ഗുർപ്രീതിനു ചരിത്രനേട്ടം
ഗുർപ്രീതിനു ചരിത്രനേട്ടം
Friday, July 1, 2016 12:40 PM IST
ലണ്ടൻ: യൂറോപ്യൻ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഫുട്ബോളറെന്ന നേട്ടം ഇനി ഗോൾകീപ്പറായ ഗുർപ്രീതിന് സ്വന്തം. ഐ.എം. വിജയനോ ബൈചുംഗ് ബൂട്ടിയയ്ക്കോ സുനിൽ ഛേത്രിക്കോ ലഭിക്കാത്ത ഭാഗ്യമാണ് ഗുർപ്രീത് സിംഗ് സന്ധുവെന്ന പഞ്ചാബുകാരനെ തേടിയെത്തിയിരിക്കുന്നത്. നോർവീജിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ് സ്റ്റാബെക്കിനുവേണ്ടിയായിരുന്നു ഈ 23കാരന്റെ അരങ്ങേറ്റം. ടീമിനു വേണ്ടി മുഴുവൻ സമയവും അദ്ദേഹം ഗോൾവല കാത്തു. ഉറച്ച ഗോൾ എന്നുറപ്പിച്ച ഒരു ഷോട്ട് തടഞ്ഞിട്ട് അദ്ദേഹം തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തു. ഗുർപ്രീതിന്റെ ആദ്യ മത്സരത്തിൽ ടീം 6–0 നാണ് ജയിച്ചുകയറിയത്. ആദ്യമത്സരത്തിൽ ഗോൾ വഴങ്ങാതിരുന്നതിന് അമേരിക്കയുടെ ദേശീയ ടീം കോച്ചും ക്ലബിന്റെ മാനേജരുമായ ബോബ് ബ്രാഡ്ലിയടക്കം നിരവധിപേർ അദ്ദേഹത്തിന് അഭിനന്ദനവുമായെത്തി.

പഞ്ചാബിലെ മൊഹാലി സ്വദേശിയാണ് ഗുർപ്രീത.് 2015 ഓഗസ്റ്റ് മാസത്തിലാണ് അദ്ദേഹം സ്റ്റാബെക്കിലെത്തുന്നത്. ഐവറികോസ്റ്റിന്റെ സയുബാ മൻഡെയായിരുന്നു ടീമിന്റെ ഒന്നാം നമ്പർ ഗോളി. ഏഴുമാസം അദ്ദേഹത്തിനു സൈഡ് ബെഞ്ചിലിരുന്നു കളികാണാനായിരുന്നു വിധി. കാത്തിരിപ്പിനു ബുധനാഴ്ചയാണു പരിസമാപ്തിയായത്. യൂറോപ്പ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. 2009ൽ ഈസ്റ്റ് ബംഗാളിലൂടെയാണ് ഗുർപ്രീത് പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറുന്നത്. ഈസ്റ്റ് ബംഗാളിനു വേണ്ടി അദ്ദേഹം 27 മത്സരങ്ങളിൽ വല കാത്തു. ഇടയ്ക്കു പൈലൻ ആരോസിനായും കളിച്ചു. ക്ലബ് ഫുട്ബോളിൽ അരങ്ങേറി രണ്ടുവർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം ഇന്ത്യൻ കുപ്പായമണിയുന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് സലീമാണ് യൂറോപ്യൻ ക്ളബ്ബുമായി കരാറിലെത്തിയ ആദ്യ താരം. സ്കോട്ടിഷ് ക്ളബ് സെൽറ്റിക്കിനായി 1936ലായിരുന്നു ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.