അനന്തുവിനു വെങ്കലം:ആഹ്ലാദിച്ചു ഗുരുവായൂർ
അനന്തുവിനു വെങ്കലം:ആഹ്ലാദിച്ചു ഗുരുവായൂർ
Sunday, July 17, 2016 11:10 AM IST
ഗുരുവായൂർ: തുർക്കിയിൽ നടക്കുന്ന ലോക സ്കൂൾ അത്ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ ഹൈജംപിൽ മലയാളി താരം കെ.എസ്. അനന്തുവിന്റെ വെങ്കല മെഡൽ നേട്ടം നാടിനെ ആഹ്ലാദത്തിലാക്കി. തുർക്കിയിലെ ആഭ്യന്തര കലാപത്തെക്കുറിച്ചറിഞ്ഞ് ആശങ്കയിലായിരുന്നു നാട്ടുകാരും വീട്ടുകാരുമെല്ലാം. ഇതിനു വിരാമമായി മെഡൽ വാർത്ത എത്തിയതോടെ എല്ലാവരും ആഹ്ലാദത്തിലായി. ജനപ്രതിനിധികളും പൊതു പ്രവർത്തകരും, സുഹൃത്തുക്കളും, ശ്രീകൃഷ്ണ സ്കൂളിലെ അധ്യാപകരും അനന്തുവിന്റെ വീട്ടിലെത്തി മധുര പലഹാര വിതരണം നടത്തി. പരിശീലകൻ സി.എം. നെൽസനെ ഇന്ത്യൻ ടീം മാനേജരാണ് ആദ്യം മെഡൽ വിവരം വിളിച്ചറിയിച്ചത്. 1.96 മീറ്റർ മറികടന്നാണു വെങ്കലം നേടിയത്. ഏതാനും മാസംമുമ്പു നടന്ന ദേശീയ സ്കൂൾ മീറ്റിൽ 2.08 ചാടി അനന്തു ദേശീയ റിക്കാർഡ് നേടിയിരുന്നു. തുർക്കിയിലെ ഇപ്പോഴത്തെ സാഹചര്യം കാരണമാണു ദേശീയ സ്കൂൾ മീറ്റിലെ നേട്ടം അനന്തുവിനു കൈവരിക്കാൻ കഴിയാതിരുന്നതെന്നു സി.എം. നെൽസൻ പറഞ്ഞു.


ലോക മീറ്റിൽ ഹൈജംപിൽ കേരളത്തിൽ നിന്നുള്ള ഏക വിദ്യാർഥി അനന്തുവാണ്. 2013ലെ സ്കൂൾ കായികമേളയിൽ സ്വർണം നേടിയാണ് അനന്തുവിന്റെ കായിക കുതിപ്പു തുടങ്ങുന്നത്. പിന്നീട് നടന്ന ദേശീയ– സംസ്‌ഥാന മത്സരങ്ങളിൽ ഉയരത്തിലെ താരം അനന്തുവായിരുന്നു. കഷ്‌ടപ്പാടുകൾക്കിടയിലും കഠിന പരിശീലനത്തിലൂടെയാണ് അനന്തു മിന്നും പ്രകടനത്തോടെ തുർക്കിയിൽ താരമായത്. തുർക്കിയിൽ നടന്ന മത്സരത്തിൽ ഡൽഹി സ്വദേശി ഷാനവാസ് ഖാനും അനന്തുവിനൊപ്പം വെങ്കല മെഡൽ പങ്കിട്ടു. ഗുരുവായൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ശശി–നിഷ ദമ്പതികളുടെ മകനാണ് അനന്തു. ഗുരുവായൂരിലെത്തുന്ന അനന്തുവിനു വൻ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണു നാട്ടുകാരും ശ്രീകൃഷ്ണ സ്കൂൾ അധികൃതരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.