മെസി തിരിച്ചുവരും?
മെസി തിരിച്ചുവരും?
Tuesday, June 28, 2016 11:23 AM IST
ബുവേനോസ് ആരിസ്: നീലയും വെള്ളയും കലർന്ന കുപ്പായത്തിൽ ലയണൽ മെസിയെ ഇനിയും കാണാനായേക്കുമെന്നു തോന്നിപ്പിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്നു.

അർജന്റീനയുടെ കുപ്പായത്തിൽ ഇനിയും ലയണൽ മെസിയെ വേണമെന്ന് ഇതിഹാസതാരം ഡിയേഗോ മാറഡോണ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി അർജന്റൈൻ ഫുട്ബോൾ ഫെഡറേഷനും മെസിയെ സമീപിച്ചു. ഇനിയും മെസിയെ അർജന്റൈൻ നിരയിൽ കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് മാറഡോണ പറഞ്ഞു. മെസി അന്താരാഷ്്ട്ര ഫുട്ബോളിൽനിന്നു വിരമിക്കരുതെന്നും അർജന്റൈൻ ദേശീയ ടീമിനൊപ്പം മെസി തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മെസി തീരുമാനം പുനഃപരിശോധിക്കണമെന്നും 2018ലെ റഷ്യൻ ലോകകപ്പ് വരെയെങ്കിലും കളിക്കണമെന്നും മാറഡോണ പറഞ്ഞു.

മികച്ച ഫോമിലുള്ള മെസി ലോകചാമ്പ്യനാകാൻ റഷ്യയിലേക്ക് പോകണം. ടീമിനെ മുന്നേറാൻ സഹായിക്കുന്ന യുവാക്കളെ കൂടുതലായി ആശ്രയിക്കണം. മെസി വിരമിക്കണമെന്ന് പറയുന്നവർ അർജന്റൈൻ ഫുട്ബോളിനു വരാനിരിക്കുന്ന ദുരന്തമെന്തെന്ന് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അർജന്റൈൻ ഫുട്ബോളിന്റെ അവസ്‌ഥയിൽ താൻ ദുഃഖിതനും അതോടൊപ്പം ദേഷ്യത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ താഴെ പോയെന്നും മാറഡോണ പറഞ്ഞു. അർജന്റീന ഫുട്ബോൾ അസോസിയേഷനെയും മാറഡോണ വിമർശിച്ചു.

കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോടേറ്റ തോൽവിക്ക് പിന്നാലെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ഫൈനലിൽ മെസി പെനാൽറ്റി കിക്ക് പാഴാക്കിയിരുന്നു.

താൻ നഷ്‌ടമാക്കിയ പെനാൽറ്റി നിർണായകമായി. അർജന്റീനയ്ക്കൊപ്പം ചാമ്പ്യനാകാൻ ആവുന്നരീതിയിലെല്ലാം പരിശ്രമിച്ചു പക്ഷേ, അതു സംഭവിച്ചില്ല. ആലോചിച്ചപ്പോൾ ദേശീയ ടീമിനൊപ്പമുള്ള കളിജീവിതം അവസാനിപ്പിക്കാൻ ഉചിതമായ സമയം ഇതാണെന്നു തോന്നിയെന്നും മെസി പറഞ്ഞിരുന്നു. അതിനിടെ, ശതാബ്ദി കോപ്പയിലെ ഞെട്ടിക്കുന്ന തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു വിരമിച്ച സൂപ്പർ താരം ലയണൽ മെസി തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. അർജന്റൈൻ പ്രസിഡന്റ് മൗറിസ്യോ മക്രി ഈ ആവശ്യമുന്നയിച്ച് മെസിയുമായി സംസാരിച്ചു.


ടെലിഫോണിൽ മെസിയുമായി സംസാരിച്ച മക്രി മെസിയോട് ദേശീയ ടീമിനൊപ്പം ഇനിയുമുണ്ടാവണമെന്നും വിരമിക്കൽ തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യമൊന്നടങ്കം മെസിയെ ഓർത്ത് അഭിമാനംകൊള്ളുന്നുവെന്നു പറഞ്ഞ മക്രി വിമർശകരുടെ നാവടപ്പിക്കാൻ ഇനിയും മെസി കളിക്കളത്തിലുണ്ടായേ മതിയാകൂ എന്നും ചൂണ്ടിക്കാട്ടി.

ലോകത്തെ വിവിധ ഫുട്ബോൾ പണ്ഡിതരും താരങ്ങളും ആരാധകരും മെസി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. ഫുട്ബോൾ രാജാവ് പെലെയും ഈ ആവശ്യം ഉന്നയിച്ചു. എന്നാൽ, തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

<ആ>പരസ്യക്കാരുടെ സമ്മർദം

മെസി തിരിച്ചുവരുമെന്നു പറയുന്നതിന് പ്രേരകമാകുന്ന മറ്റൊരു ഘടകം അർജന്റൈൻ ടീമുമായി അഡിഡാസിനുള്ള കരാറാണ്. 2022 വരെ അർജന്റൈൻ ടീമിന്റെ ഒഫീഷ്യൽ സ്പോൺസർ അഡിഡാസാണ്. കൂടാതെ ഒരു കോടി ഡോളറിന്റെ പ്രത്യേക കരാർ മെസിയുമായും അഡിഡാസിനുണ്ട്. അതുകൊണ്ടുതന്നെ അഡിഡാസിന്റെ കടുത്ത സമ്മർദം മെസിക്കുമേലുണ്ട്.

എന്നാൽ, കരാർ ദേശീയ ടീമുമായിട്ടായതിനാൽ മെസി കളിയിൽ തുടരണമെന്ന് നിയമപരമായി വാദിക്കാൻ അഡിഡാസിനാവില്ല. അതിനിടെ, മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചെങ്കിലും അദ്ദേഹവുമായുള്ള വാണിജ്യ കരാർ തുടരുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ ആഗോള അംബാസഡറാണ് മെസി.

വിരമിക്കൽ തീരുമാനം കരാറിനെ ബാധിക്കില്ലെന്ന് ടാറ്റ വക്‌താവ് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് മെസി ടാറ്റയുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.