മിസ് യു മെസി
മിസ് യു മെസി
Monday, June 27, 2016 11:48 AM IST
“ഇത് ബുദ്ധിമുട്ടേറിയ തീരുമാനമാണ്. വിലയിരുത്തലിനുള്ള സമയവുമല്ലിത്. ആലോചിച്ചപ്പോൾ ദേശീയ ടീമിനൊപ്പമുള്ള കളിജീവിതം അവസാനിപ്പിക്കാൻ ഉചിതമായ സമയം ഇതാണെന്നു തോന്നി. ഒരിക്കൽക്കൂടി വേദനാജനകമായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഞാൻ നഷ്‌ടമാക്കിയ പെനാൽറ്റി നിർണായകമായി. അർജന്റീനയ്ക്കൊപ്പം ചാമ്പ്യനാകാൻ ആവുന്നരീതിയിലെല്ലാം പരിശ്രമിച്ചു പക്ഷേ, അതു സംഭവിച്ചില്ല. എനിക്കതിന് കഴിഞ്ഞില്ല.’’’–ലയണൽ മെസി

<ആ>മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിച്ചു

ന്യൂജേഴ്സി: അർജന്റീനയുടെ കുപ്പായത്തിൽ ഇനിയിറങ്ങാൻ കാൽപ്പന്തുകളിയുടെ രാജകുമാരൻ ഉണ്ടാവില്ല. ശതാബ്ദി കോപ്പ അമേരിക്ക ഫൈനലിൽ ഷൂട്ടൗട്ടിൽ നഷ്‌ടപ്പെടുത്തിയ പെനാൽറ്റി ഒരു കടുത്ത തീരുമാനത്തിലാണ് ലയണൽ മെസിയെ കൊണ്ടെത്തിച്ചത്. ലോകമെമ്പാടുമുള്ള ആരാധകരേയും ടീമംഗങ്ങളേയും നിരാശയിലേക്കു തള്ളിയിട്ടാണ് മെസി അന്താരാഷ്്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2005ൽ ദേശീയ ടീമിൽ അരങ്ങേറിയ മെസി അവിടുന്നിങ്ങോട്ട് ടീമിന്റെ എല്ലാമെല്ലാമായിരുന്നു. ഇക്കാലയളവിൽ 113 മത്സരങ്ങളിൽ അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മെസി ടീമിനായി 55 ഗോളുകൾ നേടി അർജന്റീനയുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനുമായി. ഒമ്പതു വർഷത്തിനിടെ മെസിയും അർജന്റീനയും തോൽക്കുന്ന നാലാമത്തെ ഫൈനലായിരുന്നു ഇത്. രണ്ടു വർഷത്തിനിടെ മൂന്നാമത്തെയും. 2008ലെ ഒളിമ്പിക്സിൽ സ്വർണം മാത്രമാണ് എടുത്തുപറയത്തക്ക നേട്ടം””ഇത് ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു, എന്നാൽ എനിക്കിതു കിട്ടിയില്ല, ഞാൻ വിചാരിക്കുന്നു ഇത് അവസാനിച്ചുവെന്ന””. ഡ്രസിംഗ് റൂമിലേക്കു കയറിപ്പോകും മുമ്പ് മാധ്യമപ്രവർത്തകനോട് മെസി പറഞ്ഞത് ഇപ്രകാരമായിരുന്നു.

മെസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ മറ്റു താരങ്ങളും വിരമിക്കാനൊരുങ്ങുന്നതായി ഒരു അർജന്റീനിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. സെർജിയോ അഗ്വേറോ, ഹാവിയർ മസ്കരാനോ, ഗോൺസാലോ ഹിഗ്വെയ്ൻ എന്നിവരാണ് മെസിയുടെ പിന്നാലെ വിരമിക്കാനൊരുങ്ങുന്നത്. ഏഞ്ചൽ ഡി മരിയ, ലൂക്കാസ് ബിഗ്ലിയ, എസക്വിയേൽ ലാവേസി,എവർ ബനേഗ എന്നിവരും വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

തുടർച്ചയായ മൂന്നു ഫൈനലുകളിലും അവസരങ്ങൾ നഷ്‌ടപ്പെടുത്തിയ ഹിഗ്വെയിനു നേരെയാണ് വിമർശനങ്ങൾ ഏറെയും. 2014 ലോകകപ്പ് ഫൈനലിൽ സുവർണാവസരം നഷ്‌ടപ്പെടുത്തിയ ഹിഗ്വെയ്ൻ കഴിഞ്ഞ കോപ്പയിൽ ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്‌ടപ്പെടുത്തിയാണ് വില്ലനായത്. ഇത്തവണയും അനായാസ അവസരം നഷ്‌ടപ്പെടുത്തി കപ്പ് ചിലിയ്ക്ക് അടിയറവു വച്ചു. നാപ്പോളി സ്ട്രൈക്കർക്കെതിരേ സോഷ്യൽ മീഡിയയിലും ശക്‌തമായ പ്രതിഷേധമാണ്.

സ്‌ഥിരമായി ഫൈനലിൽ തോൽക്കുന്ന അർജന്റൈൻ ടീമിനെ ദുരന്തം എന്നാണ് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞാഴ്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശേഷിപ്പിച്ചത് മെസിയെ ഇതു ചൊടിപ്പിച്ചിരുന്നു.എന്നാൽ ഫൈനൽ ജയിച്ച് ഇതിനു മറുപടി പറയാമെന്ന മോഹം പൊലിഞ്ഞതോടെ വിശേഷണം ശരിവയ്ക്കുന്നതു പോലെയായി അത്.

ഇപ്പോൾ 29 വയസുള്ള മെസി ഇനിയൊരിക്കൽ ദേശീയടീമിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ മെസിക്ക് മുമ്പിലുള്ളത് രണ്ടു ഫൈനലുകളാണ്. 2018ലെ റഷ്യൻ വേൾഡ് കപ്പും 2019ൽ ബ്രസീലിൽ നടക്കുന്ന കോപ്പാ അമേരിക്കയും. 2018 ലോകകപ്പ് ഫൈനൽ നടക്കുന്നത് ലുഷ്നിക്കി സ്റ്റേഡിയത്തിലും 2019 കോപ്പയുടെ കലാശപ്പോരാട്ടം ഒരിക്കൽ കണ്ണീർ വീണ മാറക്കാനയിലുമാണ്. ഇനിയൊരിക്കൽ കൂടി വെള്ളയിൽ നീലവരയുള്ള ജേഴ്സിയിൽ മെസിയിറങ്ങുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.


മെസിയുടെ പിന്നാലെ മിഡ്ഫീൽഡർ ഹാവിയർ മസ്കരാനോയും സ്ട്രൈക്കർ സെർജിയോ അഗ്വേറോയും വിരമിക്കാനൊരുങ്ങുകയാണ്. തന്നേപ്പോലെ ടീമിലുള്ള പലതാരങ്ങളും വിരമിക്കാൻ ആലോചിക്കുന്നതായും അഗ്വേറോ പറഞ്ഞു. വിരമിക്കലിനെപ്പറ്റി ചിന്തിക്കേണ്ട സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലെന്നും എന്നാൽ ഇപ്പോൾ അങ്ങനെയൊരു സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും അഗ്വേറോ പറഞ്ഞു. ബാഴ്സലോണയ്ക്കൊപ്പം ക്ലബ് ലവലിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മെസി അർജന്റീനയ്ക്കൊപ്പം അണ്ടർ–20 ലോകകപ്പും 2008 ഒളിമ്പിക്സിൽ സ്വർണവും നേടി.

മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ ചിലിയുടെ അർജന്റൈൻ കോച്ച്് അന്റോണിയോ പിസിയും മെസിയെ പ്രശംസിച്ചു.മെസിയെ മറഡോണയുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ലയെന്നും പിസി കൂട്ടിച്ചേർത്തു.

അഞ്ചു തവണ ലോക ഫുട്ബോളർ, നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, എട്ടു സ്പാനിഷ് ലീഗ് കീരിടങ്ങൾ എന്നിവ ബാഴ്സയ്ക്കൊപ്പം നേടി. എന്നാൽ, രാജ്യത്തിനായി കളിച്ച മൂന്നു കോപ്പ അമേരിക്ക ഫൈനലുകളിലും (2007,2015,2016)2014ലോകകപ്പ് ഫൈനലിലും മെസിയെ കാത്തിരുന്നത് പരാജയമായിരുന്നു.

<ആ>മെസി അന്താരാഷ്ട്ര ഫുട്ബോളിൽ

=2005 ഓഗസ്റ്റ് 17, 18ാം വയസിൽ മെസി അർജന്റീനയുടെ കുപ്പായത്തിൽ ഹംഗറിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഇറങ്ങി. 63–ാം മിനിറ്റിൽ പകരക്കാരനായാണ് മെസി കളത്തിലെത്തിയത്. എന്നാൽ, ഒരു മിനിറ്റ് പൂർത്തിയാകും മുമ്പ് ഷർട്ടിൽ പിടിച്ചു വലിച്ചിട്ട ഹംഗറി പ്രതിരോധക്കാരനെ കൈമുട്ടിന് ഇടിച്ചു വീഴ്ത്തിയതിനു ചുവപ്പ് കാർഡ്.

=2006 മാർച്ച് 1, ആദ്യ അന്താരാഷ്്ട്ര ഗോൾ ക്രൊയേഷ്യക്കെതിരേ

=2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ മെസിയുടെ നേതൃത്വത്തിലുള്ള ടീമിനു സ്വർണം.

=ഡിയേഗോ മാറഡോണ പരിശീലിപ്പിച്ച 2010ലെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ജർമനിയോട് 4–0ന് തോറ്റു പുറത്ത്. ടൂർണമെന്റിൽ മെസിയുടെ പ്രകടനം തീർത്തും മോശമായിരുന്നു, ഗോളും നേടാനായില്ല.

=2013ന്റെ തുടക്കത്തിൽ മെസിയുടെ ആദ്യ അന്താരാഷ്്ട്ര ഹാട്രിക് ഗോൾ. സ്വിറ്റ്സർലൻഡിനെ 3–1ന് തോൽപ്പിച്ച മത്സരത്തിൽ മൂന്നു ഗോളും മെസി വക. ജൂണിൽ വീണ്ടും ഹാട്രിക് ബ്രസീലിനെ 4–3 ന് തോൽപ്പിച്ചപ്പോൾ മൂന്നു ഗോൾ നേടാൻ മെസിക്കായി.

=ആ വർഷം തന്നെ ഗ്വാട്ടിമലയ്ക്കെതിരെ ഹാട്രിക് നേടി മെസി മാറഡോണയുടെ അന്താരാഷ്്ട്ര ഗോൾ എണ്ണം മറികടന്നു.

=2014 ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും ജർമനിയുടെ മുന്നിൽ കീഴടങ്ങി.

=2015 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോടുതോറ്റു.

2016 കോപ്പ അമേരിക്ക സെന്റിനാരിയോയിൽ മികച്ച ഫോമിലായിരുന്നു. ഗോളും ഗോളവസരങ്ങളും ഉണ്ടാക്കാൻ മെസിക്കായി. എന്നാൽ, ഫൈനലിൽ ചിലിയോടു പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. ഒരു പെനാൽറ്റി മെസി നഷ്‌ടമാക്കുകയും ചെയ്തു.

<ആ>ലയണൽ മെസി

ജനനം 1987 ജൂൺ 24, റൊസാരിയോ

അരങ്ങേറ്റം ഓഗസ്റ്റ് 17, 2005

മത്സരങ്ങൾ 113

ഗോൾ 55

അർജന്റീനയ്ക്കായി ഏറ്റവുമധികം

ഗോളുകൾ

ബാഴ്സലോണയ്ക്കായി 348

മത്സരങ്ങളിൽനിന്ന്

312 ഗോളുകൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.