പറങ്കികളുടെ ഷൂട്ടൗട്ട് പോളിഷ്; പോർച്ചുഗൽ സെമിയിൽ
പറങ്കികളുടെ ഷൂട്ടൗട്ട് പോളിഷ്; പോർച്ചുഗൽ സെമിയിൽ
Friday, July 1, 2016 12:40 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

പാരീസ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്നം പൂവണിയുമോ? യൂറോ കപ്പിലെ ആദ്യത്തെ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ (5–3) പറങ്കികൾ പോളണ്ടിനെ പൊളിച്ചടുക്കി. ഇതോടെ റൊണാൾഡോയുടെ കിരീടസ്വപ്നത്തിലേക്ക് രണ്ടു മത്സരങ്ങളുടെ ദൂരം മാത്രം. ഇതു നാലാം തവണയാണ് പോർച്ചുഗൽ യൂറോ കപ്പ് സെമിയിലെത്തുന്നത്. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയ്ക്കു സംഭവിച്ചത് യൂറോ കപ്പ് ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സംഭവിച്ചില്ല എന്നതും ഫുട്ബോൾ ആരാധകരെ ഏറെ ആശ്വസിപ്പിക്കും.

റെഗുലർ ടൈമിലെ 1–1 എന്ന സമനില എക്സ്ട്രാ ടൈമിലും തുടർന്നപ്പോൾ പെനാൽറ്റി ഷൂട്ടൗട്ട് അനിവാര്യമായി. പെനാൽറ്റി ഷൂട്ടൗട്ടിൽ ടോസ് നേടിയ പോർച്ചുഗൽ റൊണാൾഡോയിലൂടെ ആദ്യത്തെ ഗോളും നേടി കരുത്താർജിച്ചത് ടീം അംഗങ്ങൾക്ക് തുണയായി. തുടർന്ന് റെനാറ്റോ സാഞ്ചെസ്, ജോ മൗട്ടിനോ, നാനി എന്നിവർ കൃത്യമായി പന്ത് വലയിലെത്തിച്ചതിന്റെ പിന്നാലെ പോർച്ചുഗലിന്റെ നിർണായകമായ അവസാന കിക്കെടുത്തത് റിക്കാർഡോ ക്വറെസ്മയായിരുന്നു. ജോ മറിയോക്ക് പകരം കളത്തിലിറങ്ങിയ ക്വാറെസ്മയാവട്ടെ വളരെ ഈസിയായി പന്ത് വലയിലെത്തിച്ച് പറങ്കികളുടെ പ്രതീക്ഷ കാക്കുകയും ചെയ്തു.എന്നാൽ, പോളണ്ടിന്റെ ഭാഗത്തു നിന്ന് ലെവൻഡോവ്സികയും മിലിക്കും ഗ്ളിക്കും പോർച്ചുഗൽ വല ചലിപ്പിച്ചതിന്റെ പിറകെ നാലാമതായി കിക്കെടുത്ത യാക്കൂബ് ബ്ലാസ്യോവ്സ്കിയുടെ കിക്ക് പോർച്ചുഗീസ് ഗോളി റൂയി പാട്രിക്കോയുടെ നെഞ്ചിൽ സുരക്ഷിതമായി ഒതുങ്ങിയത് പോളണ്ട് സ്വപ്നങ്ങളെ തച്ചുടച്ചു. നെറ്റിന്റെ ഇടതു ഭാഗത്തേക്ക് പായിച്ച കിക്ക് പാട്രിക്കോ ഡൈവ് ചെയ്ത് നെഞ്ചിൽ പുണർന്ന് കൈകൾക്കുള്ളിൽ സുരക്ഷിതമാക്കിയപ്പോഴേക്കും പോർച്ചുഗൽ ആരാധകരുടെ ആർപ്പുവിളി ആകാശത്തിനുംമേലെ ഉയർന്നിരുന്നു.

പാരീസിലെ മാഴ്സെ സ്റ്റേഡിയത്തിൽ ആദ്യവിസിൽ മുഴങ്ങിയതിന്റെ “പിന്നാലെ” “ലെവൻ” പുലിയാണെന്നു തെളിയിക്കുന്ന പ്രകടനം കാഴ്ചവെച്ച ലെവൻഡോവ്സ്കി നൂറാം സെക്കൻഡിൽ ഗോളടിച്ച് പോർച്ചുഗീസ് പ്രതീക്ഷകൾ തുടക്കത്തിലേ വാട്ടിക്കളഞ്ഞിരുന്നു. ടൂർണമെന്റിലെ ലെവൻഡോവ്സ്കിയുടെ ആദ്യത്തെ ഗോളുമാണ് ഇത്. യൂറോ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളായിരുന്നു ഇത്. പിസെക്കിൽ നിന്നും ലഭിച്ച ബോൾ ഗ്രോസിക്കി സ്വീകരിച്ച് ക്രോസാക്കി കൊടുത്താണ് ലെവൻഡോസ്കി ഗോളാക്കി മാറ്റിയത്. (2004 റഷ്യയും ഗ്രീസും തമ്മിലുള്ള മൽസരത്തിൽ റഷ്യയുടെ ദിമിത്രി കിറിഷെങ്കോ 68–ാം സെക്കൻഡിൽ നേടിയ ഗോളാണ് ആദ്യത്തേത്). തുടർന്നങ്ങോട്ട് പോളിഷ് പോരാട്ടവീര്യം പറങ്കിപ്പടയെ ഒരു പരിധിവരെ പിടിച്ചു നിർത്തുക തന്നെ ചെയ്തു.എന്നാൽ, മുപ്പത്തിമൂന്നാം മിനിറ്റിൽ പോർച്ചുഗലിന്റെ പതിനെട്ടുകാരനായ പറക്കും കുതിര റെനേറ്റോ സാഞ്ചസ് പോളണ്ടിന്റെ വല ഭേദിച്ചതോടെ പറങ്കികൾ ഉണർന്നെണീറ്റു. നാനിയുടെ മികച്ചൊരു പാസിൽ നിന്നാണ് ആരും മാർക്ക് ചെയ്യാനില്ലായിരുന്ന നേരത്ത് സാഞ്ചസ് ലക്ഷ്യത്തിലെത്തിച്ചത്.


ബോളാധിപത്യത്തിൽ പോളണ്ടായിരുന്നു മുമ്പിലെങ്കിൽ പോർച്ചുഗൽ 21 മുന്നേറ്റങ്ങളാണ് നടത്തിയത്.എന്നാൽ, 14 തവണ മാത്രമാണ് പോളണ്ടിന് മുന്നേറാനായത്. രണ്ടാം പകുതിയിലെ പോർച്ചുഗലിന്റെ പോരാട്ടം പോളണ്ടിനെ വിറപ്പിച്ചെങ്കിലും ഗോളൊന്നും പിറക്കാതെയും പോയി. 16–ാം മിനിറ്റിൽ റൊണാൾഡോ 35 മീറ്റർ അകലെ നിന്നെടുത്ത ഫ്രീ കിക്ക് ലക്ഷ്യം കാണാതെ പോയി. റെഗുലർ ടൈം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ പോർച്ചുഗലിന് ലീഡ് നൽകാൻ കിട്ടിയ സുവർണാവസരം മുതലാക്കാൻ ക്യാപ്റ്റൻ കൂടിയായ റൊണാൾഡോ്ക്കു കഴിഞ്ഞില്ല. പോർച്ചുഗൽ ഗോളി പാട്രിക്കോയുടെ പ്രകടനം ഏറെ മികച്ചു നിന്നു.

മത്സരത്തിന്റെ തുടക്കം പോളണ്ട് ഗംഭീരമാക്കിയെങ്കിൽ അവസാനം പോർച്ചുഗലാണ് ആഘോഷമാക്കിയത്. സാഞ്ചസാണ് ഇത്തവണയും മാൻ ഓഫ് ദി മാച്ച്. കൗമാരത്തിന്റെ സ്വപ്നങ്ങൾ നെഞ്ചിൽ പുകയുന്ന സാഞ്ചസിന്റെ ആദ്യ അന്താരാഷ്്ട്ര ഗോളായിരുന്നു ഇത്. യൂറോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന പ്രത്യേകതയും സാഞ്ചസ് ഈ മത്സരത്തിലൂടെ കരസ്‌ഥമാക്കി.

പ്രീക്വാർട്ടറിൽ ക്രൊയേഷ്യയുമായി പോർച്ചുഗൽ ഏറ്റുമുട്ടിയപ്പോൾ പകരക്കാരനായി മാത്രമാണ് റെനാറ്റൊ സാഞ്ചസിന് അവസരം ലഭിച്ചതെങ്കിൽ ഇത്തവണ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റസിന്റെ മനംമാറ്റത്തിലൂടെ സാഞ്ചസിന് ആദ്യ ഇലവനിൽ സ്‌ഥാനം പിടിക്കാനായി. മുൻനിരയിലെ ഒഴിയാക്കണ്ണിയായി നിലകൊണ്ടത് റൊണാൾഡോയ്ക്കും നാനിയ്ക്കും ഏറെ തുണയാവുകയും ചെയ്തു. ആദ്യപകുതിയിൽ പോളണ്ട് ഏറെ മികച്ച പ്രകടനം നടത്തിയത് ലെവൻഡോവ്സികയുടെ ചിറകിലേറിയായിരുന്നു. പക്ഷേ, കൂടെയുള്ള കപ്പുഷ്കയും മാർഷിൻകിയും ജെഡസേസ്കിയും അവസരത്തിനൊത്ത് ഉയരാതെ പോയത് പോളണ്ടിനു തിരിച്ചടിയായി. ഒടുവിലാകട്ടെ പെനാൽറ്റി നഷ്ടപ്പെടുത്തിയതും പോളണ്ടിനെ ദുരന്തത്തിലെത്തിച്ചു. പോളണ്ടുകാർ നാലു മഞ്ഞക്കാർഡുകണ്ടപ്പോൾ 90ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പോർച്ചുഗൽ താരം കർവാലോ മാത്രമാണ് മഞ്ഞയണിഞ്ഞത്.

എക്സ്ട്രാ ടൈമിലെ കളി നടക്കുമ്പോൾ ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. കാണികൾ മൈതാനം കൈയേറിയതു കാരണം അൽപസമയം കളി തടസപ്പെടുകയും ചെയ്തു. ജമൻകാരനായ ഡോ ഫെലിക്സ് ബ്രിഷായിരുന്നു കളി നിയന്ത്രിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.