്ടപ്പെടാനില്ലാത്ത ചിലി ഒടുവിൽ ജയിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ കോപ്പ ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം ഇവർ തമ്മിൽ രണ്ടുവണ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയ്ക്കായിരുന്നു വിജയം. ഒന്ന് ലോകകപ്പ് യോഗ്യതയിലും മറ്റൊന്ന് ഈ ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരത്തിലും. സ്വതസിദ്ധമായി കളിച്ച അർജന്റീന രണ്ടിലും വിജയിക്കുകയായിരുന്നു.

<ആ>പടിക്കൽ കലമുടയ്ക്കുന്നു

നിർണായക മത്സരങ്ങളിൽ അർജന്റീനയ്ക്കു മുന്നേറാനാകുന്നില്ലെ ന്നതാണ് യാഥാർഥ്യം. സമീപകാലത്തെ ഏറ്റവും മികച്ച ആക്രമണനിരയാണ് ഇപ്പോഴത്തെ അർജന്റീന. ആക്രമണവും പ്രതിരോധവും ഉറച്ചടീം എന്തുകൊണ്ടും കപ്പുയർത്താൻ കഴിവുള്ള ടീം തന്നെയായിരുന്നു. എന്നാൽ ടീം നായകന് ഉറച്ച മനസുണ്ടായിരുന്നില്ല. ഇവിടെയാണ് അർജന്റീനയുടെ മുൻനായകൻ ഡിയേഗോ മാറഡോണയുടെ പ്രസക്‌തി. മെക്സിക്കോ ലോകകപ്പിൽ പേരുകേട്ട താരങ്ങളൊന്നും ആയിരുന്നില്ല മാറോഡണയോടൊപ്പമുണ്ടായിരുന്നത്. എന്നാൽ ടീമിനെ മുന്നോട്ടു നയിക്കാൻ ഉറച്ച മനസുള്ള വ്യക്‌തിയായിരുന്നു മാറഡോണ. ഇത്തരമൊരു പ്രഭാവമാണ് മെസിക്കു ഇല്ലാതെ പോയത്. ദേശീയടീമിനു വേണ്ടി മാറഡോണ കാണിച്ചതു പോലെയുള്ള കസർത്തുകൾ മെസിയുടെ പേരിലില്ലാത്തതും അതുകൊണ്ടു തന്നെ. വിംഗർ, അറ്റാക്കർ, അറ്റാക്കിംഗ് മിഡ്ഫീൽഡർ, പ്ലേമേക്കർ എന്നി പൊസിഷനുകളിൽ കളിച്ചു കഴിവുതെളിയിച്ച മെസിക്കു അപൂർവം പെനാൽറ്റികളേ പാഴായിട്ടുള്ളൂവെന്നു ഓർക്കണം. അപ്പോൾ സമ്മർദങ്ങൾ അതിജീവിക്കാൻ കഴിയാതെ വന്നതാണ് തോൽവിയുടെ മുഖ്യകാരണമെന്നാണ് വിലയിരുത്തൽ.


അർജന്റീനയ്ക്കായി കളിക്കാതിരിക്കുമ്പോഴും ബാഴ്സലോണയ്ക്കു വേണ്ടി തകർത്തു കളിക്കുന്നുവെന്നായിരുന്നു ഇതുവരെ മെസിക്കെതിരേ ആരോപണം. എന്നാൽ ഇതിൽ നിന്നെല്ലാം അദ്ദേഹം മോചിതനായിരുന്നു. ബ്രസീൽ ലോകകപ്പ് ഫൈനലും അതുകഴിഞ്ഞു ചിലിയിൽ നടന്ന കോപ്പ അമേരിക്കയിലും ടീമിനെ ഫൈനലിലെത്തിക്കാൻ മെസി ഒരുപാട് പാടുപ്പെട്ടു. കലാശക്കളിയിൽ ടീം വീണ്ടും പരാജയപ്പെടുകയാണ് ചെയ്തത്. ഇപ്പോൾ കോപ്പ ശതാബ്ദിയിലും അതാവർത്തിച്ചു.

<ആ>ദേശീയ ടീമിൽ മെസി

ദേശീയ ടീമിലേക്കു മെസിയുടെ സംഭാവന നോക്കാം. 2005ലെ ഫിഫ അണ്ടർ–20 ലോകകപ്പിൽ അർജന്റീന ജേതാക്കളാകുമ്പോൾ ടോപ് സ്കോറർ മെസിയായിരുന്നു (ആറു ഗോൾ) മികച്ച കളിക്കാരനും മെസി തന്നെ. 2006 ലോകകപ്പിൽ 19–ാം വയസിൽ കോച്ച് ഹോസെ പെക്കർമാൻ നൽകിയ അവസരം മുതലെടുത്തു മെസി ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരനായി. 2007ൽ അർജന്റീനയ്ക്കു കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പ് ആകാനേ സാധിച്ചുള്ളൂ. അവിടെയും മികച്ചതാരത്തിനുള്ള പുരസ്കാരം മെസിക്കു തന്നെ ലഭിച്ചു.

2008ൽ അർജന്റീനയെ ഒളിമ്പിക്സിൽ സ്വർണമണിയിച്ചപ്പോൾ അതിനു പിന്നിലും മെസിയുണ്ടായിരുന്നു. ദേശീയ ജഴ്സിയിൽ ഇത്രയുമാണ് മെസിയുടെ സംഭാവന. അതേസമയം ബാഴ്സലോണയ്ക്ക് മെസി ഒരുപാട് കിരീടങ്ങൾ നേടികൊടുത്തിട്ടുമുണ്ട്. അഞ്ചുതവണ ഫിഫ ബാലൺ ഡിഓർ പുരസ്കാരം നേടിയ വ്യക്‌തി. അങ്ങനെ ഒരുപാട് പുരസ്കാരങ്ങൾ മെസിയെ തേടിയെത്തി. നൈസർഗികമായ പ്രതിഭയുള്ളവർക്കു പോലും അവരുടേതായ പ്രകടനം പുറത്തെടുക്കാൻ ചിലപ്പോൾ പറ്റില്ലെന്നാണ് ഫുട്ബോൾ തെളിയിക്കുന്നത്. മെസിയുടെ തോൽവിയെ ഇങ്ങനെയും കാണാം. മെസി വളരെക്കാലമായി ക്ലബിൽ കളിച്ചുവരികയാണ്.

ഒരുവർഷം അറുപതു മുതൽ എൺപതുവരെയുള്ള കളികളിൽ മെസി ഉൾപ്പെട്ട ടീമിനു വ്യക്‌തമായ കോമ്പിനേഷനുണ്ട്. എന്നാൽ ലോകകപ്പ്, കോപ്പ അമേരിക്ക കപ്പ് തുടങ്ങിയവ വരുമ്പോൾ ഈ ഘടനയും ശൈലിയും മാറുന്നു. വിവിധ ദേശങ്ങളിൽ, വിവിധ ക്ലബ്ബുകളിൽ വ്യത്യസ്ത ശൈലികളിൽ കളിക്കുന്ന ഒരു സംഘം കളിക്കാരെ തെരഞ്ഞെടുത്ത് ഏകീകൃതമായൊരു ശൈലിയും വിന്യാസവും രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഇതിനെല്ലാം പുറമേ ദേശീയ വികാരവും സ്വന്തം നാടിന്റെ വലിയ പ്രതീക്ഷകളും കളിക്കാരനിൽ ഉണ്ടാകും. ഈ ഘട്ടത്തിൽ അമിതമായ സമ്മർദമാണ് കളിക്കാരനിൽ വന്നുചേരുന്നത്. താൻ കളിച്ചുവളർന്ന ശൈലിയിൽ ചിലപ്പോൾ ദേശീയ ടീമിൽ പിന്തുണ ലഭിച്ചുവെന്നു വരില്ല. ദേശീയത, സമ്മർദം അതിജീവിക്കാനുള്ള കഴിവ്, പരിക്ക്, കാലാവസ്‌ഥ, അന്തരീക്ഷ മർദം, കാണികൾ, കളിസ്‌ഥലങ്ങളുടെ കിടപ്പ് എന്നിങ്ങനെ പല ഘടകങ്ങളും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. ശാരീരിക ക്ഷമത നിലനിലർത്തുകയെന്നതും പരമപ്രധാനമായ മറ്റൊരു വെല്ലുവിളിയാണ്. ഇതെല്ലാം എത്രത്തോളമായിരുന്നുവെന്നു ഈ തോൽവിയിൽ പരിശോധിക്കപ്പെടണം. മെസി മികച്ച കളിക്കാരനാണെന്നതിൽ സംശയമില്ല. തുടർ തോൽവികളിൽ മനംനൊന്താണ് ദേശീയടീമിൽ നിന്നു വിരമിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

കഴിഞ്ഞ ദിവസമാണ് അദ്ദേഹം 29–ാം ജൻമദിനം ആഘോഷിച്ചത്. ഇപ്പോഴത്തെ പ്രായം വച്ചു നോക്കുമ്പോൾ കളി അവസാനിപ്പിക്കാൻ നേരമായിട്ടില്ല മെസിക്ക്. എന്നാൽ ഇതിനൊരു മറുവശമുണ്ട്. ലോകകപ്പ്, അല്ലെങ്കിൽ കോപ്പ അമേരിക്ക പോലുള്ള മേജർ കിരീടങ്ങൾ ഉയർത്തുമ്പോഴേ ഒരു കളിക്കാരനു പൂർണത വരികയുള്ളൂവെന്നാണ് മെസി നൽകുന്ന പാഠം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.